മുളകുപൊടി സ്‌പ്രേ അടിച്ച് കൊറിയര്‍ സര്‍വിസ് സ്ഥാപനത്തില്‍നിന്നും ഒരുലക്ഷത്തോളം രൂപ കവര്‍ന്നു

Web Desk
Posted on September 16, 2019, 6:28 pm

കോട്ടയം: പട്ടാപ്പകല്‍ നഗരമധ്യത്തില്‍ രണ്ടംഗസംഘം ജീവനക്കാര്‍ക്കുനേരെ മുളകുപൊടി സ്‌പ്രേഅടിച്ച് കൊറിയര്‍ സര്‍വിസ് സ്ഥാപനത്തില്‍നിന്നും ഒരുലക്ഷത്തോളം രൂപ കവര്‍ന്നു. കോട്ടയം പോസ്റ്റ് ഓഫിസ് റോഡിലെ കിഴക്കേതില്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന എക്‌സ്പ്രസ് ബീസ് കൊറിയര്‍ സര്‍വിസ് ഓഫിസിലാണ് മോഷണം നടന്നത്. ഇന്ന്  ഉച്ചക്ക് 12നാണ് കേസിനാസ്പദമായ സംഭവം.

പോസ്റ്റ് ഓഫിസ്‌ റോഡില്‍നിന്നും സിഎംഎസ് കോളജ് ഭാഗത്തുള്ള ഇടവഴിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലേക്ക് രണ്ടു പേർ എത്തിയതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം. ബാങ്കില്‍ അടക്കാന്‍ പണം ജീവനക്കാര്‍ എണ്ണിതിട്ടപെടുത്തുന്നതിനിടെ ഓഫിസിലെത്തിയ അക്രമിസംഘത്തിലെ ഹെല്‍മെറ്റ് ധരിച്ചയാള്‍ കൈയില്‍ കരുതിയ കുരുമുളക് സ്‌പ്രേ പ്രയോഗിക്കുകയായിരുന്നു. ഈസമയം മുഖംമറച്ചിരുന്നയാള്‍ ജീവനക്കാരന്‍ എണ്ണി തിട്ടപെടുത്തി മേശപ്പുറത്ത് വെച്ചിരുന്ന 91,706 രൂപയുമായി കടന്നുകളയുകയായിരുന്നു. ഓണ്‍ലൈന്‍ വഴിയുള്ള സാധനങ്ങള്‍ കിട്ടുന്നതടക്കമുള്ള ഇടപാട് നടത്തുന്ന സ്ഥാപനത്തില്‍ 10ലക്ഷത്തോളം രൂപയുണ്ടായിരുന്നു. ഓണാവധിയായതിനാല്‍ തുക ബാങ്കില്‍ അടച്ചിരുന്നില്ല. ഓഫിസില്‍ സൂക്ഷിച്ച പണം കെട്ടുകളാക്കി എണ്ണിതിട്ടപെടുത്തി ബാങ്കില്‍ അടക്കാനുള്ള നടപടികള്‍ക്കിടെയായിരുന്നു അപ്രതീക്ഷിത ആക്രമണമുണ്ടായത്.

ബഹളംകേട്ട് സമീപത്തെ സ്ഥാപനങ്ങളില്‍നിന്ന് ആളുകള്‍ എത്തിയതോടെ മോഷ്ടാക്കള്‍ സമീപത്തെ മതില്‍ചാടി രക്ഷടുകയായിരുന്നു. ഇതിനിടെ മോഷ്ടിച്ച സാധനങ്ങളും 70,000ത്തോളം രൂപയും താഴെവീണു. ഇത് തിരികെ കിട്ടിയെങ്കിലും രക്ഷപ്പെട്ട സംഘത്തെ പിടികൂടാനായില്ല. സംഭവസമയത്ത് മാനേജര്‍ പുതുപ്പള്ളി പുതുപ്പറമ്പില്‍ സനീഷ് ബാബു (26), കാഞ്ഞിരം അടിവാക്കല്‍ നികേഷ് (25), നാട്ടകം വടക്കത്ത് വിഷ്ണു (26) എന്നിവര്‍ ഓഫിസിലുണ്ടായിരുന്നു. കുരുമുളക് സ്‌പ്രേ പ്രയോഗത്തില്‍ ഇവര്‍ അസ്വസ്ഥരായി. രാവിലെ ഓഫിസ് തുറന്നതിന് പിന്നാലെ ആക്രമിസംഘം കൊറിയര്‍ സര്‍വിസിലെ നിരീക്ഷണം നടത്തി മടങ്ങിയശേഷം ആസൂത്രിതമായാണ് കവര്‍ച്ചനടത്തിയത്. കൊറിയര്‍ അയക്കാനുണ്ടെന്ന് പറഞ്ഞ് ഓഫിസിലെത്തിയ ഇവര്‍ വിലാസവും ചോദിച്ചാണ് മടങ്ങിയത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഓഫിസിലെയും സമീപത്തെ സ്ഥാപനങ്ങളിലെയും സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികളെ തിരിച്ചറിയഞ്ഞതായാണ് വിവരം. സംഭവത്തിനുപിന്നില്‍ നിരവധി പിടിച്ചുപറി കേസില്‍ പ്രതിയാള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന. കോട്ടയം ഡിവൈഎസ്പി ആര്‍ ശ്രീകുമാര്‍, വെസ്റ്റ് സിഐഎം ജെ അരുണ്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.