Web Desk

നെടുങ്കണ്ടം

March 06, 2020, 8:52 pm

രാത്രിയുടെ മറവിൽ ഏലത്തോട്ടത്തിൽ നിന്ന് ഈട്ടിത്തടി മോഷണം

Janayugom Online
വനം വകുപ്പ് അധികൃതർക്കൊപ്പം പ്രതി

ഏലം കുത്തകപാട്ട ഭൂമിയിൽ നിന്നും രണ്ട് ഈട്ടി മരങ്ങൾ മുറിച്ച കടത്തിയ സംഭവത്തിൽ നെടുങ്കണ്ടം സ്വദേശി അറസ്റ്റിൽ. നെടുങ്കണ്ടം ബ്ലോക്ക് നമ്പർ 264‑ൽ അജാസ് ഷാജി (21)യാണ് അറസ്റ്റിലായത്. ഒരു ലക്ഷം രൂപയോളം വിലമതിക്കുന്ന 60 ഇഞ്ച് വലുപ്പമുള്ള ഈട്ടിത്തടിയാണ് മുറിച്ച് മാറ്റിയത്. തടി കടത്താൻ ഉപയോഗിച്ച വാഹനവും, തടിയുടെ കുറച്ച് ഭാഗങ്ങളും വനം വകുപ്പ് അധികൃതർ കണ്ടെത്തി. തടി കടത്താൻ ഉപയോഗിച്ച വാഹനത്തിന്റെ ഡ്രൈവറാണ് അജാസ്. ആറോളം വരുന്ന പ്രതികൾക്കായി വനം വകുപ്പ് അന്വേഷണം ആരംഭിച്ചു.

നെടുങ്കണ്ടം കൈലാസപ്പാറക്കു സമീപം താമസിക്കുന്ന ചുരുളിമണിയുടെ കുത്തകപ്പാട്ട ഭൂമിയിൽ നിന്നുമാണ് രണ്ട് ഈട്ടി മരങ്ങൾ മുറിച്ച് കടത്തിയത്. കഴിഞ്ഞ ദിവസം വൈകിട്ട് മുറിച്ചിട്ട മരം കഷ്ണങ്ങളാക്കി പുലർച്ചെ 2.30 ഓടെ കടത്താനായിരുന്ന സംഘത്തിന്റെ ശ്രമം. ഏലത്തോട്ടത്തിന് ഉള്ളിലായതിനാലും മഴ പെയ്ത സമയമായതിനാലും പ്രതികൾ മരം മുറിക്കുന്നത് ആളുകൾ അറിഞ്ഞില്ല. കുത്തകപാട്ട ഭൂമിയിൽ നിന്നും ഈട്ടി മരങ്ങൾ മുറിച്ചതായി കല്ലാറിലെ വനംവകുപ്പ് ഓഫീസിലെ ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വനം വകുപ്പ് ഫ്ളയിങ് സ്ക്വാഡ് പുലർച്ചെ നടത്തിയ പരിശോധനയിലാണ് മരങ്ങൾ മുറിച്ചതായി കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മുറിച്ച തടിയുടെ കുറച്ച് ഭാഗങ്ങളും, ഇവ കടത്താൻ ഉപയോഗിച്ച വാഹനവും കണ്ടെത്തുകയായിരുന്നു.

ഒന്നിൽ കൂടുതൽ വാഹനങ്ങൾ തടി കുടത്തുവാൻ ഉപയോഗിച്ചിട്ടുള്ളതായാണ് വനം വകുപ്പിന് ലഭിച്ചിരിക്കുന്ന വിവരം. മരം മുറിച്ച സ്ഥലത്ത് നടത്തിയ പരിശോധനയിൽ ചപ്പ് ചവറുകളിട്ടു മൂടിയ നിലയിൽ ഈട്ടി തടിയുടെ കുറേ ഭാഗങ്ങൾ കൂടി കണ്ടെത്തിയിട്ടുണ്ട്. കുറച്ച് തടി കടത്തിയിരുന്നു. ഇവ കണ്ടെത്തുവാനുള്ള ശ്രമത്തിലാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ഇതിനായി ഹൈറേഞ്ചിന്റെ വിവിധ മേഖലകളിൽ തിരച്ചിൽ ഊർജ്ജിതമാക്കി. വനം വകുപ്പ് ഉദ്യോഗസ്ഥരായ കെ വി രതീഷ്, ഇ വി പ്രസാദ്, പി ആർ സുധീഷ്, വൈ സജീവ്, സജു എസ് ദേവ്, പോൾസൺ ജോർജ്, പി സന്തോഷ് എന്നിവരടങ്ങിയ സംഘമാണു പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.