റോബര്‍ട്ട് ആന്‍ഡ്രൂസ് മില്ലിക്കന്‍

റോബര്‍ട്ട് മില്ലിക്കന്‍ അമേരിക്കയിലെ ഇല്ലിനോയില്‍ 1868 മാര്‍ച്ച് 22നാണ് ജനിച്ചത്. 1923 ലെ ഭൗതിക ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനജേതാവാണ്. 1891ല്‍ ഒബര്‍ലിന്‍ കോളജില്‍ നിന്നും ബിരുദാനന്തര ബിരുദം നേടി. 1895ല്‍ കൊളംബിയ സര്‍വകലാശാലയില്‍ നിന്നും പിഎച്ച്ഡി ബിരുദവും കരസ്ഥമാക്കി. 1896ല്‍ ചിക്കാഗോ യൂണിവേഴ്സിറ്റിയില്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു.
1910-ല്‍ പ്രൊഫസറായി സ്ഥാനക്കയറ്റം ലഭിച്ചു. ഒരൊറ്റ ഇലക്ട്രോണ്‍ വഹിക്കുന്ന വൈദ്യുതി ചാര്‍ജ് നിര്‍ണയിക്കാനുള്ള പരീക്ഷണങ്ങള്‍ അദ്ദേഹം 1909-ല്‍ ആരംഭിച്ചു. 1910ല്‍ വിഖ്യാതമായ ഓയില്‍ ഡ്രോപ് എക്സ്പിരിമെന്റിലൂടെ ഇലക്ട്രോണിന്റെ വൈദ്യുത ചാര്‍ജ് കൃത്യമായി നിര്‍ണയിച്ചു. ഫോട്ടോ ഇലക്ട്രിക് പ്രഭാവത്തെ വിശദീകരിക്കുവാന്‍ ആല്‍ബര്‍ട്ട് ഐന്സ്റ്റൈന് വികസിപ്പിച്ചെടുത്ത സൂത്രവാക്യം 1914-ല്‍ അദ്ദേഹം പരീക്ഷണത്തിലൂടെ സ്ഥിരീകരിച്ചു. ഇലക്ട്രോണിന്റെ വൈദ്യുതചാര്‍ജ് നിര്‍ണയിച്ചതിനും ഫോട്ടോ ഇലക്ട്രിക് എഫക്ടിനെക്കുറിച്ചുള്ള പഠനത്തിനുമാണ് മില്ലിക്കന്‍ നൊബേല്‍ സമ്മാനം ലഭിച്ചത്.
1921ല്‍ ചിക്കാഗോ യൂണിവേഴ്സിറ്റി വിട്ട് കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ ചേര്‍ന്നു. അവിടെ അദ്ദേഹം നോര്മാന് ബ്രിഡ്ജ് ലാബറട്ടറി ഓഫ് ഫിസിക്സിന്റെ ഡയറക്ടറായിരുന്നു. പിന്നീടദ്ദേഹത്തിന്റെ ഗവേഷണ താല്പര്യം കോസ്മിക് കിരണങ്ങളെക്കുറിച്ചുള്ള പഠനത്തിനായിരുന്നു. 1945ല്‍ ഔദേ്യാഗിക ജീവിതത്തില്‍ നിന്നും വിരമിച്ചു. വിവാഹിതനായിരുന്ന അദ്ദേഹത്തിന് മൂന്നാണ്മക്കളുണ്ടായിരുന്നു. 1953 ഡിസംബര്‍ 19ന് മില്ലിക്കന്‍ നിര്യാതനായി.
കഴിഞ്ഞ ലക്കത്തിലെ ചോദ്യത്തിന്റെ ഉത്തരം
1921-ലെ നൊബേല്‍ സമ്മാനം 1922ലാണ് ആല്‍ബര്‍ട്ട് ഐന്സ്റ്റൈന് സ്വീകരിച്ചത്. 1921-ലെ നൊബേല്‍ സമ്മാന കമ്മിറ്റി ഭൗതിക നൊബേല്‍ സമ്മാന കമ്മിറ്റി തീരുമാനമെടുത്തില്ല. നൊബേല്‍ സമ്മാന തീരുമാനം ഒരു വര്‍ഷത്തേക്ക് മാറ്റിവയ്ക്കാം എന്ന് വില്‍പത്രത്തിലുണ്ട്. അതുപയോഗിച്ചാണ് 1921-ലെ നൊബേല്‍ സമ്മാനം 1922ല്‍ പ്രഖ്യാപിച്ചത്.
ഈ ലക്കത്തിലെ ചോദ്യം
ഒരു സ്ഥിരാംഗത്തിന്റെ മൂല്യം നിര്‍ണയിച്ചതും മില്ലിക്കന്റെ സംഭാവനയാണ്. ഏതാണ് ആ സ്ഥിരാംഗം?