28 March 2024, Thursday

റോബര്‍ട്ട് ലെവൻഡോവ്സ്കിയെ വിട്ടുകൊടുക്കാതെ ബയേണ്‍

Janayugom Webdesk
June 22, 2022 9:57 pm

പോളണ്ടിന്റെ സൂപ്പർതാരം റോബർട്ട്‌ ലെവൻഡോവ്സ്കിയെ ക്ലബ്ബിൽ നിലനിർത്താനുള്ള ശ്രമങ്ങൾ തുടര്‍ന്ന് ജർമ്മൻ വമ്പന്മാരായ ബയേൺ മ്യൂണിക്. എന്നാല്‍ ബാഴ്സലോണയിലേക്ക് പോവണമെന്ന തീരുമാനത്തിൽ താരം ഉറച്ചു നിൽക്കുകയാണെന്ന് റിപ്പോർട്ട്. അതേസമയം 2023 വരെ ബയേണുമായി ലെവൻഡോവ്സ്കിക്ക് കരാറുണ്ട്.
ലെവൻഡോവ്സ്കിയുടെ മനസു മാറ്റുന്നതിനായി ബയേൺ സ്പോർട്ടിങ് ഡയറക്ടർ ഹസൻ സാലിഹ മിഡ്‌സിക് താരം അവധിക്കാലം ചെലവഴിക്കുന്ന സ്പെയിനിലെ മായ്യോർക്കയിലെ വീട്ടിൽ പോയി നേരിൽ സംസാരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. എന്നാൽ താരം ഇപ്പോഴും ബാഴ്സലോണയിലേക്ക് പോകണമെന്ന ആഗ്രഹത്തിൽ ഉറച്ചു നിൽക്കുന്നതിനാൽ ചര്‍ച്ചകൊണ്ട് കാര്യമായ ഫലമുണ്ടായില്ലെന്നും സൂചനയുണ്ട്.
ബയേണിലെ തന്റെ സമയം അവസാനിച്ചുവെന്ന് ഒന്നിലധികം തവണ ലെവൻഡോവ്സ്കി അഭിപ്രായപ്രകടനം നടത്തിയിരുന്നു. 253 മത്സരങ്ങളിൽ നിന്നും 238 ഗോളുകൾ നേടിയ താരം ഇതിനോടകം ബയേണിന്റെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായി മാറിയിരുന്നു. ലെവന്‍ഡോവ്സ്കി ടീം വിടാനൊരുങ്ങിയ സാഹചര്യത്തില്‍ ലിവര്‍പൂളില്‍ നിന്നും സാഡിയോ മാനെയെ ബയേണ്‍ സംഘത്തിലെത്തിച്ചിരുന്നു. ഇതോടെ പോളണ്ട് താരത്തിന്റെ കൂടുമാറ്റം എളുപ്പമാകുമെന്ന് വിചാരിച്ചെങ്കിലും ബാഴ്സയുടെ കണക്കുകൂട്ടല്‍ തെറ്റുകയായിരുന്നു. ബാഴ്സയുടെ അഭ്യര്‍ത്ഥനയോട് ബയേണ്‍ ഇതുവരെ പ്രതികരിച്ചിട്ടുപോലുമില്ല.
അതേസമയം ലെവന്‍ഡോവ്സ്കിയുടെയും മറ്റ് താരങ്ങളുടെയും കാര്യത്തില്‍ അനിശ്ചിതത്വം നീളുന്നത് ബാഴ്സയിലും പ്രശ്നങ്ങള്‍ക്കിടയാക്കുന്നുണ്ട്. ക്ലബ്ബ് പ്രസിഡന്റ് യുവാന്‍ ലാപോര്‍ട്ടയ്ക്കെതിരെ മുന്‍ ബോര്‍ഡ് അംഗം ടോണി ഫ്രെക്സിയ രംഗത്തെത്തി. ലെവന്‍ഡോവ്സ്കി, ജൂള്‍സ് കോണ്ടെ, ബെര്‍ണാഡോ സില്‍വ, റാഫിഞ്ഞ എന്നിവരൊന്നും ബാഴ്സയിലെത്താന്‍ പോകുന്നില്ലെന്ന് ഫ്രെക്സിയ ട്വീറ്റ് ചെയ്തു. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബാഴ്സലോണ പുതിയ താരങ്ങളെ എത്തിക്കുന്നതില്‍ ഏറെ ബുദ്ധിമുട്ടുന്നുണ്ട്. അതേസമയം ഒസ്മാനെ ഡെംബലെ അടക്കമുള്ള താരങ്ങള്‍‍ ക്ലബ്ബ് വിടാനുള്ള ഒരുക്കത്തിലുമാണ്.

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.