റൊഹിങ്ക്യനുകൾ മൗലികാവകാശങ്ങൾക്ക് അർഹരല്ലെന്ന് കേന്ദ്രം

Web Desk
Posted on October 04, 2017, 10:31 am

ന്യൂഡൽഹി : റൊഹിങ്ക്യൻ അഭയാർഥികൾ മൗലിക അവകാശങ്ങൾക്ക് അർഹരല്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ. മൗലിക അവകാശം ഇന്ത്യൻ പൗരന്മാർക്ക് മാത്രം അവകാശപെട്ടതല്ലെന്നു സമ്മതിക്കുന്നു. ഇന്ത്യയിലെത്തുന്ന ഏതൊരു വ്യക്തിക്കും ഭരണഘടന അനുശാസിക്കുന്ന മൗലിക അവകാശത്തിന് അർഹതയുണ്ട്. എന്നാൽ റൊഹിങ്ക്യൻ മുസ്ലിങ്ങൾ ഇന്ത്യയിൽ നിയമവിരുദ്ധ അഭയാർഥികളാണ്. അതുകൊണ്ടുതന്നെ മൗലിക അവകാശങ്ങൾക്ക് അവർ അർഹരല്ലെന്ന് കേന്ദ്രസർക്കാർ  കോടതിയിൽ നൽകിയ എതിർ സത്യവാങ്മൂലത്തിൽ ബോധിപ്പിച്ചു.

റൊഹിങ്ക്യൻ അഭയാർഥികളെ ഇന്ത്യയിൽ നിന്ന് തിരിച്ചയക്കരുതെന്ന് അഭ്യർഥിച്ച് സുപ്രീംകോടതിയിൽ സമർപ്പിക്കപ്പെട്ട പൊതുതാത്പര്യ ഹർജിയുമായി ബന്ധപ്പെട്ടാണ് കേന്ദ്ര സർക്കാർ ഈ നിലപാട് സ്വീകരിച്ചത്.
മുഹമ്മദ് സലിം മുള്ള, മുഹമ്മദ് ഷഹീർ എന്നി റൊഹിങ്ക്യൻ അഭയാർഥികളാണ് തങ്ങളെ പുറത്താക്കരുതെന്ന് കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ പൊതുതാത്പര്യ ഹർജി സമർപ്പിച്ചത്. 16000 ത്തോളം റൊഹിങ്ക്യൻ മുസ്ലിം അഭയാർഥികൾ ഇന്ത്യയിലെത്തിയിട്ടുണ്ട്.

വിവിധ അന്തർദേശിയ കരാറുകൾ പറയുന്ന ഉത്തരവാദിത്വങ്ങളെയും കടമകളെയും കുറിച്ച് സർക്കാരിന് ഉത്തമ ബോധ്യമുണ്ട്. എന്നാൽ അന്തർദേശീയ പ്രഖ്യാപനങ്ങളെയും പ്രമേയങ്ങളെയും ഉടമ്പടികളേയും ആസ്പദമാക്കി ഉയർത്തുന്ന വാദങ്ങളും കാഴ്ചപ്പാടുകളും യോഗ്യതാ രഹിതമാണ്‌. പരമാധികാര രാഷ്ട്രമെന്ന നിലയിൽ ഇന്ത്യ അത്തരം കടപ്പാടുകളെ എക്കാലവും മാനിച്ചിട്ടുണ്ട്. അഭയാർഥി സംരക്ഷണവുമായി ബന്ധപ്പെട്ട 1951 ‑ലെ യു എൻ കൺവെൻഷനിലും 1967‑ലെ പ്രോട്ടോക്കോളിലും ഇന്ത്യ ഒപ്പുവച്ചിട്ടില്ല. അതുകൊണ്ടു തന്നെ അത് പാലിക്കേണ്ട ബാധ്യത ഇന്ത്യക്കില്ല- എതിർ സത്യവാങ്‌മൂലത്തിൽ ഇന്ത്യ സമർഥിക്കുന്നു.

അഭയാർഥികളുമായി ബന്ധപ്പെട്ട അന്തർദേശീയ ഉടമ്പടിയെ കുറിച്ചുള്ള രേഖകളും വിവരങ്ങളും ക്രോഡീകരിച്ച് കോടതിയിൽ സമർപ്പിക്കുവാൻ എതിർ കക്ഷിയായ കേന്ദ്ര സർക്കാരിനോടും ഹർജിക്കാരോടും ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയിലുള്ള രണ്ടംഗ ബെഞ്ച് ആവശ്യപ്പെട്ടു. വൈകാരികമായ വാദങ്ങൾക്കു പിറകെ പോകാതെ വസ്തുതകൾ നിരത്താൻ കോടതി ഇരുകൂട്ടരോടും ആവശ്യപ്പെട്ടു. തുടർവാദം കേൾക്കാനായി ഒക്ടോബര് 13 ലേക്ക് കേസ് നീട്ടിവച്ചു.

“മോഡി സർക്കാർ ഇസ്ലാം വിരുദ്ധ മനോരോഗത്തിലാണ്. എല്ലാ മുസ്ലിങ്ങളെയും അവർ കാണുന്നത് ഭീകരവാദികളായാണ്”, സൗത്ത് ഏഷ്യൻ ഹ്യൂമൻ റൈറ്സ് ഡോക്യൂമെന്റഷന് സെന്റർ പ്രതിനിധി രവി നായർ അൽ ജസീറയോട് പറഞ്ഞു. മോഡി സർക്കാർ മൗലിക അവകാശത്തിന്റെ സാരാംശം ഉൾകൊള്ളാൻ തയാറല്ല. ജീവിക്കുവാനുള്ള അവകാശം ഇന്ത്യക്കാർക്കും അതുപോലെ തന്നെ അന്യ ദേശക്കാർക്കും അവകാശപ്പെട്ടതാണെന്ന് ഭരണഘടനയുടെ അനുച്ഛേദം 21 ഉറപ്പുവരുത്തുന്നു. അതുപക്ഷേ റൊഹിങ്ക്യൻ മുസ്ലിം അഭയാർഥികളുടെ കാര്യത്തിൽ പാലിക്കാൻ കേന്ദ്ര സർക്കാർ തയ്യാറല്ല. കാരണം അഭയാർഥികൾ മുസ്ലിങ്ങളായിപ്പോയിയെന്നതാണ്, രവി നായർ കൂട്ടിച്ചേർത്തു.

“ഇത് തീർത്തും മതവിവേചനത്തിന്റെ കേസാണ്. ഇതിലൂടെ മോഡി സർക്കാർ മുസ്ലിം വിരുദ്ധത ഉണർത്തിക്കുവാനുള്ള പരിശ്രമാണ് നടത്തിക്കൊണ്ടിരിക്കുന്നത്”, റോഹിങ്ക്യൻ അഭയാർഥികൾക്ക് വേണ്ടി പൊതുതാത്പര്യ ഹർജിയിൽ സുപ്രീം കോടതിയിൽ ഹാജരാകുന്ന സീനിയർ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ അഭിപ്രായപെട്ടു.

മ്യാൻമറിൽ അരങ്ങേറിക്കൊണ്ടിരിക്കുന്ന മുസ്ലിം വംശഹത്യക്കെതിരെ മോഡി സർക്കാർ ഒരക്ഷരം ഉരിയാടുന്നില്ല. ഇന്ത്യയിലെ തീവ്ര വലതുപക്ഷ വിഭാഗങ്ങൾ റോഹിങ്ക്യൻ അഭയാർഥികളെ അധിക്ഷേപിക്കുകയുമാണ്. ബുദ്ധിസ്ത് ഭൂരിപക്ഷ മ്യാന്മറിൽ റോഹിങ്ക്യൻ മുസ്ലിങ്ങൾക്ക് പൗരത്വം നിഷേധിക്കപെടുകയാണ്.

മ്യാന്മറിന്റെ മണ്ണിൽ നൂറ്റാണ്ടുകളുടെ വംശീയ പാരമ്പര്യം പേറുന്ന റോഹിങ്ക്യനുകൾ നിയമവിരുദ്ധ കുടിയേറ്റക്കാരായാണ് പരിഗണിക്കപ്പെടുന്നത്. മോഡി സർക്കാർ മുസ്ലിം മനോവിഭ്രാന്തിയുടെയും വംശീയ വിദ്വേഷത്തിന്റെയും മൂർത്തിഭാവങ്ങളായി മാറിയിരിക്കുന്നുയെന്ന് ആംനസ്റ്റി ഇന്റർനാഷനൽ ഗവേഷകൻ അർജിത് സെൻ പറഞ്ഞു. ഇന്ത്യയുടെ അയൽ രാഷ്ട്രങ്ങളിൽ നിന്നുള്ള ഹിന്ദു അഭയാർഥികളെ മോഡി സർക്കാർ സ്വീകരിക്കുന്നു. എന്നാൽ മുസ്ലിങ്ങളായ റോഹിങ്ക്യനുകൾക്കു ദേശ സുരക്ഷയുടെ പേരിൽ അഭയം നിഷേധിക്കുന്നു. ഇവിടെ അന്തർദേശീയ നിയമപരമായുള്ള ബാധ്യതകൾ ഇന്ത്യ കാറ്റിൽ പറത്തുകയാണ്. ഇത് ഇന്ത്യയുടെ ഭരണഘടന ഉറപ്പുനൽകിയിട്ടുള്ള മൗലിക അവകാശങ്ങളുടെ ലംഘനം കൂടിയാണ്, അൽ ജസീറ ലേഖനത്തിൽ അർജിത് സെൻ അടിവരയിടുന്നു.

ഇന്ത്യയുടെ സമ്പന്നമായ പാരമ്പര്യത്തിന് വിരുദ്ധമായ സമീപനമാണ് മോഡി സർക്കാർ റോഹിങ്ക്യൻ മുസ്ലിം അഭയാർഥികളോട് സ്വീകരിക്കുന്നത്. ഇതിലൂടെ മോഡി സർക്കാർ സ്വന്തം രാഷ്ട്രീയ അജണ്ടയാണ് നടപ്പിലാക്കുന്നത് — ഇന്ത്യയിലെ നിയമ വിദഗ്‌ധരുടെ അഭിപ്രായങ്ങൾ ഉദ്ധരിച്ചുകൊണ്ട് ജർമൻ മാധ്യമമായ ഡി ഡബ്ലിയു റിപ്പോർട്ട് ചെയ്യുന്നു.