റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ സംരക്ഷിക്കണം: ബിനോയ് വിശ്വം

Web Desk
Posted on October 05, 2017, 9:32 am

റോഹിങ്ക്യന്‍ ഐക്യദാര്‍ഢ്യ മനുഷ്യാവകാശ സമ്മേളനം 

കോഴിക്കോട്: റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ നാടുകടത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം രാജ്യത്തിന്റെ പാരമ്പര്യം മറന്നുകൊണ്ടാണെന്ന് സി പി ഐ ദേശീയ എക്‌സിക്യൂട്ടിവ് അംഗം  ബിനോയ് വിശ്വം. നേരത്തെ ബംഗ്ലാദേശില്‍ നിന്നുള്‍പ്പെടെയുള്ള അഭയാര്‍ത്ഥികളെ സ്വീകരിച്ച പാരമ്പര്യമാണ് രാജ്യത്തിനുള്ളത്.  അഭയാര്‍ത്ഥികള്‍ക്ക് കൊടുക്കേണ്ട എല്ലാ ധാര്‍മ്മിക പിന്തുണയും നല്‍കാനും അവരോടുള്ള ഉത്തരവാദിത്വങ്ങള്‍ പാലിക്കാനും രാജ്യത്തിന് സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിം കോഓഡിനേഷന്‍ കമ്മിറ്റി കോഴിക്കോട്ട് സംഘടിപ്പിച്ച  റോഹിങ്ക്യന്‍ ഐക്യദാര്‍ഢ്യ മനുഷ്യാവകാശ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പീഡനങ്ങള്‍ സഹിക്കാനാവാതെ ജീവനും കൊണ്ട് ഓടിയെത്തിയവരെ ആട്ടിപ്പായിക്കാനുള്ള സമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു.
മനുഷ്യത്വത്തിന് വിലകല്‍പ്പിക്കാതെ റോഹിങ്ക്യന്‍ ജനതയെ ജനിച്ച മണ്ണില്‍ കൊന്നൊടുക്കുന്നതു അവസാനിപ്പിക്കണമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ആവശ്യപ്പെട്ടു. ഏതാനും സ്വാര്‍ത്ഥമതികളുടെ അപക്വവും അപകടകരവുമായ ദുഷ്‌ചെയ്തികളാണ് നീതീകരണമില്ലാത്ത കൊടുംപാതകത്തിന് കാരണമെന്നും അധ്യക്ഷ പ്രസംഗത്തിൽ   അദ്ദേഹം പറഞ്ഞു.
മുസ്‌ലിംലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ട്രഷറര്‍ പി.വി അബ്ദുല്‍വഹാബ് എം.പി, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ഡോ.കെ.എസ് മാധവന്‍, ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി (സമസ്ത), ടി.പി അബ്ദുല്ലക്കോയ മദനി (കെ.എന്‍.എം), ശൈഖ് മുഹമ്മദ് കാരക്കുന്ന് (ജമാഅത്തെ ഇസ്‌ലാമി), പ്രൊഫ.എ.കെ അബ്ദുല്‍ഹമീദ് (എ.പി വിഭാഗം), ഡോ.സാബിര്‍ നവാസ് (വിസ്ഡം), എ നജീബ് മൗലവി (സമസ്താന), അബുല്‍ഖൈര്‍ മൗലവി (തബ്‌ലീഗ്), ഡോ.പി.എ ഫസല്‍ഗഫൂര്‍ (എം.ഇ.എസ്), പി ഉണ്ണീന്‍ (എം.എസ്.എസ്), സിറാജ് ഇബ്രാഹീം സേട്ട്, പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ സംസാരിച്ചു.
കോഓഡിനേഷന്‍ കണ്‍വീനര്‍ കെ.പി.എ മജീദ് സ്വാഗതവും ഡോ.എം.ഐ മജീദ് സ്വലാഹി നന്ദിയും പറഞ്ഞു. സി.വി.എം വാണിമേല്‍ രചിച്ച മരണപ്പാടം എന്ന കവിത ഗായകന്‍ വി.ടി മുരളി ആലപിച്ചു.