Saturday
16 Feb 2019

റൊഹിങ്ക്യ ഗ്രാമങ്ങള്‍ കത്തിയെരിയുന്നു ബംഗ്ലാദേശിലേക്ക് അഭയാര്‍ഥി പ്രവാഹം

By: Web Desk | Saturday 2 September 2017 10:06 PM IST

ഷാപ്പൊരിര്‍ ദ്വീപ് (ബംഗ്ലാദേശ്): ചുട്ടുകൊല്ലപ്പെടുമെന്ന് ഭയന്ന് പതിനായിരക്കണക്കിന് റൊഹിങ്ക്യ അഭയാര്‍ഥികള്‍ കടലും കുന്നും പുഴയും കാടും താണ്ടി, ആത്മരക്ഷാര്‍ഥം ബംഗ്ലാദേശിലേക്ക് പ്രവഹിച്ചുകൊണ്ടിരിക്കുന്നു. നിരവധി പേര്‍ വഴിമധ്യേ മരിച്ചു.
ബുദ്ധകേന്ദ്രമായ മ്യാന്‍മറില്‍ നിന്നും കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഏതാണ്ട് പതിനായിരക്കണക്കിന് റൊഹിങ്ക്യ മുസ്‌ലിങ്ങള്‍ അഭയം തേടി എത്തി. നടന്നും ചിലര്‍ ബോട്ടിലുമാണ് വന്നുകൊണ്ടിരിക്കുന്നത്. മ്യാന്‍മറില്‍ 400 പേരെ പട്ടാളവും ഭീകരരും ചേര്‍ന്ന് വധിച്ചു. റഖീന്‍ സംസ്ഥാനത്ത് റൊഹിങ്ക്യ ഗ്രാമങ്ങള്‍ ചുട്ടെരിക്കപ്പെടുകയാണ്. ‘കലാപം പൊട്ടിപ്പുറപ്പെട്ട ഓഗസ്റ്റ് 25 മുതല്‍ ഏതാണ്ട് 60,000 പേര്‍ ബംഗ്ലാദേശിലെത്തി,’ യു എന്‍ അഭയാര്‍ഥി ഏജന്‍സി വക്താവ് വിവിയന്‍ താന്‍ പറഞ്ഞു. ഇത് ബംഗ്ലാദേശ് അധികൃതര്‍ കണക്കാക്കിയതിലും 20,000 പേര്‍ അധികമാണ്.
മത്സ്യബന്ധന ഗ്രാമമായ ഷാപ്പൊരിര്‍ ദ്വീപിലെ അഭയാര്‍ഥി ക്യാമ്പില്‍ എത്തിയ റൊഹിങ്ക്യര്‍ ആക്രമണം വിവരിക്കുന്നതിങ്ങനെ: ബോംബുകള്‍ പൊട്ടുന്നു, ജീവനോടെ ചുട്ടെരിക്കുന്നു.
‘മ്യാന്‍മര്‍ പട്ടാളവും ഭീകരരും ചേര്‍ന്ന് ഞങ്ങളെ ചുട്ടുകൊല്ലുകയാണ്, കുറേ റൊഹിങ്ക്യകളെ കൊന്ന ശേഷം ഗ്രാമങ്ങള്‍ അവര്‍ തീയിട്ടു. ആത്മരക്ഷാര്‍ഥം ഓടുകയായിരുന്നു,’ കരിം എന്ന അഭയാര്‍ഥി പറഞ്ഞു.
തന്റെ ഓരോ കുടുംബാംഗത്തിനും 12,000 ബംഗ്ലാദേശി രൂപ വീതം നല്‍കിയാണ് കള്ളക്കടത്തു ബോട്ടില്‍ കയറിയത്. അവരില്‍ എട്ട് ദിവസം പ്രായമുള്ള കുഞ്ഞും 105 വയസുള്ള അമ്മൂമ്മയുമുണ്ട്- കരിം അറിയിച്ചു.
വ്യാഴാഴ്ച മ്യാന്‍മര്‍-ബംഗ്ലാദേശ് അതിര്‍ത്തിയിലെ നഫ്‌നദിയില്‍ മുങ്ങിമരിച്ച 20 റൊഹിങ്ക്യ അഭയാര്‍ഥികളുടെ മൃതദേഹം പുറത്തെടുത്തു. ഇതില്‍ 12 കുട്ടികളാണ്. ഏതാണ്ട് 17 ഗ്രാമങ്ങള്‍ തീയിട്ടുവെന്ന് സാറ്റലൈറ്റ് ഇമേജ് വ്യക്തമാക്കുന്നു.
മരണസംഖ്യ കുത്തനെ ഉയര്‍ന്നുകൊണ്ടിരിക്കുന്നു. മ്യാന്‍മറിലെ രക്ഷാദൗത്യങ്ങള്‍ തടസപ്പെട്ടിരിക്കുകയാണെന്നും ഭക്ഷ്യവിതരണം നിര്‍ത്തിവച്ചിരിക്കുന്നുവെന്നും അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. കലാപബാധിത പ്രദേശങ്ങളില്‍ ഭക്ഷണമെത്തിക്കുന്ന വേള്‍ഡ് ഫുഡ് പ്രോഗ്രാം ഉദ്യോഗസ്ഥര്‍ക്ക് മതിയായ രക്ഷാപ്രവര്‍ത്തനങ്ങള്‍ അസാധ്യമാകുകയാണ്. ഇത് മ്യാന്‍മറില്‍ ശേഷിക്കുന്ന രണ്ടര ലക്ഷത്തോളം റൊഹിങ്ക്യരുടെ അവസ്ഥ കൂടുതല്‍ പരിതാപകരമാക്കി.
മുസ്‌ലിം ന്യൂനപക്ഷത്തിനെതിരെ നടക്കുന്ന കൂട്ടക്കൊലയെ തുര്‍ക്കി പ്രസിഡന്റ് തയീപ്പ് എര്‍ഡോഗന്‍ ഈദ് പ്രാര്‍ഥനയ്ക്കിടയില്‍ അപലപിച്ചു. ‘ഇതിന് നേരെ കണ്ണടയ്ക്കുന്നവര്‍ കൂട്ടക്കൊലയ്ക്ക് കൂട്ടുനില്‍ക്കുകയാണ്,’ അദ്ദേഹം പറഞ്ഞു.

Related News