സൂപ്പര്‍ ഹിറ്റ്മാന്‍ തകര്‍ത്തത് 7 റെക്കോര്‍ഡുകള്‍

Web Desk
Posted on November 08, 2019, 6:43 pm

ബംഗ്ലാദേശിനെതിരായ രണ്ടാം ടി20യിലെ മിന്നും പ്രകടനത്തോടെ ഒരുപിടി റെക്കോര്‍ഡുകളാണ് രോഹിത് ശര്‍മ തന്‍റെ പേരിലാക്കിയത്.  രാജ്യാന്തര ക്രിക്കറ്റില്‍ 100 ട്വന്റി20 മത്സരങ്ങള്‍ പൂര്‍ത്തിയാക്കാനും രോഹിതാനായി. പാക്കിസ്ഥാന്റെ ശുഐബ് മാലിക്കാണ് ഇതിന് മുന്നേ  100 മത്സരങ്ങള്‍ പിന്നിടുന്ന മറ്റൊരു താരം. ഇതിന് പുറമെ കഴിഞ്ഞ മത്സരത്തോടെ രോഹിത് തന്‍റെ പേരില്‍ക്കുറിച്ച മറ്റ് റെക്കോര്‍ഡുകള്‍ എന്തല്ലാമാണെന്ന് നമുക്ക് നോക്കാം.

 1.

രാജ്യാന്തര ട്വന്റി20യില്‍ 2500 റണ്‍സ് പിന്നിടുന്ന ആദ്യ താരമായി ഹിറ്റ്മാന്‍ ഇതോടെ മാറി. തന്‍റെ നൂറാം മത്സരത്തിലാണ് രോഹിത് ഈ നാഴികകല്ല് പിന്നിട്ടത്. 43 പന്തില്‍നിന്ന് 85 റണ്‍സെടുത്ത രോഹിത്തിന്റെ പേരില്‍ ഇപ്പോള്‍ 2537 റണ്‍സുണ്ട്. 2450 റണ്‍സുമായി വിരാട് കോലിയാണ് രണ്ടാം സ്ഥാനത്ത്. മാര്‍ട്ടിന്‍ ഗപ്ടിലാണ് മൂന്നാമത്. 2386 റണ്‍സാണ് താരത്തിന്‍റെ സംഭാവന.

2.

ട്വന്‍റി 20യില്‍ ഒരു വ്യത്യസ്ഥമായ സെഞ്ചുറി കൂട്ടുകെട്ടിനും കഴിഞ്ഞ മത്സരത്തിലൂടെ രോഹിതിനായി. ട്വന്റി20 ക്രിക്കറ്റിന്റെ ചരിത്രത്തില്‍ വ്യത്യസ്തമായ 10 സെഞ്ചുറി കൂട്ടുകെട്ടില്‍ പങ്കാളിയാകുന്ന ആദ്യതാരമാണ് രോഹിത്. ധവാനൊപ്പം ഓപ്പണിങ് വിക്കറ്റില്‍ നാലാം സെഞ്ചുറി കൂട്ടുകെട്ട് (118) തീര്‍ത്ത രോഹിത്, കോലിക്കൊപ്പം മൂന്നു തവണയും സെഞ്ചുറി കൂട്ടുകെട്ടില്‍ പങ്കാളിയായി.

3.

രാജ്യാന്തര ട്വന്‍റി 20 യില്‍  ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ 50 കടക്കുന്ന താരമെന്ന വിരാട് കോലിയുടെ റെക്കോര്‍ഡിനൊപ്പവുമെത്തി രോഹിത്. കോലി 22 അര്‍ധസെഞ്ചുറികള്‍ നേടിയപ്പോള്‍, രോഹിത്  18–ാം അര്‍ധസെഞ്ചുറികളും നാലു സെഞ്ചുറിയും നേടിയിട്ടുണ്ട്.

4.

കഴിഞ്ഞ മത്സരത്തോടെ തന്‍റെ പേരിലുണ്ടായിരുന്ന മറ്റൊരു റെക്കോര്‍ഡും രോഹിത് തിരുത്തിക്കുറിയ്ക്കുകയുണ്ടായി. മത്സരത്തിന്‍റെ ആദ്യ പത്ത് ഓവര്‍ അവസാനിക്കുമ്പോള്‍ രോഹിത് തന്‍റെ  പേരില്‍  79 റണ്‍സ് കൂട്ടിച്ചേര്‍ത്തിരുന്നു. ഇതോടെ 10 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമാണ് രോഹിത്. 2017ല്‍ ഇന്‍ഡോറില്‍ ശ്രീലങ്കയ്‌ക്കെതിരെ നേടിയ 73 റണ്‍സിന്റെ സ്വന്തം റെക്കോര്‍ഡാണ് രോഹിത് തിരുത്തിയത്.

5.

ഇതുവരെ 17 മത്സരങ്ങളില്‍ രോഹിത് ഇന്ത്യയെ നയിച്ചിട്ടുണ്ട്. ഇതില്‍ നിന്ന് ആകെനേടിയതാകട്ടെ 37 സിക്‌സുകളും. ഇതോടെ നായകനെന്ന നിലയില്‍ ട്വന്റി20യില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് നേടുന്ന താരവുമായി രോഹിത്. 34 സിക്‌സ് നേടിയ മഹേന്ദ്രസിങ് ധോണിയെയാണ് പിന്നിലാക്കിയത്.

6.

നായകനെന്ന നിലയില്‍ ട്വന്റി20യില്‍ ഏറ്റവും കൂടുതല്‍ അര്‍ധസെഞ്ചുറി നേടുന്ന ഇന്ത്യന്‍ താരവുമായി മാറി രോഹിത്. നായകനായി ആറാം തവണ അര്‍ധസെഞ്ചുറി നേടിയ രോഹിത്, ഇക്കാര്യത്തില്‍ വിരാട് കോലിക്കൊപ്പമെത്തി.  എട്ട് അര്‍ധസെഞ്ചുറി നേടിയ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡുപ്ലേസിയാണ് ഒന്നാമത്. ന്യൂസീലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസന്‍ ഏഴ് അര്‍ധസെഞ്ചുറിയുമായി രണ്ടാമതുണ്ട്.

7.

ട്വന്റി20 ക്രിക്കറ്റില്‍ ചേസ് ചെയ്യമ്പോള്‍ ഇന്ത്യന്‍ നായകന്‍ നേടുന്ന ഉയര്‍ന്ന സ്‌കോറാണ് രോഹിതിന്റെ 85 റണ്‍സ്. 2017ല്‍ കൊളംബോയില്‍ ശ്രീലങ്കയ്ക്കെതിരെ 82 റണ്‍സ് നേടിയ വിരാട് കോലിയെയാണ് ഹിറ്റ്മാന്‍ പിന്നിലാക്കിയത്.