ധോണി പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഇരട്ടസെഞ്ചുറി നേടാൻ കഴിയില്ലായിരുന്നു: രോഹിത്

Web Desk

മുംബൈ

Posted on May 20, 2020, 9:11 pm

ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ തവണ ഡബിൾ സെഞ്ചുറി നേടിയ താരമെന്ന റെക്കോഡ് ഇന്ത്യയുടെ രോഹിത് ശർമയ്ക്കാണ്. സച്ചിനും സേവാഗിനും ശേഷം ഡബിൾ സെഞ്ചുറി ക്ലബിലെത്തിയ ഏക ഇന്ത്യൻ താരവും ഹിറ്റ്മാൻ തന്നെയാണ്. 2013ല്‍ ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഓസ്‌ട്രേലിയക്കെതിരെയായിരുന്നു രോഹിത്തിന്റെ ആദ്യ ഇരട്ട സെഞ്ചുറി. തന്റെ കന്നി ഇരട്ടസെഞ്ചുറിയെക്കുറിച്ച് മനസ് തുറക്കുകയാണ് രോഹിത്. ഇന്‍സ്റ്റഗ്രാം ലൈവില്‍ ആര്‍ അശ്വിനുമായി സംസാരിക്കവെയാണ് രോഹിത് കന്നി ഡബള്‍ സെഞ്ചുറിയെക്കുറിച്ച് ഓര്‍മിച്ചെടുത്തത്. ക്യാപ്റ്റനായിരുന്ന എം എസ് ധോണി പറഞ്ഞതിന് ചെവികൊടുത്തിരുന്നില്ലെന്ന് രോഹിത് വ്യക്തമാക്കി.

”ധോണിയായിരുന്നു ഇരട്ട സെഞ്ചുറി നേടുമ്പോള്‍ എന്റെ കൂടെയുണ്ടായിരുന്നത്. ബുദ്ധിമുട്ടേറിയ ഷോട്ടുകള്‍ കളിക്കരുതെന്നും അവസാനം വരെ ക്രീസില്‍ നില്‍ക്കാനുമായിരുന്നു ധോണിയുടെ നിര്‍ദേശം. എന്നാല്‍ എന്റെ മനസില്‍ മറ്റൊന്നായിരുന്നു. അത് ശരിയാവില്ലെന്ന് ഞാന്‍ ധോണിയോട് പറഞ്ഞു. നല്ല ടൈമിങില്‍ ഷോട്ട് കളിക്കാനും കഴിയുന്നു. അതുകൊണ്ട് താനും വലിയ ഷോട്ട് കളിച്ച് ബൗളറെ സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമിക്കും. തുടര്‍ന്ന് താന്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിച്ച് റണ്‍സ് വാരിക്കൂട്ടുകയായിരുന്നു. സാവിയര്‍ ദൊഹേര്‍ത്തിക്കെതിരേ ഒരോവറില്‍ നാലു സിക്‌സറുകള്‍ നേടിയത് ഇപ്പോഴും ഓര്‍മയുണ്ടെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു. ഇരട്ട സെഞ്ചുറി നേടാന്‍ കഴിയുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു.

കളിയുടെ തുടക്കത്തില്‍ ചെറിയ മഴയുണ്ടായിരുന്നു. കളി കുറച്ചു സമയം നിര്‍ത്തി വയ്ക്കുമ്പോള്‍ ശിഖറായിരുന്നു ഒപ്പം ക്രീസില്‍. കളി പുനരാരംഭിച്ച് വൈകാതെ ശിഖര്‍ പുറത്തായി. വിരാട് റണ്ണൗട്ടാവുകയും ചെയ്തു. ഇതോടെ താന്‍ ഇന്നിങ്‌സിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയായിരുന്നുവെന്ന് രോഹിത് പറയുന്നു. സുരേഷ് റെയ്‌നയോടൊപ്പം മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്താന്‍ തനിക്കു സാധിച്ചു. എന്നാല്‍ ക്യാപ്റ്റന്‍ എംഎസ് ധോണിക്കൊപ്പമുള്ള കൂടുകെട്ടായിരുന്നു കൂടുതല്‍ നിര്‍ണായകമായി മാറിയത്-രോഹിത് പറഞ്ഞുനിർത്തി.

Eng­lish Sum­ma­ry: i could not have scored a dou­ble cen­tu­ry: Rohit

You may also like this video: