Web Desk

ബംഗളൂരു

November 24, 2020, 10:32 pm

ഇന്ത്യയ്ക്ക് തിരിച്ചടി; ഓസിസിനെതിരായ രണ്ടു ടെസ്റ്റുകളില്‍ ഇഷാന്തും രോഹിത്തും കളിക്കില്ല

Janayugom Online

ഓസ്ട്രേലിയക്കെതിരെ അടുത്ത മാസം ആരംഭിക്കാനിരിക്കുന്ന നാല് മത്സര ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ഹിറ്റ്മാന്‍ രോഹിത് ശര്‍മ്മയെ ഉള്‍പ്പെടുത്താന്‍ സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്. രോഹിത്തിനെ കൂടാതെ പേസ്ബോളര്‍ ഇഷാന്ത് ശര്‍മ്മയും മത്സരത്തല്‍ പങ്കെടുക്കുന്ന കാര്യത്തില്‍ വ്യക്തതവന്നിട്ടില്ല. നിലവില്‍ പരിക്കിനെ തുടര്‍ന്ന് ബംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ നിരീക്ഷണത്തിലാണ് ഇരു താരങ്ങളും. ടെസ്റ്റ് പരമ്പരയുടെ സമയമാവുമ്പോഴേക്കും ഇവര്‍ക്ക് ഫിറ്റ്നസ് വീണ്ടെടുക്കാന്‍ കഴിയില്ലെന്നാണ് മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രോഹിത് ശര്‍മയ്ക്ക് പകരം ശ്രേയസ് അയ്യരെ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തിയേക്കും.

ഐപിഎല്ലിനിടെ കാല്‍ മസിലിന് പരിക്കേറ്റതാണ് രോഹിത് ശര്‍മക്ക് തിരിച്ചടിയായത്. ഐപിഎല്ലിലെ ഫൈനലിലടക്കം രോഹിത് കളിക്കുകയും തിളങ്ങുകയും ചെയ്‌തെങ്കിലും പൂര്‍ണ്ണ കായിക ക്ഷമത കൈവരിക്കാന്‍ രോഹിതിന് സാധിച്ചിരുന്നില്ല.അതിനാല്‍ അദ്ദേഹം എന്‍സിഎയുടെ നിരീക്ഷണത്തിലായിരുന്നു.

കഴിഞ്ഞ ദിവസം നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലെ വിദഗ്ദ്ധര്‍ ഇരുവരുടേയും പരിക്കിന്റെ കാര്യത്തില്‍ ചര്‍ച്ച നടത്തിയെന്നും ഇവരുടെ നിലവിലെ സ്ഥിതി അത്ര ആശാവഹമല്ല എന്ന് കണ്ടെത്തിയതായും മുംബൈ മിററിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ഇഷാന്തിനും രോഹിതിനും കളിക്കാനാകില്ലെന്ന് മാനേജ്മെന്റ്, ടീം സെലക്ടര്‍മാര്‍, ബിസിസിഐ എന്നിവരെ എന്‍സിഎ അനൗദ്യോഗികമായി അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. വരും ദിവസങ്ങളില്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത പുറത്ത് വരുമെന്നാണ് കരുതപ്പെടുന്നത്.

ഓസീസിനെതിരായ ടെസ്റ്റ് പരമ്പര ഡിസംബര്‍ 17നാണ് ആരംഭിക്കുന്നത്. നിലവിലെ നിയമപ്രകാരം ഓസ്ട്രേലിയയില്‍ ഇന്ത്യന്‍ താരങ്ങള്‍ 14 ദിവസത്തെ ക്വാറന്റൈന്‍ നോക്കണം. അതിനാല്‍ രണ്ട് ദിവസത്തിനുള്ളിലെങ്കിലും ഓസ്‌ട്രേലിയയില്‍ എ ത്തിയാല്‍ മാത്രമേ രോഹിത്തിനും ഇഷാന്തിനും ടെസ്റ്റ് പരമ്പര കളിക്കാനാവൂ.

2019ല്‍ ഇന്ത്യ ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര വിജയിച്ചതില്‍ ബൂംറ, ഷമി, ഇഷാന്ത് പേസ് കൂട്ടുകെട്ട് നിര്‍ണ്ണായകമായിരുന്നു. ഇഷാന്തിന് കളിക്കാന്‍ സാധിക്കാതെ വന്നാല്‍ ഉമേഷ് യാദവ് പകരക്കാരനായേക്കും. മുഹമ്മദ് സിറാജ്, നവദീപ് സൈനി എന്നിവരും ടെസ്റ്റ് ടീമിലുണ്ട്.കോലി, രോഹിത് എന്നിവരുടെ അഭാവം ഇന്ത്യന്‍ ബാറ്റിങ്ങില്‍ വലിയ വിടവുണ്ടാക്കും. ചേതേശ്വര്‍ പുജാര, അജിന്‍ക്യ രഹാനെ എന്നിവര്‍ക്ക് കൂടുതല്‍ സമ്മര്‍ദ്ദമുണ്ടാകാന്‍ ഇത് കാരണമാകും. കെ എല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍ എന്നിവരാണ് ടീമിലെ മറ്റ് പ്രധാന ബാറ്റ്‌സ്മാന്‍മാര്‍. ശുബ്മാന്‍ ഗില്ലിനും ടീമില്‍ അവസരം ലഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

Eng­lish sum­ma­ry: Rohith shar­ma and ishant injured

You may also like this video: