Janayugom Online
fraud

ഹൈറേഞ്ച് തട്ടിപ്പ്; മുക്കുപണ്ടം പണയംവെച്ച് വാങ്ങിയത് ലക്ഷങ്ങള്‍

Web Desk
Posted on January 17, 2019, 8:21 pm
 പ്രതികള്‍. മുക്കുപണ്ടങ്ങള്‍ ഇന്‍സൈറ്റില്‍

നെടുങ്കണ്ടം: ഹൈറേഞ്ചിലെ വിവിധ പണമിടപാട് സ്ഥാപനങ്ങളില്‍ മുക്കുപണ്ടം വെച്ച് ലക്ഷങ്ങള്‍ തട്ടിയ കൊല്ലം സ്വദേശികള്‍ അടക്കം നാല് പേര്‍ പിടിയില്‍. തൂക്കുപാലം ചേന്നന്‍കുളം സി.വി.സജു(44), പുഷ്പകണ്ടം മേലേടത്ത് ഇല്യാസ്( 38), കൊല്ലം കടക്കല്‍ പാറവിളയില്‍ റെജീബ്(32), പാറയില്‍ ഷെമിം( 28) എന്നിവരാണ് പിടിയിലായത്. ഇവര്‍ കൂടാതെ വന്‍ സംഘം ഇതിന് പിന്നിലുള്ളതായി പൊലീസ് സംശയിക്കുന്നു. സംസ്ഥാന വ്യാപകമായി മുക്കുപണ്ടം തട്ടിപ്പ് നടത്തിയിട്ടുളള്ളതായി സംശയിക്കുന്നു. തമിഴ്‌നാട് കേന്ദ്രികരിച്ച് പ്രവര്‍ത്തിക്കുന്ന അന്തര്‍ സംസ്ഥാന മാഫിയ സംഘമാകാം ഇതിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു. ബുധനാഴ്ച മൂന്ന് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നായി നാല് പേര്‍ അടങ്ങുന്ന സംഘം രണ്ട് ലക്ഷത്തോളം മിച്ചം വരുന്ന രൂപയുടെ മുക്കുപണ്ടം പണയം വെച്ചത്.

സഹകരണ ബാങ്കിന്റെ മുണ്ടിയെരുമ ശാഖയില്‍ നിന്നും നിന്നും 6 വളകള്‍ പണയം വെച്ച് 117000 രൂപയും, ബാലഗ്രാം സഹകരണ ബാങ്കില്‍ നിന്നും 6 വളകള്‍ പണയം വെച്ച് 130000 രൂപയും ബാലന്‍പിള്ളസിറ്റിയില്‍ കൊശമറ്റം ഫിനാന്‍സില്‍ രണ്ട് വളകള്‍ പണയം വെച്ച് 43000 രൂപയുമാണ് സംഘം തട്ടിയെടുത്തത്. ചെമ്പ, ഇരുമ്പ് ലോഹങ്ങളില്‍ നല്ലപോലെ സ്വര്‍ണ്ണം പൂശിയെടുത്ത മുക്കുപണ്ടങ്ങളാണ് പണയ വസ്തുവായി കൊണ്ടുവരുന്നത്. 20 മുതല്‍ 25 ശതമാനം വരെ സ്വര്‍ണ്ണം പൂശുന്നതിനാല്‍ ഒരച്ച് നോക്കിയാലും പെട്ടെന്ന് കണ്ടെത്തുവാന്‍ കഴിയുകയില്ല.

നല്ലപോലെ സ്വര്‍ണ്ണവളകള്‍ ഉരച്ച് നോക്കിയതിന് ശേഷം ആസിഡ് ഉപയോഗിച്ച് പരിശോധന നടത്തിയപ്പോള്‍ മാത്രമാണ് മുക്കുപണ്ടമാണെന്ന കാര്യം പണമിടപാട് സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് മനസ്സിലായത്. കൊണ്ടുവന്ന പണയ ഉരുപ്പടികള്‍ക്ക് ഉണ്ടായ തൂക്ക കൂടുതലാണ് മുക്കുപണ്ടമാണോയെന്ന സംശയം ജനിക്കുവാന്‍ ഉണ്ടായ കാരണം. ഇതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നാല്‍വര്‍ സംഘം പിടിയിലായത്. ബുധനാഴ്ച കൊശമറ്റത്തിലെ പണയ വിവരം മാത്രമാണ് പുറലോകം അറിഞ്ഞത്. പത്രദൃശ്യമാധ്യമങ്ങളിലൂടെ വാര്‍ത്ത വന്നതോടെയാണ് കൂടുതല്‍ മുക്കുപണ്ടങ്ങളെ സംബന്ധിച്ച് പരാതികള്‍ എത്തിയത്.

പിടിയിലായ സജുവാണ് സ്വര്‍ണം പണയം വെയ്ക്കാന്‍ ബാങ്കിലെത്തിയത്. കൊല്ലം സ്വദേശിയായ റെജീബിന്റെ ബന്ധുകൂടിയാണ് ഇല്യാസ്. കൊല്ലത്ത് നിന്നും ഇല്യാസ് മുഖാന്തിരം കൊണ്ടുവന്ന വളകള്‍ സജുവിനെ കൊണ്ട് പണയം വെപ്പിക്കുകയായിരുന്നു. ഒരു വള പണയം വെ്ക്കുന്നതിന് ആയിരം രൂപ കമ്മീഷന്‍ ലഭിക്കുമെന്ന് സജു പറഞ്ഞതായി പൊലീസ് പറയുന്നു. നെടുങ്കണ്ടം സിഐ റെജി എം കുന്നിപ്പറമ്പന്‍, എസ്‌ഐമാരായ കെ.പി.മനേഷ്,സി.സുമതി, എഎസ്‌ഐ റോയി വര്‍ഗീസ്,സിബി തോമസ്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ഗ്രേയ്‌സന്‍ ആന്റണി,ബിബിന്‍ കുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്. പ്രതികളെ നെടുങ്കണ്ടം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പ്രതികളെ അടുത്ത ദിവസം വീണ്ടും കസ്റ്റഡിയില്‍ വാങ്ങും. ്കസ്റ്റടിയില്‍ വാങ്ങിയതിന് ശേഷം കൂടുതല്‍ ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിവാന്‍ സാധിക്കുകയുള്ളു. വന്‍ റാക്കറ്റാണ് ഇതിന് പിന്നിലുള്ളതെന്നാണ് പൊലീസ് സംശയിക്കുന്നത്.