March 28, 2023 Tuesday

റോണാ വിൽസന്റെ കമ്പ്യൂട്ടർ ഹാർഡ് ഡിസ്കിൽ മാൽവെയറുകൾ ഉപയോഗിച്ച് കൃത്രിമം

പ്രത്യേക ലേഖകൻ
 ന്യൂഡൽഹി
March 12, 2020 10:09 pm

ഭീമാ കൊറേഗാവ് കേസിൽ അറസ്റ്റിലായ മനുഷ്യാവകാശ പ്രവർത്തകനായ റോണാ വിൽസന്റെ വീട്ടിൽ നിന്നും പിടിച്ചെടുത്ത കമ്പ്യൂട്ടർ ഹാർഡ് ഡിസ്കിൽ മാൽവെയറുകൾ ഉപയോഗിച്ച് കൃത്രിമം നടത്തിയതായി റിപ്പോർട്ട്. ദി കാരവനാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. സോഫ്റ്റ്‌വേർ എൻജിനിയറായ ആഞ്ജനേയ ശിവനാണ് ഹാർഡ് ഡിസ്ക് പരിശോധിച്ചതിൽ മാൽവെയറുകൾ ഉപയോഗിച്ച് കൃത്രിമം നടന്നിട്ടുള്ളതായി കണ്ടെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വധിക്കാനുള്ള പദ്ധതി സംബന്ധിച്ച കത്ത് റോണാ വിൽസന്റെ വീട്ടിൽ നിന്നും പിടിച്ചെടുത്ത കമ്പ്യൂട്ടർ ഹാർഡ് ഡിസ്കിലുണ്ടെന്ന് 5000 പേജുള്ള കുറ്റപത്രത്തിൽ പൂനെ പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. പൂനെ പൊലീസ് കോടതിയുടെ ഉത്തരവ് അനുസരിച്ച് ഹാർഡ് ഡിസ്കിന്റെ കോപ്പി അറസ്റ്റിലായവർക്ക് ലഭ്യമാക്കിയിരുന്നു.

ഇത് പരിശോധിച്ചതിൽ നിന്നാണ് മാൽവെയറുകൾ ഉപയോഗിച്ച് റിമോട്ട് ആക്സസ് മറ്റുള്ളവർ നേടിയതായി കണ്ടെത്തിയിരിക്കുന്നത്. പൂനെ പൊലീസിന്റെ അവകാശവാദം അനുസരിച്ചുള്ള ഒരു കത്ത് ഇത്തരത്തിൽ പിന്നീട് ഹാർഡ് ഡിസ്കിൽ എത്തിക്കാനുള്ള സാധ്യതയാണ് വെളിച്ചത്തുവന്നിരിക്കുന്നത്. പൂനെ പൊലീസിന്റെ നിലവിലുള്ള തെളിവുകളെ ചോദ്യംചെയ്യുന്ന കണ്ടെത്തലാണ് പുറത്തുവന്നിട്ടുള്ളത്. ഭീമ കൊറേഗാവ് കേസിൽ ഉൾപ്പെട്ടിട്ടുള്ള മനുഷ്യാവകാശ പ്രവർത്തകരടക്കമുള്ളവരെ വാട്ട്സ്ആപ്പ് ഹാക്കിങിലൂടെ ഇസ്രയേലി കമ്പനി നീരിക്ഷിച്ചിരുന്നുവെന്ന വാർത്തകളും നേരത്തെ പുറത്തുവന്നിരുന്നു. പൂനെയിലെ ഭീമാ കൊറേഗാവ് സ്മാരകത്തിന് സമീപം അക്രമത്തിന് ആഹ്വാനം ചെയ്യുന്ന വിധത്തിൽ 2017 ഡിസംബർ 31 ചേർന്ന എൽഗാർ പരിഷത്തിൽ പ്രസംഗിച്ചുവെന്നാണ് പൂനെ പൊലീസ് അവകാശപ്പെടുന്നത്.

എൽഗാർ പരിഷത്തിൽ പങ്കെടുത്ത മനുഷ്യാവകാശ പ്രവർത്തകർക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്നും പൊലീസ് ആരോപിക്കുന്നു. ഇത് കൂടാതെ കേസിൽ അറസ്റ്റിലായ മറ്റൊരു മനുഷ്യാവകാശ പ്രവർത്തകനായ സുരേന്ദ്ര ഗാഡ്‌ലിങിന്റെ വീട്ടിൽ നിന്നും പിടിച്ചെടുത്ത കമ്പ്യൂട്ടർ രേഖകളിലും കൃത്രിമം നടത്തിയതായി കാരവൻ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. അറസ്റ്റിലായ മനുഷ്യാവകാശ പ്രവർത്തകരായ സുരേന്ദ്ര ഗാഡ്‌ലിങ്, മഹേഷ് റൗട്ട്, റോണ വിൽസൻ, സുധീർ ധവാലെ, വരവര റാവു, അരുൺ ഫെറേറിയ, സുധാ ഭരദ്വജ്, ഷോമ സെൻ, വെർണൻ ഗോൺസാൽവസ് എന്നിവരെ ഫെബ്രവരി 28ന് പ്രത്യേക എൻഐഎ കോടതിയിൽ ഹാജരാക്കി. കേസ് ഇന്ന് വീണ്ടും പരിഗണിക്കാനിരിക്കെയാണ് റോണാ വിൽസന്റെ കമ്പ്യൂട്ടർ ഹാർഡ് ഡിസ്കിൽ കൃത്രിമം കാട്ടിയെന്ന റിപ്പോർട്ട് പുറത്തുവരുന്നത്.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.