വര്‍ക്കലയിലെ റിസോര്‍ട്ടില്‍ താമസിച്ചിരുന്ന കോവിഡ് ബാധിതനായ ഇറ്റാലിക്കാരന്റെ (ആർ3) റൂട്ട് മാപ്പ് സർക്കാർ പുറത്തുവിട്ടു. ഇദ്ദേഹം ഇപ്പോൾ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിൽസയിലാണ്. ഫെബ്രുവരി 26ന് വെനീസ് മാർക്കോപോളോ വിമാനത്താവളത്തിൽനിന്ന് വിമാനം കയറിയ ഇയാൾ മോസ്കോയിൽ ഇറങ്ങിയാണ് ന്യൂഡൽഹിയിൽ എത്തിയത്. അവിടെനിന്ന് യുകെ 897 വിസ്താര വിമാനത്തിൽ കയറി 27ന് രാവിലെ 10.20ന് തിരുവനന്തപുരത്ത് എത്തി. 16 ദിവസം ഇയാൾ തിരുവനന്തപുരം ജില്ലയിലെ പലയിടങ്ങളിൽ കറങ്ങി നടന്നുവെന്നാണ് റൂട്ട് മാപ്പിൽനിന്ന് വ്യക്തമാകുന്നത്.
27ന് രാവിലെ 10.30ന് ടാക്സിയിൽ കയറി 11.40നാണു വര്‍ക്കലയിലെ റിസോര്‍ട്ടിലെത്തുന്നത്. മാർച്ച് 13നാണ് ഇയാളുടെ പരിശോധനാ ഫലം പോസിറ്റീവ് ആണെന്നറിയുന്നത്. ഇതിനു മുമ്പുള്ള ദിവസങ്ങളിൽ ഇയാൾ ഉത്സവാഘോഷങ്ങളിലും ഡിജെ പാർട്ടികളിലും പങ്കെടുക്കുകയുണ്ടായി. ഓട്ടോറിക്ഷയിലായിരുന്നു മിക്കവാറും സഞ്ചരിച്ചത്. സഹയാത്രികന് വര്‍ക്കല ക്ലിഫിലെ മണി എക്സ്ചേഞ്ച് സെന്ററിലും ഡാര്‍ജിലിങ് കഫെയിലും എത്തി. ദിവസവും രാവിലെ സുപ്രഭാതം റസ്റ്ററന്റില്‍ നിന്നാണ് ഭക്ഷണം കഴിച്ചിരുന്നത്. വര്‍ക്കല അബ്ബ റസ്റ്റോറന്റിലായിരുന്നു ഉച്ചഭക്ഷണം. മിക്ക ദിവസവും ക്ലഫൂട്ടി റിസോര്‍ട്ടിലായിരുന്നു രാത്രി ഭക്ഷണം. സുഹൃത്തിന്റെ സ്ഥാപനമായ മാസ്റ്റര്‍ ആര്‍ട്ട് ഷോപ്പ് പലതവണ സന്ദര്‍ശിച്ചു.
ജോഷി സൂപ്പര്‍ മാര്‍ക്കറ്റ്, സിറ്റി മെഡിക്കല്‍സ്, ട്രട്ടോറിയ റസ്റ്റോറന്റ് എന്നിവിടങ്ങളും സന്ദര്‍ശിച്ചിട്ടുണ്ട്. മാര്‍ച്ച് 10ന് സുഹൃത്തിനോടൊപ്പം ഓട്ടോയില്‍ പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ പരിശോധനയ്ക്കു വിധേയനായി. 11നാണ് ക്ഷേത്ര ഉത്സവത്തില്‍ പങ്കെടുത്തത്. 13ന് ഫലം പുറത്തുവന്നു, പൊസിറ്റീവ് ആണെന്നു വ്യക്തമായി. രാത്രി ഏഴരയോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ആശുപത്രിയിലേക്കു മാറ്റി. റൂട്ട് മാപ്പില്‍ പറഞ്ഞിരിക്കുന്ന ദിവസങ്ങളിലും സമയങ്ങളിലും ഈ സ്ഥലങ്ങളില്‍ ഉണ്ടായിരുന്നവര്‍ 1077 എന്ന കോവിഡ് ഹെൽപ്ലൈൻ നമ്പരിൽ ബന്ധപ്പെടണമെന്നു ജില്ല കലക്ടര്‍ അറിയിച്ചു. 27ന് തിരുവനന്തപുരത്ത് എത്തിയ യുകെ 897 വിസ്താര വിമാനത്തിലുണ്ടായിരുന്നവര്‍ 28 ദിവസം വീടുകളില്‍ ഐസലേഷനിൽ കഴിയണം. രോഗലക്ഷണം ഉണ്ടായാല്‍ ഉടന്‍ ദിശയില്‍ ബന്ധപ്പെടാനും നിർദ്ദേശം.
English Summary: Root map of covid affected italian in varkala
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.