20 June 2024, Thursday

Related news

June 7, 2024
May 31, 2024
May 30, 2024
May 24, 2024
May 21, 2024
May 2, 2024
April 27, 2024
April 26, 2024
April 22, 2024
April 20, 2024

കാര്‍ഷിക രംഗത്തിന് പ്രാധാന്യമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ജലവിഭവ വകുപ്പിനെ പ്രാപ്തമാക്കും; മന്ത്രി റോഷി അഗസ്റ്റിന്‍ 

Janayugom Webdesk
കോഴിക്കോട്
August 20, 2021 6:19 pm

കാര്‍ഷിക രംഗത്തിന് പ്രാധാന്യമര്‍ഹിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍ ജലവിഭവ വകുപ്പിനെ പ്രാപ്തമാക്കുകയെന്നതാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ പൂളക്കടവ് റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ നിര്‍മ്മാണ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡിന്റെ പശ്ചാത്തലത്തില്‍ ചെറുപ്പാക്കാരടക്കമുള്ള നിരവധിപേര്‍ കാര്‍ഷിക രംഗത്തേക്ക് വന്നിട്ടുണ്ട്. തരിശുഭൂമി കൃഷിയോഗ്യമാക്കാനുള്ള കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്തെ നയം വലിയ മാറ്റമാണുണ്ടാക്കിയത്. അതുകൊണ്ട് തന്നെ കാര്‍ഷികമേഖലയെ ശക്തിപ്പെടുത്താന്‍ വേണ്ടിയുള്ള നടപടികള്‍ക്കാണ് മുന്തിയ പരിഗണന നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഒരു പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ സമഗ്രമായ മാറ്റങ്ങള്‍ക്കാണ് വഴിയൊരുക്കുന്നത്. കാര്‍ഷിക മേഖലയില്‍, കുടിവെള്ള ലഭ്യതയില്‍, പ്രദേശത്തിന്റെ മനോഹാരിത വര്‍ധിപ്പിക്കുന്നതില്‍, വിനോദ സഞ്ചാര മേഖലയില്‍ എന്നിവയ്‌ക്കെല്ലാം പ്രയോജനകരമാകുന്ന പദ്ധതിക്കാണ് പൂളക്കടവിലും തുടക്കം കുറിക്കുന്നത്. ഡാമുകള്‍ കേന്ദ്രീകരിച്ചുള്ള ഇറിഗേഷന്‍ ടൂറിസം കേരളത്തില്‍ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. വിദേശികള്‍ക്കും സ്വദേശികള്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന ഗ്രാമീണ ടൂറിസത്തിന് അവസരം സൃഷ്ടിക്കുകയെന്നതാണ് പ്രധാനം. കെ എം മാണി ഊര്‍ജിത കാര്‍ഷിക ജലസേചന പദ്ധതി നൂറുദിന കര്‍മപരിപാടിയിലുള്‍പ്പെടുത്തി ആരംഭിക്കാന്‍ പോകുകയാണെന്നും മന്ത്രി പറഞ്ഞു.

കുരുവട്ടൂര്‍ പഞ്ചായത്തിലെ പറമ്പില്‍ബസാറിനെയും കോര്‍പറേഷനിലെ പൂളക്കടവിനെയും ബന്ധിപ്പിച്ചാണ് പൂളക്കടവ് റഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മ്മിക്കുന്നത്. കിഫ്ബിയിലുള്‍പ്പെടുത്തി 25.10 കോടിയുടെ ഭരണാനുമതിയാണ് ലഭിച്ചത്. 22.75 കോടി രൂപയ്ക്ക ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് കരാര്‍ ഏറ്റെടുത്തത്. 18 മാസമാണ് നിര്‍മ്മാണ കാലയളവ്. ഗതാഗതം സുഗമമാക്കുന്നതോടൊപ്പം കോര്‍പറേഷനിലും സമീപ പഞ്ചായത്തുകളിലും ജലലഭ്യത ഉറപ്പു വരുത്തുക, കൃഷിക്കാവശ്യമായ ജലസേചനം ഉറപ്പാക്കുക, പ്രദേശത്തെ ഭൂഗര്‍ഭ ജലലഭ്യത ഉറപ്പു വരുത്തുകയെന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.  54 മീറ്റര്‍ നീളത്തില്‍ നിര്‍മ്മിക്കുന്ന ആര്‍.സി.ബിയില്‍ 12 മീറ്റര്‍ നീളമുള്ള 4 സ്പാനുകളുണ്ടാകും.  പൂര്‍ണമായും വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന 4 ഷട്ടറുകളാണുണ്ടാവുക. ഇതിനാവശ്യമായ ജനറേറ്റര്‍ സംവിധാനവും ഒരുക്കും. മൂന്നു മീറ്റര്‍ ഉയരത്തില്‍ വരെ ജലം സംഭരിക്കാനാകും. ഇരുവശത്തും 7.5 മീറ്റര്‍ വീതിയില്‍ അപ്രോച്ച് റോഡും ഒന്നര മീറ്റര്‍ വീതിയില്‍ നടപ്പാതയും നിര്‍മ്മിക്കും.

വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഇറിഗേഷന്‍ ആന്റ് അഡ്മിനിസ്‌ട്രേഷന്‍ ചീഫ് എഞ്ചിനിയര്‍ അലക്‌സ് വര്‍ഗീസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ സരിത, വൈസ് പ്രസിഡന്റ് ടി ശശിധരന്‍, കോര്‍പറേഷന്‍ കൗണ്‍സിലര്‍ ഫെനിഷ സന്തോഷ് ജില്ലാ പഞ്ചായത്ത് അംഗം ഇ ശശീന്ദ്രന്‍, ബ്ലോക്ക പഞ്ചായത്ത് അംഗം എം ജയപ്രകാശന്‍, ഗ്രാമപഞ്ചായത്ത് അംഗം പി സുധീഷ്‌കുമാര്‍, കെ ചന്ദ്രന്‍ മാസ്റ്റര്‍, പി അനില്‍കുമാര്‍, പി എം അബ്ദുറഫ്മാന്‍, ടി എം ജോസഫ്, പി ടി സുരേഷ്, അരിയില്‍ അബ്ദുള്ള, ഭരതന്‍ മാണിയേരി, പി എം സുരേഷ്, ടി അബ്ദുറഹ്മാന്‍ എന്നിവര്‍ സംസാരിച്ചു. തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ സ്വാഗതവും കെഐഐഡിസി ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ എസ് തിലകന്‍ നന്ദിയും പറഞ്ഞു.

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.