Web Desk

ഖത്തർ

June 18, 2020, 3:08 pm

ആശ്വാസം പകർന്ന് റൊട്ടാന ഗ്രൂപ്പിന്റെ ചാർട്ടേർഡ് വിമാനം പറന്നുയർന്നു

Janayugom Online

ഖത്തർ റൊട്ടാന ഗ്രൂപ്പ് ടീ ടൈമുമായി ചേർന്ന് അവരുടെ സ്റ്റാഫുകൾക്ക് വേണ്ടിയും കുടുംബത്തിനും ഏർപ്പാട് ചെയ്ത ചാർട്ടേർഡ് വിമാനം ജൂൺ 18 വ്യാഴാഴ്ച രാവിലെ 9.30ന് ഹമദ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് പറന്നുയർന്നു. കോവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ രാജ്യാന്തര വ്യോമ ഗതാഗത നിയന്ത്രണത്തിൽ പൊറുതി മുട്ടിയ പ്രവാസികൾക്കു കൂടി സഹായമാകുന്ന രീതിയിൽ പ്രസ്തുത ഫ്ളൈറ്റ് ചാർട്ടർ ചെയ്തത് ഏറെ ആശ്വാസകരമായി.

റൊട്ടാന ഗ്രൂപ്പിന്റെ സ്റ്റാഫുകൾ ഉൾപ്പടെ ഖത്തറിൽ പ്രയാസമനുഭവിക്കുന്ന 181 യാത്രക്കാരുമായാണ് വിമാനം ജൂൺ 18 വ്യാഴാഴ്ച നാട്ടിലേക്ക് പറന്നത്. ഇതിൽ രണ്ട് വയസ്സിൽ താഴെയുള്ള നാല് കുട്ടികളും ഉൾപ്പെടും. ഒരു സ്വകാര്യ ഫ്ളൈറ്റ് ചാർട്ടർ ചെയ്യുക എന്നത് ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്നും റൊട്ടാന റെസ്റ്റോറന്റ്, ടാർഗറ്റ് ട്രാവൽസ് എന്നിവ അടങ്ങുന്ന വ്യാപാര ശൃംഖല ഈയൊരു ദൗത്യം ഏറ്റെടുക്കുമ്പോൾ ഇത്രയും ശ്രമകരമായിരിക്കും എന്ന് പ്രതീക്ഷിച്ചിരുന്നില്ല എന്ന് റൊട്ടാന അജ്മൽ അറിയിച്ചു. ഇന്ത്യയിലും ഖത്തറിലുമായി വിവിധ കേന്ദ്രങ്ങളിൽ നിരന്തരം സമ്പർക്കം പുലർത്തിയത് കൊണ്ടാണ് ഈ ഫ്ളൈറ്റ് യാഥാർഥ്യമായത്. തുടക്കത്തിൽ തിരിച്ചടികൾ ഏറെ നേരിട്ടെങ്കിലും ഈയൊരു ദൗത്യത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് ഖത്തറിലെ ഇന്ത്യൻ അംബാസഡറും എംബസിയിലെ ഉദ്യോഗസ്ഥരും സഹകരിച്ചത് കൊണ്ടാണ് ഇത്രയും പേർക്ക് നാടണയാൻ സാധിച്ചത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോവിഡ് വ്യാപാര‑തൊഴിൽ മേഖലകളിൽ ഏൽപ്പിച്ച ആഘാതം കാരണവും മറ്റ് രോഗങ്ങൾ കാരണവും വിസ കാലാവധി കഴിഞ്ഞും നാടണയാൻ നിർബന്ധിതരായ പ്രവാസികൾക്ക് കൂടുതൽ കാത്തിരിപ്പില്ലാതെ നാട്ടിലെത്താൻ സഹായകമാവുന്ന സംരംഭമായി മാറുകയാണ് ചാർട്ടേഡ് വിമാനങ്ങൾ.