20 April 2024, Saturday

Related news

February 18, 2024
February 7, 2024
January 12, 2024
January 2, 2024
October 5, 2023
September 16, 2023
September 5, 2023
August 24, 2023
July 1, 2023
June 23, 2023

വളമാക്കാന്‍ വച്ചിരുന്ന മീനും തീന്‍ മേശയില്‍ വ്യാപകമാകുന്നു: വരുന്നത് ചെക്ക് പോസ്റ്റുകള്‍ വഴി

ബേബി ആലുവ
കൊച്ചി
November 12, 2022 2:49 pm

ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധനകൾ കടുത്തതോടെ നിലച്ച പഴകിയ മത്സ്യത്തിന്റെ വരവും വില്പനയും വീണ്ടും കൂടി. പത്ത് ദിവസം തൊട്ട് ആറ് മാസം വരെ പഴക്കമുള്ള വിവിധതരം മീനുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ പലയിടത്തു നിന്നുമായി പിടിച്ചത്.
ഇതിൽ, എറണാകുളം ജില്ലയിലെ മൂന്നിടത്തു നിന്നായി ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ പിടിയിലായത് ആയിരത്തിലധികം കിലോയുടെ ചീഞ്ഞ മത്സ്യങ്ങളാണ്. വില്പനയ്ക്കായല്ല, വളത്തിന്റെ ആവശ്യത്തിനായാണ് അവ സൂക്ഷിച്ചിരുന്നതെന്നാണ് കച്ചവടക്കാരുടെ ന്യായമെങ്കിലും വീട്ടാവശ്യത്തിന് മീൻ വാങ്ങിക്കൊണ്ടുപോയവരുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു മിക്കയിടത്തും പരിശോധന. 

അമോണിയ അടക്കമുള്ള രാസവസ്തുക്കൾ ചേർത്ത, ചീഞ്ഞ് പുഴുവരിക്കുന്നതും പൂപ്പൽ ബാധിച്ചതുമായ മത്സ്യങ്ങളുടെ വില്പന വീണ്ടും വ്യാപകമായതായുള്ള പരാതികളെ തുടർന്ന് അധികൃതർ പരിശോധന കർശനമാക്കിയിരിക്കുകയാണ്. തദ്ദേശ സമിതികളിലെ ആരോഗ്യവിഭാഗവും സജീവമാണ്. ഭക്ഷ്യസുരക്ഷാ വിഭാഗം മറ്റ് തിരക്കുകളിലേക്ക് പോയ തക്കം നോക്കിയാണ് വില്പനക്കാര്‍ ചീഞ്ഞ മീനുമായി വീണ്ടുമെത്തിയത്.
മംഗലാപുരം, ഗോവ, തമിഴ് നാട്ടിലെ നാഗപട്ടണം, കടലൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് മത്സ്യം ലോറികളിൽ കൊണ്ടുവരുന്നത്. അവ ദിവസങ്ങളും മാസങ്ങളും ശേഖരിച്ചു വച്ചാണ് വില്പന. ട്രോളിങ് നിരോധന കാലങ്ങളിൽ സംസ്ഥാനത്ത് മത്സ്യക്ഷാമം കൂടുതലായി അനുഭവപ്പെടുമ്പോഴാണ് മുഖ്യമായി ഇതര സംസ്ഥാനങ്ങളിൽ നിന്ന് രാസവസ്തുക്കൾ ചേർത്ത മീൻ കേരളത്തിലെത്തിയിരുന്നത്. കഴിഞ്ഞ മേയ്, ജൂൺ മാസങ്ങളിൽ തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂർ, പാലക്കാട്, കാസർകോട് തുടങ്ങിയ ജില്ലകളിലെ മാർക്കറ്റുകളിൽ നിന്നും സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നുമായി പതിനായിരക്കണക്കിന് അഴുകിയ മത്സ്യമാണ് റെയ്ഡിൽ പിടിച്ചത്. കൊല്ലം ജില്ലയിലെ ആര്യങ്കാവ് ചെക്ക്പോസ്റ്റ്, കേരള-തമിഴ്‌നാട് അതിർത്തിയായ കാരക്കോണം എന്നിവിടങ്ങളിലൂടെയാണ് ഇവ കൂടുതലായി എത്തുന്നത്. 

കേരളീയർക്ക് ഏറെ പ്രിയങ്കരങ്ങളായ മത്തി, അയല, ചൂര, പിലോപ്പി എന്നീ മത്സ്യ ഇനങ്ങളാണ് രാസവസ്തുക്കൾ ചേർത്ത് അധികമായി എത്തിക്കുന്നത്. ഇതര സംസ്ഥാനങ്ങളിലെ മത്സ്യ വിപണന കേന്ദ്രങ്ങളിൽ നിന്ന് നിസാര വിലയ്ക്ക് വാങ്ങുന്ന കേടായ മീൻ കേരളത്തിലെത്തിച്ച് കൊള്ളവിലയ്ക്കാണ് വിറ്റഴിച്ചിരുന്നത്.

Eng­lish Sum­ma­ry: Rot­ten fish widen­ing in Kerala

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.