ഭൂപടങ്ങൾ മാറ്റി വരയ്ക്കുബോൾ: തലമുറകളിലെക്ക് വെളിച്ചം വീശുന്ന രംഗകല 

Web Desk
Posted on December 13, 2018, 5:01 pm
പ്രശാന്ത് ആലപ്പുഴ
നാടകം  മലയാളത്തിന്റെ സാംസ്ക്കാരിക സാമൂഹിക രാഷ്ട്രീയ ചരിത്രത്തിൽ നിർണ്ണായകമായ പങ്ക് വഹിച്ച ഒരു സംഘകലയാണ്. സംഘം ചേരുക എന്നതാണ് ജീവിത ദുഖത്തെ ചെറുക്കാകാനുള്ള വഴി എന്ന് 5000 വർഷം മുൻപ് ലോകത്തോട് പറഞ്ഞത് ശ്രീബുദ്ധനാണ്. നിങ്ങൾ പതിതരായ മനുഷ്യരെ പിടിക്കുന്നവരാകാൻ 2000 വർഷങ്ങൾക്ക് മുൻപ് യേശുവും സംഘടിച്ച് ചങ്ങലകളെ തകർക്കാൻ 150 വർഷങ്ങൾക്കപ്പുറത്ത് കാൾ മാർക്സും സംഘടനകൊണ്ട് ശക്തതരാകുവാൻ മലയാളത്തിന്റെ ദർശന ചൈതന്യമായ ശ്രീ നാരായണ ഗുരുദേവനും നമ്മോട് പറഞ്ഞു. ഏതാണ്ട് 66 വർഷങ്ങൾക്കപ്പുറമാണ് ഒരു നാടകവേദിയിൽ ഒരു സംഘം ചെറുപ്പക്കാരോട് ആ ചുവന്ന കൊടിയിങ്ങ് തന്നേ, ഞാനത് ഒന്ന് ഉയർത്തി പിടിക്കട്ടെ എന്ന് പരമു പിള്ള എന്ന ഇടത്തരം കർഷകവൃദ്ധൻ പറഞ്ഞത്. ആ തിരിച്ചറിവിന്റെ ബോധ നിലാവിൽ സംഘം ചേർന്നവരാണ് 1957 ൽ ഇന്ത്യയുടെ തെക്കേ അറ്റത്ത് ഒരു സിന്ദൂരപ്പൊട്ട് ചാർത്തിയത്.
സംഘബോധത്തിന്റെ അഭാവം സൃഷ്ടിക്കുന്ന ഇരുളിൽ നമ്മുൾക്കിടയിലേക്ക് ഇഴഞ്ഞെത്തുന്ന കരിമൂർഖൻമാരെയും കരിന്തേളുകളെയും തുറന്നു കാട്ടുവാൻ സംഘകലയായ നാടകത്തിന്റെ മൂർച്ചയേറിയ വജ്രായുധ വെളിച്ചം ഉപയോഗിക്കുകയാണ് യുവകലാസാഹിതി യു എ ഇ യുടെ അബുദാബി ഘടകത്തിന്റെ നേതൃത്വത്തിലുള്ള തോപ്പിൽ ഭാസി നാടകസമിതി. ഷൈജു അന്തിക്കാട് സംവിധാനം ചെയ്ത ഭൂപടങ്ങൾ മാറ്റി വരയ്ക്കുമ്പോൾ എന്ന നാടകം പുതുക്കി പണിത കേരള സോഷ്യൽ സെന്റർ ഓഡിറ്റോറിയത്തിൽ തുടങ്ങിയ ഭരത് മുരളി നാടകോൽസവത്തിൽ പ്രേക്ഷകർക്ക് പ്രദാനം ചെയ്തത് ഓർമ്മകളുടെ ചൂട്ടു വെളിച്ചമാണ്. ശബ്ദ വെളിച്ച വിന്യാസങ്ങൾക്ക് ഏറെ സാധ്യതയുള്ള ഒരു നാടകത്തിന് പണിക്കുറ്റം പൂർണ്ണമായി തീർന്നെന്ന് അവകാശപ്പെടാനാകാത്ത ഒരു ഓഡിറ്റോറിയവും വേദിയും ഉയർത്തിയ വെല്ലുവിളികളെ സമർത്ഥമായി അതിജീവിക്കാൻ നാടക പ്രവർത്തകർക്ക് അശ്രാന്ത പരശ്രമം തന്നെ വേണ്ടി വന്നിരിക്കണം. പക്ഷെ അവർ നടത്തിയ അധ്വാനം വൃഥാവിലായില്ല എന്നത് ഉറപ്പിക്കാം. അമച്വർ നാടകങ്ങൾ പൂർണ്ണതയിലേക്ക് ഉള്ള നിരന്തര പ്രയാണം ആണ്, അത് തന്നെയാണ് അതിന്റെ ശക്തിയും സൗന്ദര്യവും. അബുദാബി മലയാളി സമാജത്തിന്റെ നാടകോൽസവത്തിൽ അവതരിപ്പിച്ചതിൽ നിന്ന് ഏറെ മുന്നോട്ട് പോയിരിക്കുന്നു ഈ നാടകം. രംഗഭാഷ്യത്തിലും സാങ്കേതികയിലും പശ്ചാത്തല സംഗീതത്തിലും വെളിച്ച വിന്യാസത്തിലും ഈ മെച്ചപ്പെടൽ അനുഭവിച്ചറിയാനാകും. രണ്ടാമത് കാണുന്ന ചെടിപ്പ് ഒരാൾക്ക് പോലും തോന്നാത്തവണ്ണം പുതുക്കി പണിയാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. അഭിനയത്തിന്റെ കാര്യത്തിൽ കുറച്ചു കൂടി പക്വതയും ഇരുത്തവും കൈവരിക്കാൻ ചെറുബാല്യക്കാർ ഏറെയുള്ള അഭിനേതാക്കൾക്കും കഴിഞ്ഞിട്ടുണ്ട്.
ആദ്യാവതരണത്തിൽ മുഴച്ചു നിന്ന മൊണോലോഗ് രീതി ഏറെ കുറെ ഒഴിവാക്കി രണ്ട് കഥാപാത്രങ്ങൾ തമ്മിലുള്ള ഫോൺ സംഭാഷണത്തിലൂടെ കഥ വികസിക്കുന്ന രീതി കുറച്ചു കൂടി മുറുക്കവും ഒഴുക്കും നാടകത്തിന് നൽകി. രംഗമാറ്റങ്ങളിലെ ചടുലതയും ഹൃദ്യമായി.
തലമുറകളിലേക്ക് സംക്രമിപ്പിക്കുന്ന സന്ദേശം നൽകിയാണ് നാടകം അവസാനിക്കുന്നത്.  ഇത് ഒരു പക്ഷേ ചിലർക്കെങ്കിലും നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന ചരിത്ര പ്രാധാന്യമുള്ള നാടകത്തിന്റെ പ്രതിധ്വനിയായി അനുഭവപ്പെടും. കുറ്റങ്ങളും കുറവുകളും ഇല്ലെന്നല്ല. അക്ഷരശുദ്ധി കുറേക്കൂടി മെച്ചപ്പെടുത്താൻ അഭിനേതാക്കൾ ശ്രദ്ധിക്കണമെന്ന് പറയുമ്പോൾ തന്നെയും മറുനാട്ടിൽ ജനിച്ചു വളർന്ന കുട്ടികളാണ് പലരും എന്ന വസ്തുതയും പറയാനാഗ്രഹിക്കുന്നു. അതുപോലെ തന്നെ വലിയ കളിക്കളം പോലെ സ്റ്റേജ് ഉപയോഗിക്കുമ്പോൾ മൈക്കിന്റെ പരിമിതി എങ്ങനെ സാങ്കേതികമായി തരണം ചെയ്യാൻ കഴിയുമെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. പൊതു ഇടങ്ങളും ഗ്രാമത്തിലെ കളിക്കളങ്ങളും അമ്പലക്കുളങ്ങളും സൃഷ്ടിച്ച സോഷ്യലിസത്തിന്റെ ഒരു ലോകം ഉണ്ടായിരുന്നു. ഗൃഹാതുരതയുടെ കേവലമായ ഭൂതകാലക്കുളിരുകൾക്കപ്പുറം മനുഷ്യർക്കിടെയിലെ ചേരിതിരിവുകൾ ഇല്ലായ്മ ചെയ്യുവാൻ അതിന് സാധിച്ചിരുന്നു. ഒന്നായാൽ നന്നായി എന്ന് ചിന്തിച്ച് മുന്നേറേണ്ട ഒരു കാലത്തിന് ചേർന്ന് മുഖവുരയായി യുവകലാസാഹിതിയുടെ ഈ സംഘ സംരംഭം.