ചെമ്മൺ പാതകളിലൂടെ കട… കട… താളമുയർത്തി നിരനിരയായി നീങ്ങുന്ന കാളവണ്ടികൾ കേരളത്തിന്റെ ഗ്രാമ വിശുദ്ധിയുടെ പ്രതീകങ്ങളായിരുന്നു.ഒരുകാലത്ത് കേരളത്തിലെ തെരുവോരങ്ങളില്‍ ഗ്രാമനഗര ഭേദമന്യേ കേട്ടുകൊണ്ടിരുന്ന ശബ്ദം. ഇന്നവ ഏറെക്കുറെ ഇല്ലാതായെന്നു പറയാം. എന്നാല്‍ നാമാവശേഷമായെന്നു പറയാനും വയ്യ. ഒരുകാലത്ത് നാടിന്റെ പ്രൗഢിയുടേയും അന്തസ്സിന്റെയും ആഭിജാത്യത്തിന്റെയും പ്രതീകമായിരുന്ന വാഹനം. കാറും ലോറിയും ജീപ്പും നിരത്തുകളില്‍ സജീവമാവുന്ന കാലഘട്ടത്തിനുമുമ്പ് തെരുവോരങ്ങള്‍ കയ്യടക്കിയിരുന്നത് കാളവണ്ടികളായിരുന്നു. മനുഷ്യ ജീവിതത്തിൽ സമയത്തിന് സ്ഥാനം കൂടിയപ്പോൾ വേഗത്തിനു പുറകേ അവർ പായാന്‍ തുടങ്ങി. ഇതോടെ കാളവണ്ടിയുടെ സ്ഥാനം മറ്റ് വാഹനങ്ങൾ കൈയടക്കി.
ഗ്രാമങ്ങളിൽ നിന്ന് കാർഷിക വിളകൾ ചന്തയിൽ എത്തിച്ച ശേഷം അവിടെനിന്നും പലചരക്കും പച്ചക്കറിയുമായി തിരികെ വരുന്ന കാളവണ്ടികൾ ഗ്രാമവീഥികളിലെ നിത്യകാഴ്ചകളായിരുന്നു. കൊയ്‌ത്തുകഴിഞ്ഞ് പാടങ്ങളില്‍ നിന്നും കറ്റകളും വയ്‌ക്കോലും വീടുകളിലേക്കും, പിന്നീട് മെതിച്ച് നെല്ലാക്കി എത്തേണ്ടയിടങ്ങളില്‍ എത്തിക്കുവാനും കാളവണ്ടികളെ ഉപയോഗിച്ചു. ഒരുകാലത്ത് പുതിയ സിനിമകള്‍ റിലീസാകുന്ന ദിവസം അതിന്റെ പ്രചാരണത്തിനായി ഉപയോഗിച്ചിരുന്നതും കാളവണ്ടികളെയാണ്. പോസ്റ്ററുകള്‍ ഇരുവശത്തും ഒട്ടിച്ച് മുന്നില്‍ ചെണ്ട കൊട്ടി നോട്ടീസ് വിതറി നീങ്ങുന്ന കാളവണ്ടിയുടെ ഓർമ്മകൾ മലയാളികളുടെ ഗതകാല സ്മരണകളെ ഉണർത്തുന്നു. ഒരുകാലത്ത് വിവാഹം തുടങ്ങിയ മംഗളാവസരങ്ങളിലും കാളവണ്ടിക്കുള്ള സ്ഥാനം ഏറെ പ്രധാനം തന്നെ. വധൂവരന്മാരെ നടത്തിക്കൊണ്ടുപോകുന്നതായിരുന്നു മുന്‍കാലങ്ങളിലെങ്കില്‍ കാളവണ്ടി വന്നതോടെ അവരെ യഥാസ്ഥാനങ്ങളില്‍ എത്തിക്കേണ്ട ചുമതല ഇവര്‍ കയ്യടക്കി. അലങ്കരിച്ച കാളവണ്ടികളിലായിരുന്നു യാത്ര.
നിത്യോപയോഗ സാധനങ്ങൾ മുതല്‍ വൻമരങ്ങള്‍വരെ കൊണ്ടുപോകുവാൻ കാളവണ്ടികളെ ഉപയോഗിക്കാൻ തുടങ്ങിയതോടെ മനുഷ്യ ജീവിതത്തിലെ ഒഴിവാക്കാൻ പറ്റാത്ത ഒന്നായി കാളവണ്ടികൾ മാറി. പുലര്‍ച്ചെ മുതൽ സാധനങ്ങളുമായി യാത്രയാകുന്ന വണ്ടിക്ക് നിശ്ചിത കേന്ദ്രങ്ങളിൽ വിശ്രമിക്കാനുമിടമുണ്ട്. കാളവണ്ടിക്കാരന്‍ ഉറങ്ങിയാലും സ്ഥാനതെത്തുമ്പോള്‍ അവ തന്നെ നില്‍ക്കും. പണ്ടുകാലത്ത് മൃഗങ്ങളുടെ ദാഹശമനത്തിനായി വഴിയോരങ്ങളില്‍ കരിങ്കല്‍ വെട്ടിയുണ്ടാക്കിയ കല്‍ത്തൊട്ടികള്‍ ധാരാളമായുണ്ടായിരുന്നു. ചരിത്രത്തിന്റെ അവശേഷിപ്പുകളായി അപൂർവ്വം ചിലഭാഗങ്ങളില്‍ അവ ഇന്നും കാണാം. തടിമിടുക്കുള്ള ഉശിരൻ കാളകളുടെ പ്രധാന കേന്ദ്രം മൈസൂരിലെ ചന്തകളായിരുന്നു. കൂടാതെ തമിഴ് നാട്ടിൽ നിന്നും കേരളത്തിലേക്ക് കാളകളെ കൊണ്ടുവന്നിരുന്നു. പതിനായിരം മുതല്‍ ലക്ഷംവരെ വിലപിടിപ്പുള്ള കാളകളുണ്ട്. ഇവയെ തീറ്റിപ്പോറ്റുകയെന്നതു ഏറെ പാടുള്ള കാര്യമാണെങ്കിലും ആഢ്യത്വത്തിന്റെ പ്രതീകമായിരുന്നതിനാൽ അതൊന്നും അന്ന് ഒരു പ്രശ്നമായിരുന്നില്ല. മനുഷ്യൻ ചെരുപ്പ് ഉപയോഗിക്കുന്നതിന് പകരമായി കാളകളുടെ കാലിൽ ലാടങ്ങൾ തറച്ചിരുന്നു കാളവണ്ടികൾ പായുമ്പോൾ കുളമ്പടി താളത്തിന്റെ പ്രത്യേക സംഗീതമുണർത്തിയിരുന്നത് ഇത്തരം ലാടങ്ങളാണ്.
കാളകളുടെ ദൈന്യത നിറഞ്ഞ ജീവിതത്തെ കുറിച്ച് കവി പി ഭാസ്‌ക്കരൻ ഇങ്ങനെ എഴുതി.
‘തോളത്തു ഘനം തൂങ്ങും വണ്ടിതൻ തണ്ടും പേറി–
ക്കാളകൾ മന്ദം മന്ദമിഴഞ്ഞു നീങ്ങീടുമ്പോൾ
മറ്റൊരു വണ്ടിക്കാള മാനുഷാകാരം പൂണ്ടി–
ട്ടറ്റത്തു വണ്ടിക്കയ്യിലിരിപ്പു കൂനിക്കൂടി.
തോളുകൾ കുനിഞ്ഞിട്ടുണ്ടാവന്നും, സ്വജീവിത–
നാളുകൾ തൽകണ്ഠത്തിലേറ്റിയ നുകം പേറി,
കാലുകൾ തേഞ്ഞിട്ടുണ്ടിന്നവന്നും നെടുനാള-
ക്കാലത്തിൻ കരളമാം പാതകൾ താണ്ടിതാണ്ടി.
ദുർവിധി കുടിച്ചെന്നും മിഴിനീർ വറ്റിക്കയാൽ
നിർവികാരങ്ങളാണാക്കണ്ണുകൾ നിർജീവങ്ങൾ’
പുതിയ വാഹനങ്ങള്‍ നിരത്തുകള്‍ കയ്യടക്കിയതോടെ കാളവണ്ടികളും ഉൾവലിഞ്ഞുതുടങ്ങി. പഴയതുപോലെ അവയെ തീറ്റിപ്പോറ്റാന്‍ കഴിയാറില്ലെന്നാണ് കാളവണ്ടിക്കാര്‍ പറയുന്നത്. മാത്രമല്ല അന്നത്തെ കാളകളെ മറ്റുപല ജോലികള്‍ക്കും ഉപയോഗിച്ചിരുന്നു. കാളപൂട്ടു മത്സരങ്ങളും, കാളവണ്ടിയോട്ട മത്സരങ്ങളും നാനാഭാഗത്തും ഉണ്ടായിരുന്നു. അതുപോലെ കാര്‍ഷികാവശ്യങ്ങള്‍ക്കായി കന്നുപൂട്ടിനും ഉപയോഗിച്ചിരുന്നു. അതിനാല്‍ വര്‍ഷത്തില്‍ അവയ്‌ക്ക് വിശ്രമം എന്തെന്നറിയാത്ത പണിയായിരുന്നു. എന്തുവിലകൊടുത്ത് കാളയെ വാങ്ങിച്ചിരുന്നോ തിരിച്ച് അതില്‍ നിന്നുള്ള പ്രതിഫലവും ലഭിച്ചു. രണ്ടോ മൂന്നോ കാളകൾ ഉണ്ടായിരുന്ന ഒരു കുടുംബത്തിന് സുഭിക്ഷമായി ജീവിക്കാനും കഴിഞ്ഞിരുന്നു. എന്നാൽ കാലം മാറിയതോടെ കാളവണ്ടികൾ നഷ്ടത്തിന്റെ പ്രതീകമായി. പുതുതലമുറക്ക് താത്പര്യം ഇല്ലാതായതോടെ കാളവണ്ടികൾ വിസ്‌മൃതിയിൽ മറയുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.