
ലോകത്തെ മികച്ച പുരുഷ ഫുട്ബോള്‍ താരത്തിനുള്ള ബാലണ്‍ ഡി ഓര്‍ പുരസ്കാരം ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിയുടെ ഒസ്മാൻ ഡെംബലെയ്ക്ക്. ബാഴ്സലോണയുടെ കൗമാര താരം ലാമിന്‍ യമാലിനെയാണ് ഡെംബെല മറികടന്നത്. പിഎസ്ജിയെ ചരിത്രത്തിലാദ്യത്തെ ചാമ്പ്യൻസ് ലീഗ് കിരീടത്തിലേക്കു നയിച്ച ഡെംബലെയുടെ മികച്ച പ്രകടനമാണ് പുരസ്കാരത്തിന് അര്‍ഹനാക്കിയത്. ഫ്രഞ്ച് തലസ്ഥാനമായ പാരിസിലെ തിയേറ്റർ ഡു ഷാറ്റെലെറ്റിലാണ് പുരസ്കാര ചടങ്ങ് നടന്നത്. ‘ഈ നിമിഷത്തിലേക്കുള്ള ദൂരം ഒട്ടും എളുപ്പമായിരുന്നില്ലെന്നും പിഎസ്ജി ക്ലബ്ബിനും പരിശീലകൻ ലൂയിസ് എൻറികിനും പ്രത്യേകം നന്ദിയറിയിക്കുന്നു’-ഡെംബലെ പറഞ്ഞു. 35 ഗോളും 16 അസിസ്റ്റുമാണ് സീസണില്‍ പിഎസ്ജിക്കായി ഡെംബലെ നേടിയത്. യൂറോകപ്പിന് ശേഷമുള്ള മത്സരങ്ങളിലെ പ്രകടനമാണ് പുരസ്കാരത്തിന് പരിഗണിച്ചത്. ഇതോടപ്പം ഫ്രഞ്ച് ലീഗ് കിരീടം, ഫ്രഞ്ച് കപ്പ്, ചാമ്പ്യൻസ് ലീഗ്, ഫിഫ ക്ലബ്ബ് വേൾഡ് കപ്പ് റണ്ണേഴ്‌സ് അപ്പ് എന്നിവയും നേടി. ചാമ്പ്യൻസ് ലീഗിൽ 14 ഗോളുകളാണ് മുൻ താരം വലയിലെത്തിച്ചത്. ചാമ്പ്യൻസ് ലീഗിലെ പ്ലേയർ ഓഫ് ദ സീസണും ഡെംബലെയായിരുന്നു. 2024–25 സീസണിൽ ലീഗ് വണ്ണിലെ ടോപ് സ്കോററായ ഡെംബലെയെ, പ്ലേയര്‍ ഓഫ് ദ് ഇയറായും തെരഞ്ഞെടുത്തിരുന്നു. 2023ൽ സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയിൽ നിന്നാണ് ഡെംബലെ പിഎസ്ജിയിലെത്തുന്നത്.
മികച്ച യുവതാരത്തിനുള്ള കോപാ ട്രോഫി ബാഴ്സലോണയുടെ ലാമിൻ യമാൽ കരസ്ഥമാക്കി. തുടർച്ചയായ രണ്ടാം തവണയാണ് 18 വയസുകാരനായ ലാമിൻ യമാൽ പുരസ്കാരത്തിന് അർഹനാകുന്നത്. പിഎസ്ജിയുടെ ലൂയി എൻറിക്കെയാണ് മികച്ച പരിശീലകന്‍. മികച്ച വനിതാ പരിശീലകയ്ക്കുള്ള യൊഹാന്‍ ക്രൈഫ് അവാര്‍ഡ് ഇംഗ്ലണ്ട് വനിതാ ടീം കോച്ച് സറിന വീഗ്മന്‍ നേടി. എട്ടു തവണ പുരസ്കാരം നേടിയ ലയണൽ മെസിക്കും അഞ്ച് തവണ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും ഇത്തവണത്തെ പുരസ്കാര പട്ടികയിൽ ഇടം നേടാനായില്ല. മികച്ച വനിത താരത്തിനുള്ള പുരസ്കാരം തുടര്‍ച്ചയായ മൂന്നാം തവണയും ബാഴ്സലോണയുടെ സ്പാനിഷ് താരമായ ഐറ്റാന ബോന്‍മാറ്റി സ്വന്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.