മോഡലുകളുടെ പുതിയ പതിപ്പുകളുമായി റോയല്‍ എന്‍ഫീല്‍ഡ്; റീട്ടെയില്‍ വില്‍പ്പനകേന്ദ്രങ്ങളുടെ എണ്ണത്തിലും വര്‍ദ്ധനവ്

Web Desk
Posted on August 09, 2019, 4:30 pm

കൊച്ചി: ഇന്ത്യയിലെ പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് മോഡലുകളുടെ പുതിയ പതിപ്പുകള്‍ വിപണിയില്‍ എത്തിച്ചു. നിലവിലുള്ള മോഡലുകളായ 350, 350 ഇഎസ് എന്നിവയുടെ ആറ് പുതിയ പതിപ്പുകളാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. 1,12,000 രൂപയാണ് ഈ മോഡലിന്റെ എക്‌സ് ഷോറൂം വില. ഇന്ത്യയിലെ റീട്ടെയില്‍ വ്യാപാര കേന്ദ്രങ്ങളുടെ എണ്ണത്തിലും റോയല്‍ എന്‍ഫീല്‍ഡ് കാര്യമായ വര്‍ദ്ധനവ് വരുത്തിയിട്ടുണ്ട്. ടയര്‍ രണ്ട്, ടയര്‍ മൂന്ന് നഗരങ്ങളിലായി 250 പുതിയ വ്യാപാര കേന്ദ്രങ്ങളാണ് കമ്പനി തുറന്നിരിക്കുന്നത്. ഇന്ത്യയില്‍ ആര്‍ഇയ്ക്ക് 930 ഡീലര്‍ കേന്ദ്രങ്ങളും 8800+ സര്‍വീസ് കേന്ദ്രങ്ങളും 900+ അംഗീകൃത സര്‍വീസ് വര്‍ക്ക്‌ഷോപ്പുകളുമുണ്ട്. ഇതോടെ ഇന്ത്യയില്‍ ഏറ്റവും അധികം വില്‍പ്പനസേവന ശൃംഖലയുള്ള സ്ഥാപനമായി മാറിയിരിക്കുകയാണ് റോയല്‍ എന്‍ഫീല്‍ഡ്.

കേരളത്തില്‍ നിലവിലുള്ള 59 ഡീലര്‍ഷിപ്പുകള്‍ക്ക് പുറമേ 9 പുതിയ സ്റ്റുഡിയോ സ്‌റ്റോറുകള്‍ കൂടി ആരംഭിക്കും. പാണ്ടിക്കാട്, കാട്ടാക്കട, മുക്കം, ചാലക്കുടി തുടങ്ങിയ പ്രദേശങ്ങളിലാണ് പുതിയ സ്‌റ്റോറുകള്‍ . റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളുടെ സര്‍വീസ് ഇടവേളയില്‍ മാറ്റം വരുത്താനുള്ള പുതിയ സിന്തറ്റിക്ക് ഓയിലും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. 3 മാസത്തെ സര്‍വീസ് ഇടവേള ഇനി 6 മാസമായും 6 മാസത്തെ ഓയില്‍ ചെയിഞ്ച് ഇടവേള ഒരു വര്‍ഷമായും വര്‍ദ്ധിക്കും