100 കോടിയുടെ തട്ടിപ്പ്: ഫിനാൻസ് കമ്പനിയുടമ അറസ്റ്റിൽ

Web Desk

കൊച്ചി

Posted on March 20, 2020, 9:27 pm

നൂറു കോടിയോളം രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തി ഒളിവിൽ കഴിഞ്ഞ സ്വകാര്യ ധനകാര്യ ഉടമ പൊലീസ് പിടിയിൽ. അടൂർ ചൂരക്കോട് മുല്ലശേരിയിൽ ഉണ്ണികൃഷ്ണൻ (56 ) ആണ് പിടിയിലായത്. സർക്കാർ സ്ഥാപനത്തിന്റെ പേരിനോട് സാമ്യം തോന്നുന്ന വിധത്തിൽ കേരള ഹൗസിംഗ് ഫിനാൻസ് കോർപ്പറേഷൻ എന്ന പേരിൽ സ്ഥാപനം തുടങ്ങിയാണ് ഉണ്ണികൃഷ്ണൻ തട്ടിപ്പ് നടത്തിയിട്ടുള്ളത്.

കേരളത്തിലും തമിഴ്‌നാട്ടിലുമായി 29 ബ്രാഞ്ചുകളാണ് കേരള ഹൗസിംഗ് ഫിനാൻസ് കോർപ്പറേഷൻ ഉള്ളത്. 14 ശതമാനം പലിശയ്ക്ക് സ്ഥിര നിക്ഷേപങ്ങൾ എടുക്കൽ ആണ് പ്രധാനമായും ഇയാൾ ചെയ്തുവന്നത്. പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നും പെൻഷൻ ആകുന്നവരെയാണ് പ്രധാന ഇരകൾ. നിക്ഷേപകർക്ക് ശമ്പളം പോലെ ഒരു തുക കിട്ടുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് പ്രതി അവരെ തട്ടിപ്പിനിരയാക്കുന്നത്.

ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ്, ഷിപ്പ്യാർഡ്, കെആർഎൽ തുടങ്ങി പൊതുമേഖലാ സ്ഥാപനങ്ങളിൽനിന്ന് പെൻഷനായി വന്ന പലരും ഈ കെണിയിൽ അകപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ഒന്നര വർഷമായി ബ്രാഞ്ചുകൾ അടച്ചുപൂട്ടി പ്രതി ഒളിവിൽ കഴിയുകയായിരുന്നു. ഇതിനുമുമ്പ് പലപ്രാവശ്യം പ്രതി പൊലീസിനെ വെട്ടിച്ച് കടന്ന് കളഞ്ഞിട്ടുണ്ട്. ഇതിനെ തുടർന്ന് എറണാകുളം അസിസ്റ്റന്റ് കമ്മീഷണർ കെ ലാൽജി, സെൻട്രൽ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ് വിജയ ശങ്കർ എന്നിവരുടെ നേതൃത്വത്തിൽ ഒരു പ്രത്യേക സ്ക്വാഡ് രൂപീകരിച്ചിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതി തൊടുപുഴയിൽ ഉണ്ടെന്ന് അന്വേഷണസംഘത്തിന് വ്യക്തമായ സൂചന കിട്ടിയിരുന്നു. തൊടുപുഴയിൽ കോലാനി എന്ന സ്ഥലത്ത് വാടകയ്ക്ക് വീടെടുത്ത് കഴിയുകയായിരുന്നു പ്രതി.

നിക്ഷേപകരെ കബളിപ്പിച്ചു നേടിയ പണം ഉപയോഗിച്ച് തിരുവനന്തപുരത്തും കൊച്ചിയിലും ആഡംബര പാസഞ്ചർ ബസ്സുകളും മറ്റും വാങ്ങി കൂട്ടിയിരുന്നു. ആദ്യമാസങ്ങളിൽ കൃത്യമായി പലിശ കൊടുത്ത് പ്രതി ആളുകളുടെ വിശ്വാസം നേടിയിരുന്നു. തുടർന്ന് അവർ വഴി അവരുടെ കൂടെ ജോലി ചെയ്തിരുന്ന ആളുകളുടെയും പണം പ്രതിയുടെ സ്ഥാപനത്തിൽ നിക്ഷേപിക്കുമായിരുന്നു. ഈ സ്ഥാപനത്തിന്റെ ജനറൽ മാനേജർ കൃഷ്ണൻ നായരെയും എറണാകുളം ബ്രാഞ്ച് മാനേജർ ഗോപാലകൃഷ്ണനെയും സെൻട്രൽ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

Eng­lish Sum­ma­ry; Finance com­pa­ny own­er arrest­ed

YOU MAY ALSO LIKE THIS VIDEO