ഫറോക്കില്‍ എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കാന്‍ 18.65 കോടി രൂപയുടെ പദ്ധതി

Web Desk
Posted on September 24, 2019, 8:46 pm

ഫറോക്ക്: ഫറോക്ക് നഗരസഭയില്‍ എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കാന്‍ 18.65 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കുന്നു. വി കെ സി മമ്മദ് കോയ എംഎല്‍എ യുടെ പ്രത്യേക താല്‍പര്യപ്രകാരം കിഫ്ബി പദ്ധതിയില്‍ നിന്നാണ് സര്‍ക്കാര്‍ തുക അനുവദിച്ചത്. സമ്പൂര്‍ണ്ണ കുടിവെള്ള പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ഒക്ടോ.11 ന് രാവിലെ 10 മണിക്ക് സംസ്ഥാന ജലസേചന മന്ത്രി കെ കൃഷ്ണന്‍ കുട്ടി നിര്‍വ്വഹിക്കും. പദ്ധതി പ്രവര്‍ത്തനം ചര്‍ച്ച ചെയ്യുന്നതിനും സംഘാടക സമിതി രൂപീകരിക്കുന്നതിനുമായി ജനപ്രതിനിധികള്‍, രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക സംഘടനാ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗം എം എല്‍ എ വി കെ സി മമ്മദു കോയയുടെ അദ്ധ്യക്ഷതയില്‍ ഫറോക്ക് നഗരസഭാ ഹാളില്‍ നടന്നു.

സ്ഥിരം സമിതി അദ്ധ്യക്ഷതയ പി ബല്‍ക്കീസ്, പി ആസിഫ്, എം സുധര്‍മ്മ, അസി എഞ്ചിനീയര്‍ ജോബി ജോസഫ് എന്നിവര്‍ സംസാരിച്ചു. എം പിമാരായ എളമരം കരിം, എം കെ രാഘവന്‍, എം എല്‍ എ വി കെ സി മമ്മദ് കോയ എന്നിവര്‍ രക്ഷാധികാരികളും ഫറോക്ക് നഗരസഭാദ്ധ്യക്ഷ കെ കമറു ലൈല ചെയര്‍പേഴ്‌സണും നഗരസഭാ സെക്രട്ടറി പി ആര്‍ ജയകുമാര്‍ കണ്‍വിനറും ഡപ്യൂട്ടി ചെയര്‍മാന്‍ കെ മൊയ്തീന്‍ കോയ ഖജാന്‍ജിയുമായി 101 അംഗ സംഘാടക സമിതി രൂപീകരിച്ചു.

ജനപ്രതിനിധികളും രാഷ്ടീയ പാര്‍ട്ടി പ്രതിനിധികളും സമിതിയുടെ വൈസ് ചെയര്‍മാന്മാരും ജോയിന്റ് കണ്‍വീനര്‍ മാരുമാണ്. ഉദ്ഘാടന സമ്മേളനം ഫറോക്ക് പൂതേരി ഗ്രൗണ്ടില്‍ നടക്കും. പ്രചാരണം, സ്വീകരണം, സജ്ജീകരണം എന്നീ ഉപസമിതികളും രൂപീകരിച്ചു. പ്രവൃത്തി ടെണ്ടര്‍ ചെയ്ത് നിര്‍മ്മാണം ആരംഭിച്ചതായി എം എല്‍ എ പറഞ്ഞു. ഒരു വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തികരിക്കാനാണ് ലക്ഷ്യമിടുന്നത്. വാട്ടര്‍ അതോറിട്ടിയുടെ പ്രാദേശിക ഓഫീസ് ചെറുവണ്ണൂരില്‍ ഉടനെ ആരംഭിക്കുമെന്നും എം എല്‍ എ അറിയിച്ചു. യോഗത്തില്‍ നഗരസഭാദ്ധ്യക്ഷ കെ കമറു ലൈല സ്വാഗതവും സെക്രട്ടറി പി ആര്‍ ജയകുമാര്‍ നന്ദിയും പറഞ്ഞു.