June 4, 2023 Sunday

‘വൃത്തിയുള്ള ശുചിമുറി‘യ്ക്ക് 20 കോടി രൂപ അനുവദിച്ചു

Janayugom Webdesk
December 26, 2019 10:15 pm

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളിലും അടിസ്ഥാന സൗകര്യവികസനത്തിന്റെ ഭാഗമായി അറ്റകുറ്റപ്പണികൾ നടത്തുന്നതിനായ് നടപ്പിലാക്കുന്ന ‘വൃത്തിയുള്ള ശുചിമുറി’ പദ്ധതിക്ക് 20 കോടി രൂപ അനുവദിച്ചു. ആരോഗ്യസുരക്ഷിതത്വത്തിലും ശുചിത്വസംരക്ഷണ സന്ദേശം കുട്ടികളിൽ എത്തിക്കുന്നതിനും ഉതകുന്നതാണ് പദ്ധതി. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ മുഴുവൻ സർക്കാർ സ്കൂളുകളിലേയും ശുചിമുറികൾ പുനരുദ്ധരിക്കുന്നതിനാണ് തുക അനുവദിച്ച് ഉത്തരവായത്. ജനുവരിയോടെ ഇതിനുള്ള നടപടികൾ തുടങ്ങും. ഒരു വർഷത്തിനുള്ളിൽ 30 കുട്ടികൾക്ക് ഒരു ശുചിമുറി എന്ന രീതിയിൽ നിർമ്മിച്ച് വൃത്തിയുള്ള ശുചിമുറികൾ വിദ്യാലയങ്ങളിൽ കുട്ടികൾക്ക് പ്രാപ്യമാക്കും.

ആദ്യഘട്ടത്തിൽ വയനാട് ജില്ലയിലെ എല്ലാ സർക്കാർ സ്കൂളുകൾക്കും ടോയ് ലറ്റ് ബ്ലോക്കുകൾ നിർമ്മിക്കുന്നതിന് 1.5 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. മറ്റു ജില്ലകൾക്ക് ഉടൻ ഭരണാനുമതി നൽകും. ഇതോടൊപ്പം വയനാട് ജില്ലയിലെ സ്കൂളുകൾക്ക് അടിസ്ഥാന സൗകര്യവികസനത്തിന്റെ ഭാഗമായി പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിനുള്ള പാക്കേജും സർക്കാർ തയ്യാറാക്കി. 23 സ്കൂളുകൾക്കായി 20 കോടി രൂപയുടെ പദ്ധതിയാണ് തയ്യാറാക്കിയത്. ഇവയുടെ നിർമ്മാണം ഉടൻ തുടങ്ങുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.