18 March 2024, Monday

Related news

March 1, 2024
February 8, 2024
January 31, 2024
December 1, 2023
November 29, 2023
November 18, 2023
November 10, 2023
November 9, 2023
November 2, 2023
October 6, 2023

2000 രൂപ നോട്ട് പിന്‍വലിച്ചേക്കും; സൂചന നല്‍കി ആര്‍ബിഐ

കെ രംഗനാഥ്
തിരുവനന്തപുരം
March 25, 2023 10:20 pm

കറന്‍സി മേഖലയിലെ പ്രധാനമന്ത്രി മോഡിയുടെ തുഗ്ലക് പരിഷ്കാരത്തിന്റെ സന്തതിയായ 2,000 രൂപയുടെ കറന്‍സി നോട്ടുകള്‍ വൈകാതെ പിന്‍വലിച്ചേക്കും. റിസര്‍വ് ബാങ്കിന്റെ ഉന്നതങ്ങളില്‍ നിന്നാണ് സൂചന. നോട്ടുനിരോധനം എന്ന കുപ്രസിദ്ധ സാമ്പത്തിക നടപടിയിലൂടെ 500, 1000 രൂപയുടെ കറന്‍സി നോട്ടുകള്‍ പിന്‍വലിച്ചശേഷം 2016 മാര്‍ച്ച് എട്ടിന് പുറത്തിറക്കിയതാണ് 2000ത്തിന്റെ നോട്ടുകള്‍. കൈവശമുള്ള 500ന്റെയും 1000ത്തിന്റെയും നോട്ടുകള്‍ മാറിക്കിട്ടാന്‍ ദശലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ മാസങ്ങളോളം ബാങ്കുകള്‍ക്ക് മുന്നില്‍ ക്യൂ നില്ക്കേണ്ടിവന്നു. ക്യൂവില്‍ നില്ക്കേ മരിച്ചുവീണവര്‍ 847 ആണെന്നാണ് ഔദ്യോഗിക കണക്ക്. അനൗദ്യോഗിക കണക്കുകളില്‍ മോഡിയുടെ നോട്ടു നിരോധനത്തിന്റെ രക്തസാക്ഷികളായവര്‍ 2000ലേറെയായി. പ്രതിദിനം നാനൂറോ അഞ്ഞൂറോ രൂപ കൂലി ലഭിക്കുന്ന കോടിക്കണക്കിന് തൊഴിലാളികള്‍ക്കാകട്ടെ 2000 രൂപ നോട്ട് ഒരു പൊതിയാത്തേങ്ങപോലെയായി. 

തുടക്കത്തില്‍ 2000ത്തിന്റെ 32.8 കോടി നോട്ടുകളാണ് അച്ചടിച്ചു പുറത്തിറക്കിയത്. അടുത്ത വര്‍ഷമായപ്പോള്‍ പ്രചാരത്തിലുണ്ടായിരുന്നത് 33.63 കോടി നോട്ടുകള്‍. 2017ല്‍ ആകെ പ്രചാരത്തിലുള്ള ഇന്ത്യന്‍ കറന്‍സികളില്‍ 37.3 ശതമാനം 2,000ത്തിന്റെ കറന്‍സിയായിരുന്നത് അടുത്ത വര്‍ഷം അത് 50.2 ശതമാനമായി ഉയര്‍ന്നു. പിന്നെയങ്ങോട്ട് ഏറ്റവും അപ്രിയ കറന്‍സിയായി മാറി 2,000ത്തിന്റെ നോട്ടുകള്‍. 2020ല്‍ ആകെ പ്രചാരത്തിലുള്ള കറന്‍സികളില്‍ 22.6 ശതമാനം മാത്രമയിരുന്ന 2,000ത്തിന്റെ കറന്‍സി ഇപ്പോള്‍ 16.31 ശതമാനമായി കുത്തനെ കുറഞ്ഞുവെന്നും റിസര്‍വ് ബാങ്ക് വൃത്തങ്ങള്‍ പറയുന്നു.
ഈ അവസ്ഥയെത്തുടര്‍ന്ന് 2000ത്തിന്റെ നോട്ടുകളുടെ അച്ചടി നിര്‍ത്തല്‍ ചെയ്തു. നോട്ടുകള്‍ ആര്‍ക്കും വേണ്ടാത്ത പ്രവണത ദൃശ്യമായിത്തുടങ്ങിയ 2019ല്‍ അച്ചടി നിര്‍ത്തിയെങ്കിലും ഇക്കാര്യം മോഡിസര്‍ക്കാര്‍ ഇതുവരെ മൂടിവയ്ക്കുകയായിരുന്നു. 

ഈയടുത്ത് വിവരാവകാശ നിയമപ്രകാരം നല്‍കിയ രേഖയിലാണ് 2000ത്തിന്റെ അകാലചരമവിവരങ്ങള്‍ റിസര്‍വ് ബാങ്കുതന്നെ പുറത്തുവിട്ടത്. അച്ചടിച്ചെലവിലുള്ള വര്‍ധനമൂലമാണ് അച്ചടി നിര്‍ത്തിയതെന്ന വിശദീകരണവും റിസര്‍വ് ബാങ്കിനുണ്ട്. ആയിരം നൂറു രൂപ നോട്ട് അച്ചടിക്കാന്‍ 1770 രൂപയും 200 രൂപ നോട്ടുകള്‍ 1000ത്തിന് 2370 രൂപയും 500 രൂപ നോട്ടുകള്‍ക്ക് 2290 രൂപയുമാണ് ചെലവ്. അതേസമയം 2,000 രൂപയുടെ 1,000 നോട്ടുകള്‍ അച്ചടിക്കാനുള്ള ചെലവ് 3530 രൂപയാണെന്നും വിവരാവകാശ രേഖയില്‍ പറയുന്നു. 

അച്ചടി നിര്‍ത്തിയതുമൂലം ബാങ്കുകളില്‍ അടുത്തകാലത്ത് 2,000 രൂപയുടെ കറന്‍സികള്‍ക്ക് വന്‍ക്ഷാമം അനുഭവപ്പെട്ടിരുന്നു. ഇതിന്റെ കാരണങ്ങള്‍ തേടിയപ്പോഴാണ് പൂര്‍ണമായും റദ്ദാക്കുകയാണെന്ന സൂചനകള്‍ ബാങ്കുകള്‍ക്ക് ലഭിച്ചത്. 2,000ന്റെ നോട്ട് കരിഞ്ചന്തയ്ക്കും പൂഴ്ത്തിവയ്പിനും നികുതിവെട്ടിപ്പിനും കാരണമാകുന്നുവെന്നാണ് വീണ്ടുമൊരു നോട്ടു റദ്ദാക്കലിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നതിനുള്ള കാരണങ്ങളായി റിസര്‍വ് ബാങ്ക് ചൂണ്ടിക്കാട്ടുക. പകരം 1000 രൂപയുടെ പുതിയ നോട്ടുകളിറക്കാനും 500 രൂപയുടെ കൂടുതല്‍ നോട്ടുകള്‍ അച്ചടിക്കാനുമാണ് റിസര്‍വ് ബാങ്കിന്റെ നീക്കമെന്നും ബാങ്കിങ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. 2,000 രൂപ റദ്ദാക്കുമ്പോഴും ബാങ്കിങ് മേഖലയിലും ഗുണഭോക്താക്കളിലും സാധാരണക്കാരിലും സമ്പദ്‌വ്യവസ്ഥയിലും മാസങ്ങളോളം നീണ്ടുനില്‍ക്കുന്ന ആഘാതമുണ്ടാക്കുമെന്ന വിലയിരുത്തലുമുണ്ട്. 

Eng­lish Summary;Rs 2000 note may be with­drawn; RBI has hinted

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.