24 April 2024, Wednesday

Related news

April 15, 2024
April 5, 2024
April 5, 2024
April 2, 2024
March 30, 2024
March 21, 2024
March 16, 2024
March 1, 2024
February 8, 2024
January 31, 2024

2000 രൂപ നോട്ടുകള്‍ക്ക് നിയമപ്രാബല്യം തുടരും: ആര്‍ബിഐ

Janayugom Webdesk
മുംബൈ/ തിരുവനന്തപുരം
May 22, 2023 11:21 pm

രാജ്യത്ത് രണ്ടായിരം രൂപ നോട്ടുകള്‍ വിനിമയത്തില്‍നിന്ന് പിന്‍വലിച്ചെങ്കിലും നിയമ പ്രാബല്യം തുടരുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്. നോട്ടുകള്‍ നിരോധിച്ചതിന്റെ പശ്ചാത്തലത്തില്‍ വേഗത്തില്‍ വിപണിയില്‍ പണ ലഭ്യത ഉറപ്പാക്കാനാണ് 2000 രൂപയുടെ നോട്ട് രാജ്യത്ത് അവതരിപ്പിച്ചത്. ഈ ലക്ഷ്യം പൂര്‍ത്തിയാക്കിയതിനാലാണ് ഉയര്‍ന്ന മൂല്യമുള്ള 2000 രൂപയുടെ നോട്ട് പിന്‍വലിച്ചത്. അതേസമയം, ഇത് നോട്ട് നിരോധനമല്ല മറിച്ച്‌ നിയമപരമായ സാധുത 2000 രൂപയുടെ നോട്ടിന് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2,000 രൂപയുടെ നോട്ടുകള്‍ തിരികെ നല്‍കാന്‍ സെപ്റ്റംബര്‍ 30 വരെ സാധിക്കും. ഈ പശ്ചാത്തലത്തിലാണ് വിശദീകരണം. തിയതി പിന്നിട്ടാലും നോട്ട് കൈമാറ്റം അനുവദിക്കുമെന്നാണ് ആര്‍ബിഐയുടെ സൂചന.

ആര്‍ബിഐയുടെ കറന്‍സി മാനേജുമെന്റ് പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് നോട്ടുകള്‍ മാറ്റിവാങ്ങുന്നത്. ബാങ്കുകളില്‍ തിരിച്ചെത്തുന്ന നോട്ടുകളുടെ കണക്കനുസരിച്ചാകും സമയപരിധി നീട്ടുകയെന്നും അദ്ദേഹം വ്യക്തമാക്കി. പൊതുജനങ്ങളുടെ ആവശ്യം അനുസരിച്ചായിരിക്കും 500 രൂപയുടെ കൂടുതല്‍ നോട്ടുകള്‍ പുറത്തിറക്കണോ വേണ്ടയോ എന്ന തീരുമാനിക്കുക. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ വളരെ കരുത്തുറ്റതാണ്. ഉക്രെയ്ന്‍ യുദ്ധത്തെ തുടര്‍ന്ന് പാശ്ചാത്യരാജ്യങ്ങളിലെ ബാങ്കുകളില്‍ അരക്ഷിതാവസ്ഥ ഉണ്ടായപ്പോഴും വിനിമയനിരക്ക് മാറ്റമില്ലാതെ തുടരുകയാണെന്നും ശക്തികാന്ത ദാസ് പറഞ്ഞു. ആകെ പ്രചാരത്തിലുള്ള നോട്ടിന്റെ 10.8 ശതമാനം മാത്രമാണ് പിന്‍വലിച്ച നോട്ട് വരുന്നത്. അതുകൊണ്ടുതന്നെ നോട്ട് പിന്‍വലിച്ചതിന്റെ പ്രത്യാഘാതം വളരെ കുറവായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ തിരിച്ചറിയല്‍ രേഖയോ അപേക്ഷാ ഫോമുകളോ നല്‍കാതെ 2000 രൂപ മാറ്റിയെടുക്കാമെന്ന ആര്‍ബിഐയുടെയും എസ്ബിഐയുടെയും തീരുമാനത്തിനെതിരെ ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. 2000 നോട്ടുകള്‍ പൂഴ്ത്തിവെച്ചിരിക്കുന്നത് വിഘടന വാദികളും തീവ്രവാദികളും മയക്കുമരുന്ന് ശൃംഖലകളും ഖനന മാഫിയകളും അഴിമതിക്കാരുമാണ്. അതിനാല്‍ 2000 രൂപയുടെ കൂടുതല്‍ നോട്ടുകള്‍ മാറ്റാന്‍ എത്തുന്നവരെ തിരിച്ചറിയേണ്ടതുണ്ടെന്ന് അഭിഭാഷകനും ബിജെപി നേതാവുമായ അശ്വിനി ഉപാധ്യായ ഹര്‍ജിയില്‍ പറയുന്നു.

ട്രഷറികളില്‍ സ്വീകരിക്കും

2000 രൂപ നോട്ടുകള്‍ സംസ്ഥാനത്ത് ട്രഷറികളില്‍ സ്വീകരിക്കും. നോട്ടുകൾ സ്വീകരിക്കണമെന്ന് സർക്കാർ നിർദേശം നൽകി. രണ്ടായിരത്തിന്റെ നോട്ട് റിസർവ് ബാങ്ക് പിൻവലിച്ചതിനാൽ ട്രഷറികളിൽ നോട്ടുകൾ സ്വീകരിക്കുന്നത് സംബന്ധിച്ച് ആശയക്കുഴപ്പം നിലനിന്നിരുന്നു. ട്രഷറി അക്കൗണ്ടില്‍ നിക്ഷേപിക്കുന്നതിനായി 2000 രൂപ നോട്ടുകള്‍ നല്‍കാമെന്ന് ട്രഷറി ഡയറക്ടറുടെ സര്‍ക്കുലറില്‍ വ്യക്തമാക്കി. എന്നാല്‍ ട്രഷറികളില്‍ നിന്നും 2000 രൂപ നോട്ടുകള്‍ മാറി നല്‍കില്ലെന്നും ഡയറക്ടര്‍ അറിയിച്ചു.

Eng­lish Summary;Rs 2000 notes to remain legal ten­der: RBI

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.