കിഫ്ബി; 23,414 കോടിയുടെ പദ്ധതികള്‍ക്ക് അംഗീകാരം

Web Desk
Posted on June 02, 2018, 10:37 pm

തിരുവനന്തപുരം: കേരളത്തിന്‍റെ അടിസ്ഥാന സൗകര്യവികസന ചരിത്രത്തില്‍ നിര്‍ണ്ണായക ചാലക ശക്തിയായി നിലകൊള്ളുന്ന കിഫ്ബി, 23,414.14 കോടി രൂപയുടെ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി. വിവിധ വകുപ്പുകളിലെ 383 പദ്ധതികള്‍ക്കായാണിത്. പ്രമുഖ റോഡുകള്‍, മലയോര ഹൈവേ, താലൂക്ക് ആശുപത്രി, സുവോളജിക്കല്‍ പാര്‍ക്ക് എന്നിവയുടെ നിര്‍മ്മാണം തുടങ്ങിയ ആറ് പ്രധാന പദ്ധതികള്‍ക്കായി 1030.46 കോടി രൂപ നീക്കിവയ്ക്കാനും കിഫ്ബി എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചു.

കിഫ്ബിവഴിയുള്ള പ്രമുഖ റോഡുകള്‍ അടിസ്ഥാന സൗകര്യ വികസന മേഖലയിലെ പ്രധാന പദ്ധതിയാക്കുന്നതിന്‍റെ ഭാഗമായി നടപ്പാതകള്‍, സൈക്കിള്‍ ട്രാക്ക്, സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കല്‍, ആധുനിക സൗകര്യങ്ങളുള്ള കാത്തിരിപ്പുകേന്ദ്രങ്ങള്‍, വൈഫൈ സൗകര്യം തുടങ്ങിയവയും ഉള്‍പ്പെടുത്തും. ഇതിനുള്ള വിശദമായ പ്രോജക്ട് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി സമര്‍പ്പിക്കാന്‍ എസ്പിവികള്‍ക്ക് നിര്‍ദ്ദേശം നല്‍കാനും തീരുമാനമായി.
പദ്ധതികളുടെ ഗുണനിലവാരവും സാങ്കേതിക മികവും മറ്റും ഉറപ്പുവരുത്തുന്നതിനായി സാങ്കേതിക പരിശോധനാ വിഭാഗത്തിന്റെ കീഴില്‍ ആരംഭം കുറിക്കുന്ന ലാബ് ഇക്യുബ്‌മെന്റിന്റെ ഉദ്ഘാടനം ജൂണ്‍ 21ന് നടത്തും. മോട്ടോര്‍ വാഹന നികുതി, പെട്രോളിയം സെസ് തുടങ്ങിയവയിലൂടെ ലഭിക്കുന്ന തുക സമയബന്ധിതമായി കിഫ്ബിയ്ക്ക് ലഭ്യമാക്കുന്നത് സംബന്ധിച്ച ശുപാര്‍ശ സമര്‍പ്പിക്കുന്നതിനായി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറെ ചുമതലപ്പെടുത്താനും തീരുമാനമായി.

മലയോര ഹൈവെ വികസനത്തിനായി 451 കോടി രൂപ കൂടി അനുവദിച്ചതോടെ പതിനേഴു റീച്ചുകള്‍ക്കായി ആകെ 1426 കോടി രൂപയ്ക്ക് ഭരണാനുമതി ലഭിച്ചു കഴിഞ്ഞു. റോഡ് വികസനത്തിനുള്ള ഭൂമി മുഴുവന്‍ ജനങ്ങള്‍ സ്വമേധയാ വിട്ടുനല്‍കുകയായിരുന്നു. ഈ ജനപിന്തുണയാണ് മലയോര ഹൈവേ പദ്ധതിക്ക് വികസനചരിത്രത്തില്‍ ഇടംതേടാനായത്.
പാറശാല, വാമനപുരം ‑അരുവിക്കര, പുനലൂര്‍-ചടയമംഗലം, പീരുമേട്, ഇടുക്കി, നിലമ്പൂര്‍, നിലമ്പൂര്‍-ഏറനാട്, നിലമ്പൂര്‍— വണ്ടൂര്‍, നാദാപുരം, തിരുവമ്പാടി, കല്‍പ്പറ്റ, മഞ്ചേശ്വരം — കാസര്‍കോട് — ഉദുമ, മഞ്ചേശ്വരം, കാഞ്ഞങ്ങാട് — തൃക്കരിപ്പൂര്‍, കാസര്‍കോട് — ഉദുമ തുടങ്ങിയ 17 റീച്ചുകള്‍ക്കാണ് 1426 കോടിയുടെ അംഗീകാരം ലഭിച്ചത്.
1200 കിലോമീറ്റര്‍ നീളത്തിലാണ് ഹില്‍ഹൈവേ നിര്‍മ്മാണം. ആദ്യഘട്ടത്തില്‍ 650 കിലോമീറ്റര്‍. അതില്‍ 430 കിലോമീറ്ററിനും കിഫ്ബി അംഗീകാരമായി. അങ്ങനെ കേരളത്തിലെ ഏറ്റവും ബൃഹത്തായ അടിസ്ഥാനസൌകര്യ വികസന പദ്ധതി ഉടന്‍ നിര്‍മ്മാണഘട്ടത്തിലേയ്ക്കു പ്രവേശിക്കും. ഈ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുന്നതിനു മുമ്പ് പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.