കേന്ദ്രദുരിതാശ്വാസ നിധിയില്‍ നിന്നും 4,796 കോടി രൂപ അധിക സഹായം ആവശ്യം: മുഖ്യമന്ത്രി

Web Desk
Posted on September 25, 2018, 10:44 pm

ന്യുഡല്‍ഹി: സംസ്ഥാനത്തിന് കേന്ദ്രദുരിതാശ്വാസ നിധിയില്‍ നിന്നും 4,796 കോടി രൂപയുടെ അധിക സഹായം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രധാനമന്ത്രി നരേന്ദ്രമോഡിയെ സന്ദര്‍ശിച്ച് കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് വേണ്ട സഹായങ്ങളും ആവശ്യങ്ങളും അവതരിപ്പിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ലോകബാങ്ക്, എഡിബി, ഐഎഫ്‌സി എന്നീ സ്ഥാപനങ്ങളുടെ സംയുക്ത സഹായം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. പുനര്‍നിര്‍മാണത്തിന് പ്രാഥമികമായി 25,000 കോടി രൂപയാണ് കണക്കാക്കുന്നത്. ഇതിന്റെ കൃത്യമായ കണക്ക് ഒക്ടോബര്‍ മധ്യത്തോടെ വരും. സംസ്ഥാനത്തെ 80 ശതമാനത്തോളം ജനങ്ങളെ നേരിട്ടോ അല്ലാതെയോ ബാധിച്ച ദുരിതമാണിത്. ഇതിന്റെ ആഴവും വ്യാപ്തിയും കണക്കെടുക്കാനുള്ള സാമ്പത്തിക ശേഷി സംസ്ഥാനത്തിന് ഇല്ല. നിര്‍ലോഭമായ കേന്ദ്ര സഹായം ഇക്കാര്യത്തില്‍ ആവശ്യമാണ്, അത് പ്രധാനമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തിന്റെ വായ്പ തോത് നിലവില്‍ 3 ശതമാനം ആണ്. ഇത് 4.5 ശതമാനമാക്കി വര്‍ധിപ്പിക്കണം. അടുത്ത വര്‍ഷം 3.5 ശതമാനമായി നിജപ്പെടുത്തുകയും വേണം. രണ്ട് വര്‍ഷം 16,000 കോടി രൂപയുടെ അധിക വായ്പ ലഭ്യമാകാന്‍ ആണ് ഇളവ് അവശ്യപ്പെട്ടത്.
പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് വച്ച് നല്‍കും. 2500 കോടി രൂപ ഇതിനായി വേണ്ടതായിട്ടുണ്ട്. കേന്ദ്ര റോഡ് ഫണ്ട് ഇനത്തില്‍ 2018–19 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 3,000 കോടി രൂപയുടെ സഹായം നല്‍കണം.
ലോകബാങ്ക് , ഏഷ്യന്‍ വികസന ബാങ്ക് തുടങ്ങിയവ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് ഒക്ടോബര്‍ 1 ന് സംസ്ഥാന ഗവണ്‍മെന്റിനും കേന്ദ്ര ധനമന്ത്രാലയത്തിനും നല്‍കുമെന്നാണ് അറിയിച്ചിട്ടുള്ളത്. തുടര്‍ന്ന്, അന്താരാഷ്ട്ര ധനസ്ഥാപനങ്ങളില്‍ നിന്നുള്ള സഹായവുമായി ബന്ധപ്പെട്ട കാര്യത്തിന് സംസ്ഥാന ഗവണ്‍മെന്റ് സമഗ്രമായ മെമ്മോറാണ്ടം സമര്‍പ്പിക്കും.

പ്രളയത്തില്‍ ആയിരക്കണക്കണക്കിന് ഹെക്ടര്‍ കൃഷി നശിച്ചു. ഗതാഗതം വന്‍ തോതില്‍ തകരാറിലായിട്ടുണ്ട്. റോഡ് വന്‍തോതില്‍ തകരാറിലായി, പാലങ്ങള്‍ തകര്‍ന്ന് പോയി. ലക്ഷക്കണക്കിന് ആളുകളുടെ ജീവനോപാധി നഷ്ടപ്പെട്ടു. നല്ല രീതിയില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ സാധിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ക്യാമ്പുകളില്‍ ഇപ്പോഴും 700 കുടുംബങ്ങള്‍ കഴിയുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനത്തിന് തയ്യാറെടുക്കുകയാണ്. കണ്ണൂരേക്ക് വിദേശ എയര്‍ലൈനുകളെ അനുവദിക്കണമെന്ന് മുമ്പ് ഒരുതവണ പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചിരുന്നതാണ്. എന്നാല്‍ ഇതുവരെ ഇക്കാര്യത്തില്‍ ഒരു പുരോഗതി ഉണ്ടായിട്ടില്ലാത്തതിനാല്‍ വീണ്ടും അദ്ദേഹത്തിന്റെ ഇടപെടല്‍ തേടിയെന്നും ഇക്കാര്യത്തില്‍ അദ്ദേഹത്തിന്റെ ഉറപ്പു ലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.