ചെറുതോണിയുടെ പുനരുദ്ധാരണത്തിന് പൊതുമരാമത്ത് വകുപ്പ് മുഖേന 5 കോടി

Web Desk
Posted on December 13, 2019, 9:08 pm

ചെറുതോണി: പ്രളയത്തില്‍ തകര്‍ന്ന ചെറുതോണിയുടെ പുനരുദ്ധാരണത്തിനായി പൊതുമരാമത്ത് വകുപ്പുമുഖേന അഞ്ച് കോടി രൂപയുടെ പദ്ധതിക്ക് തുക അനുവദിച്ച് ഉത്തരവായതായി റോഷി അഗസ്റ്റിന്‍ എംഎല്‍എ അറിയിച്ചു. ചെറുതോണിയില്‍ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുക, ഇരുവശങ്ങളും ഐറിഷ് ഓടകള്‍ നിര്‍മ്മിച്ച് വീതി കൂട്ടുക, കൂടുതല്‍ പാര്‍ക്കിംഗ് സൗകര്യങ്ങള്‍ ഒരുക്കുക, ഓടകളും ശുചിത്വ സംവിധാനങ്ങളും ഏര്‍പ്പെടുത്തുക, കാല്‍നടയാത്രക്കാര്‍ക്ക് യാത്രാസൗകര്യം ഒരുക്കുക തുടങ്ങിയവ പദ്ധതിയുടെ ഭാഗമായി നടപ്പാക്കും.

you may also like this video

കഴിഞ്ഞ പ്രളയത്തില്‍ ചെറുതോണിയിലുണ്ടായിരുന്ന താല്കാലിക പാര്‍ക്കിംഗ് സൗകര്യവും ബസ് സ്റ്റാന്റും പൂര്‍ണ്ണമായും ഒലിച്ചുപോയിരുന്നു. ബസ് സ്റ്റാന്റിനോട് ചേര്‍ന്നുണ്ടായിരുന്ന ടാക്സി പാര്‍ക്കിംഗ് ഏരിയയും ഇല്ലാതായതോടെ വഴിയോരങ്ങളിലാണ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരുന്നത്. എംഎല്‍എ ഫണ്ട് വിനിയോഗിച്ച് പൊലീസ് സ്റ്റേഷന് സമീപം ബസ് സ്റ്റാന്റ് നിര്‍മ്മാണം നടത്തിവരികയാണ്. ജില്ലാ ആസ്ഥാനത്തെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം കാണിച്ച് പൊതുമരാമത്ത് മന്ത്രി ജി സുധാകരനുമായി നടത്തിയ എംഎല്‍എ ചര്‍ച്ചയെ തുടര്‍ന്നാണ് മന്ത്രി തുക അനുവദിച്ചത്. സംസ്ഥാന ബജറ്റില്‍ 20 ശതമാനം തുക ഉള്‍പ്പെടുത്തി പ്രൊവിഷന്‍ നല്‍കിയിട്ടുളള പ്രകാശ്-കരിക്കുംമേട്-ഉപ്പുതോട് റോഡ്, മേലേചിന്നാര്‍— പെരുംതൊട്ടി-കനകക്കുന്ന് റോഡ് എന്നിവയ്ക്കുകൂടി തുക അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് കത്തു നല്‍കുമെന്നും എംഎല്‍എ അറിയിച്ചു.