6,02,000 കോടിയുടെ വിദേശനിക്ഷേപം പിന്‍വലിച്ചു

Web Desk
Posted on September 29, 2018, 10:36 pm

കെ രംഗനാഥ്

ദുബായ്: വിദേശനിക്ഷേപകര്‍ കൂട്ടത്തോടെ ഇന്ത്യ വിടുന്നു. കഴിഞ്ഞ ഒന്‍പത് മാസത്തിനിടയില്‍ ഇന്ത്യയിലെ ഓഹരികളിലും വ്യവസായ, വാണിജ്യ മേഖലകളിലും വിദേശികള്‍ നിക്ഷേപിച്ച 6,02,000 കോടി രൂപ പിന്‍വലിച്ചത് സമ്പദ്ഘടനയില്‍ വന്‍ ആഘാതമാണുണ്ടാക്കിയതെന്ന് ഗള്‍ഫിലെ സാമ്പത്തിക നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഇന്ത്യയില്‍ നിക്ഷേപം നടത്തിയിരുന്ന ബഹുരാഷ്ട്ര ഭീമന്‍മാര്‍ നിക്ഷേപം പിന്‍വലിച്ച് യുഎഇയിലേക്ക്, പ്രതേ്യകിച്ച് ദുബായിലേക്ക് ചുവടുമാറ്റം നടത്തുന്നുവെന്നാണ് സൂചന. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ബ്രിട്ടനിലെ ഏറ്റവും വലിയ ബിസിനസ് സാമ്രാജ്യമായ ഹിന്ദുജ ഗ്രൂപ്പ് അവരുടെ തലസ്ഥാനം ദുബായിലേക്ക് മാറ്റാന്‍ തീരുമാനിച്ചതും ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നത് നഷ്ടക്കച്ചവടമാകുമെന്ന വിശദീകരണത്തോടെയായിരുന്നു. ഇതോടെ വിദേശനിക്ഷേപത്തെ ആശ്രയിച്ചുള്ള പ്രധാനമന്ത്രി മോഡിയുടെ ‘മേക്ക് ഇന്‍ ഇന്ത്യാ’ പദ്ധതിയാണ് തകര്‍ന്നടിയുന്നതെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 25 മേഖലകളില്‍ വിദേശനിക്ഷേപകരെ ആകര്‍ഷിച്ച് ‘മേക്ക് ഇന്ത്യ’യിലൂടെ ലക്ഷക്കണക്കിന് തൊഴില്‍രഹിതര്‍ക്കു തൊഴില്‍ നല്‍കുമെന്ന വാഗ്ദാനവുമായി 2014 സെപ്റ്റംബര്‍ 25ന് മോഡി പ്രഖ്യാപിച്ച പദ്ധതിയാണ് വടി കുത്തിപ്പിരിയുന്നത്.

ഒരു സമ്പദ്‌വ്യവസ്ഥയില്‍ നിന്ന് ചുരുങ്ങിയ കാലയളവിനുള്ളില്‍ 6,02,000 കോടിയുടെ വിദേശനിക്ഷേപം പൊടുന്നനേ പിന്‍വലിക്കുന്നത് ആ സമ്പദ്ഘടന തകരുന്നതിന്റെ സൂചനയായാണ് നിരീക്ഷകര്‍ കാണുന്നത്. ഒരിക്കല്‍ കരുത്തു നേടിയിരുന്ന ഇന്ത്യന്‍ രൂപ ഇപ്പോള്‍ ഏഷ്യയിലെയെന്നല്ല ലോകത്തെ തന്നെ ഏറ്റവും ദുര്‍ബലമായ കറന്‍സിയായി മാറിയത് വിദേശനിക്ഷേപങ്ങള്‍ പിന്‍വലിക്കുന്നതിന് ആക്കം കൂട്ടുന്നു. ഇനിയും രൂപയുടെ മൂല്യം ഇടിയുമെന്നതിനാല്‍ വിദേശനിക്ഷേപകരുടെ തിരിച്ചൊഴുക്കിന്റെ വേഗം വര്‍ധിക്കുമെന്നാണ് നിര്‍മല്‍ ബാംഗ് ഇക്വിറ്റീസിലെ സാമ്പത്തിക വിദഗ്ധയായ തെരേസാ ജോണിന്റെ കണക്കുകൂട്ടല്‍, ഗള്‍ഫിലെ ഏറ്റവും ശക്തമായിക്കൊണ്ടിരിക്കുന്ന കറന്‍സിയായ യുഎഇ ദിര്‍ഹവുമായുള്ള വിനിമയനിരക്കില്‍ രൂപയുടെ മൂല്യത്തകര്‍ച്ച ഇരുപതുശതമാനത്തില്‍ എത്താറായി. ഒരു ദിര്‍ഹം വാങ്ങണമെങ്കില്‍ 20.27 രൂപ നല്‍കണമെന്നതാണ് ഇന്നലത്തെ നിരക്ക്. എട്ടുമാസം മുമ്പ് 15.4 രൂപ നല്‍കിയാല്‍ ഒരു ദിര്‍ഹം ലഭിക്കുമായിരുന്നു. ഡോളറുമായുള്ള വിനിമയ നിരക്കിലും റെക്കോഡ് തകര്‍ച്ചയുമാണ് രൂപയുടെ പതനങ്ങളിലേക്കുള്ള കുതിപ്പ്.

അഞ്ച് വര്‍ഷത്തിനിടെയുള്ള ഏറ്റവും വലിയ വ്യാപാരകമ്മിയിലൂടെ രാജ്യം കടന്നുപോകുമ്പോള്‍ 84,000 കോടിയുടെ ഇറക്കുമതി തീരുവ ചുമത്തി രൂപയെ രക്ഷിക്കാന്‍ ഇക്കഴിഞ്ഞ ബുധനാഴ്ച മോഡി സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനത്തെ ശുദ്ധമണ്ടത്തരമെന്നാണ് ഗള്‍ഫിലെ സാമ്പത്തിക നിരീക്ഷകര്‍ വിശേഷിപ്പിക്കുന്നത്. ഇതുമൂലം ഇറക്കുമതി കുറയുകയും ആഭ്യന്തര കമ്പോളത്തില്‍ വിലക്കുതിപ്പ് അനുഭവപ്പെടുകയുമാവും ഫലം. രൂപയെ രക്ഷിക്കാനുള്ള നടപടികള്‍ ധനക്കമ്മിയില്‍ 0.2 ശതമാനത്തിന്റെ കുറവുപോലും വരുത്താന്‍ പര്യാപ്തമല്ലെന്ന് ഡിബിഎസ് ബാങ്കിലെ ആഷിഷ് വൈദ്യ ചൂണ്ടിക്കാട്ടുന്നു.

എണ്ണവില ഇന്നലെ ബാരലിന് 81.56 ഡോളറായി കുതിച്ചുയര്‍ന്നത് വിദേശനാണ്യകരുതല്‍ അതിവേഗം ആവിയായിക്കൊണ്ടിരിക്കുന്ന പ്രവണതയും ത്വരിതപ്പെടുത്തും. രൂപയുടെ മേലുള്ള സമ്മര്‍ദവും വരുംനാളുകളില്‍ ഭയാനകമാം വിധം വര്‍ധിക്കുന്നതിന്റെ ഫലമായി ഇന്ത്യന്‍ കറന്‍സിക്ക് ഇനി പിടിച്ചുകയറാനുള്ള പഴുതൊന്നും സാമ്പത്തികവിദഗ്ധര്‍ കാണുന്നുമില്ല. അടുത്ത തെരഞ്ഞെടുപ്പ് വര്‍ഷമാകുമ്പോഴേക്കും ഡോളറുമായുള്ള രൂപയുടെ മൂല്യം നൂറിലെത്തിയാലും അത്ഭുതപ്പെടാനില്ലെന്നാണ് നാണയകാര്യ നിരീക്ഷകരുടെ പ്രവചനം.