Monday
23 Sep 2019

കണ്ണട വിവാദം പുകയുമ്പോൾ; പന്ന്യന്റെ കണ്ണടയ്ക്ക് 90 രൂപ!

By: Web Desk | Thursday 8 February 2018 10:49 AM IST


തിരുവനന്തപുരം : കണ്ണട വിവാദം രാഷ്ട്രീയ- സാമൂഹ്യ രംഗത്തെല്ലാം ചൂടേറിയ ചര്‍ച്ചാവിഷയമായിരുന്നു. ഇതിനിടെ മുന്‍ എംപിയും സിപിഐ നേതാവുമായ പന്ന്യന്‍ രവീന്ദ്രന്‍ കണ്ണട വാങ്ങിയ കഥ യാണിപ്പോൾ സോഷ്യൽ മീഡിയയിൽ കൈയ്യടി വാങ്ങുന്നത്. പന്ന്യന്റെ കണ്ണടയ്ക്ക് 90 രൂപ മാത്രമേ ചിലവായൂള്ളൂ എന്ന് മലയാള മനോരമ ലേഖകൻ സുജിത് നായര്‍ ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു. പന്ന്യൻ തന്നെയാണ് ഇക്കാര്യം സുജിത്തിനോട് പങ്കു വച്ചത്.

പോസ്റ്റിന്റെ പൂര്‍ണരൂപം

കണ്ണടവിവാദത്തെക്കുറിച്ചു സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ സിപിഐയുടെ ഉന്നതനായ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ സഹജമായ നിഷ്‌കളങ്കതയോടെ പറഞ്ഞു. ” ഈ കണ്ണട ബിസിനസില്‍ തന്നെ എല്ലാവരേം വിശ്വസിക്കാന്‍ പറ്റില്ല. ഓരോ കടേലും ഓരോ രീതിയാണ്. എനിക്കനുഭവമുണ്ട്”
എന്തു പറ്റിയെന്നു ഞാന്‍ ചോദിച്ചു. രവിയേട്ടന്‍ കുറച്ചുനാള്‍ മുമ്പ് തിരുവനന്തപുരത്ത് റീഡിങ് ഗ്‌ളാസ് വാങ്ങാന്‍ പോയി. ഇഷ്ടപ്പെട്ട ഒന്നിനു വില ചോദിച്ചപ്പോള്‍ 650 രൂപ. ‘ ”ഇത്രയൊന്നും എന്റെ കയ്യില്‍ തരാനില്ലപ്പായെന്ന് പറഞ്ഞു”
അപ്പോള്‍ വാങ്ങിച്ചില്ലേ? ഞാന്‍ ചോദിച്ചു.
”അല്ലല്ല, അവിടുന്നു വാങ്ങിയില്ല. വേറെ കടേല്‍പോയി”
എന്നിട്ട്?
” 90 രൂപേടെ അവിടെ ഉണ്ടായിരുന്നു. ഒരു കുഴപ്പോമില്ല”
” 90 രൂപയ്ക്ക് ഇക്കാലത്ത് കണ്ണട കിട്ടുമോ?’
”റീഡിങ് ഗ്‌ളാസ് കിട്ടും. ആറുമാസം മുമ്പാണ് ആദ്യം അതു വാങ്ങിയത്.കയ്യില്‍ നിന്നു കളഞ്ഞുപോയപ്പോള്‍ കുറച്ചുദിവസം മുമ്പ് വീണ്ടും അതേ കടേല്‍ പോയി. 10 രൂപ പക്ഷെ, കൂടി. 100 രൂപയ്ക്കു കിട്ടി. എനിക്കു ധാരാളം!’
സിപിഐയുടെ കേന്ദ്രസെക്രട്ടേറിയറ്റ് അംഗവും മുന്‍ ലോക്‌സഭാംഗവുമാണ് ഈ മനുഷ്യന്‍! ഇങ്ങനെയും ഇപ്പോള്‍ കണ്ണട വാങ്ങുന്നവരുണ്ട്. ആ റീഡിങ് ഗ്‌ളാസുകൊണ്ട് ഈ കുറിപ്പ് വായിച്ച്, എന്തു പറയും എന്നതിലൊരു കൗതുകം ഇപ്പോഴുണ്ട്!

Related News