സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഉർജ്ജസ്വലമായി നടന്നു കൊണ്ടിരിക്കുകയാണ്. ലോക രാഷ്ട്രങ്ങൾ തന്നെ സംസ്ഥാനത്തെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് രംഗത്തു വന്നും കഴിഞ്ഞു.
ഇതിനിടയിൽ കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സർക്കാരിനെതിരെ വിമർശനവുമായി രംഗത്ത് വന്നിരുന്നു. കോവിഡ് നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വിവരങ്ങള്‍ സ്പ്രിംഗ്ളർ എന്ന അമേരിക്കൻ സ്വകാര്യ കമ്പനിക്ക് സര്‍ക്കാര്‍ വില്‍ക്കുകയാണെന്നായിരുന്നു എന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം ഉന്നയിച്ച ആരോപണം. ഈ ആരോപണത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് സംവിധായകൻ ആർ എസ് വിമൽ. തന്റെ ഫേസ്ബുക്കിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പ്രതിപക്ഷനേതാവ് പറഞ്ഞ Sprinklr എന്ന സ്ഥാപനത്തിന്റെ ഉടമ മലയാളിയായ രാജി തോമസാണ് എന്നാണ് ഫേയ്സ്ബുക്ക് കുറിപ്പിലൂടെ വിമൽ പറയുന്നത്. അദ്ദേഹത്തെ ആരോ തെറ്റിദ്ധരിപ്പിച്ചതാണെന്നും കേരളത്തെ സഹായിക്കാനാണ് Sprinklr ശ്രമിച്ചതെന്നുമാണ് സംവിധായകൻ കുറിച്ചത്. വിമൽ സംവിധാനം ചെയ്ത എന്ന് നിന്റെ മൊയ്തീനിന്റെ നിർമാതാവായിരുന്നു രാജി തോമസ്.
കുറുപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ.…
പ്രിയ സ്നേഹിതരേ,
കോവിഡ് 19മായി ബന്ധപ്പെട്ട് ബഹുമാനപ്പെട്ട പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഇന്ന് നടത്തിയ പത്രസമ്മേളവുമായി ബന്ധപ്പെട്ട ഒരു വിവരത്തിന്റെ പേരിലാണ് എനിക്കീ കുറിപ്പ് ഇടേണ്ടി വരുന്നത്. സംസ്ഥാനത്ത് കോവിഡുമായി ബന്ധപ്പെട്ട ഡേറ്റകള്‍ അമേരിക്കന്‍ കമ്പനിയായ Sprinklrന് ചോര്‍ത്തി കൊടുത്ത് കച്ചവടം നടത്തുന്നൂ എന്നാണ് ആ വാര്‍ത്ത. പ്രതിപക്ഷനേതാവിന്റെ വാക്കുകളില്‍ നിന്നും അദ്ദേഹത്തെയാരോ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടെന്ന് വേണം കരുതാന്‍. ബഹുമാനപ്പെട്ട പ്രതിപക്ഷനേതാവിന്റെ അറിവിലേക്ക്, ലോകമെമ്പാടും പതിനായിരക്കണക്കിന് പേര് ജോലി ചെയ്യുന്ന Sprinklr എന്ന അമേരിക്കന്‍ സ്ഥാപനത്തിന്റെ സ്ഥാപകനും സി.ഇ.ഒ.യും മലയാളിയായ രാജി തോമസ് ആണ്. ശ്രീ.രാജി തോമസ് എനിക്ക് സുഹൃത്ത് മാത്രമല്ല, സഹോദരതുല്ല്യന്‍ കൂടിയാണ്. കൈവിട്ടുപോകുമെന്ന് കരുതിയൊരു ജീവിതം എനിക്ക് തിരിച്ചു തന്ന ആളാണ് രാജി. ‘എന്ന് നിന്റെ മൊയ്തീന്’ എന്ന സിനിമ പുറത്ത് വരാതിരിക്കാന്‍ നിര്‍മ്മാതാക്കളില്‍ ഒരാള്‍ തന്നെ തീവ്രശ്രമം നടത്തിയപ്പോള്‍ രാജി തോമസാണ് എനിക്ക് കൈത്താങ്ങായത്. സത്യത്തില്‍ രാജിതോമസ് ഇല്ലായിരുന്നെങ്കില്‍ ‘എന്ന് നിന്റെ മൊയ്തീന്’ എന്ന സിനിമ ഒരിക്കലും സംഭവിക്കില്ലായിരുന്നൂ. കഠിനാദ്ധ്വാനം കൊണ്ട് അമ്പരപ്പിക്കുന്ന ബിസിനസ് സാമ്രാജ്യം രൂപപ്പെടുത്തിയ ആളാണ് രാജി തോമസ്. ജീവിതത്തോടുള്ള എന്റെ സമീപനം കണ്ടിട്ടാണ് അദ്ദേഹം എന്നേയും ഒപ്പം കൂട്ടിയത്. ഇപ്പോള്‍ പ്രതിപക്ഷനേതാവ് ആരോപിച്ചിരിക്കുന്ന വിവാദവിഷയവുമായി ബന്ധപ്പെട്ട്, രാജി തോമസുമായി സംസാരിച്ചതില്‍ നിന്നും ഞാന്‍ മനസിലാക്കുന്നത് കേരളത്തെ സഹായിക്കാനായി Sprinklr നടത്തിയൊരു ശ്രമമായിട്ടാണ്. കൊറോണയെന്ന മഹാവിപത്തിന് മുന്നില്‍ നൂറ് ശതമാനം ചങ്കുറപ്പോടെ പ്രതിരോധിച്ച് നിന്നവരാണ് മലയാളികള്‍. അതിലൊരാളാണ് Sprinklrന്റെ തലവനും മലയാളിയുമായ രാജിതോമസ്. വിവാദങ്ങളുടെ ആഴത്തിലുള്ള വിശദാംശങ്ങളിലേക്ക് ഞാന്‍ കടക്കുന്നില്ല. ഔദ്യോഗികമായി ഇക്കാര്യങ്ങള്‍ Sprinklr തന്നെ വ്യക്തമായി രേഖപ്പെടുത്തും.
സ്നേഹപൂര്‍വ്വം,
ആര്.എസ്.വിമല്‍
എന്ന് നിന്റെ മൊയ്തീന് ചിത്രീകരണ വേളയിൽ ഞാനും ശ്രീ. രാജി തോമസും Ragy Thomas
English summary: rs vimal kumar viral facebook post
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.