August 15, 2022 Monday

Related news

August 15, 2022
August 15, 2022
August 14, 2022
August 13, 2022
August 13, 2022
August 13, 2022
August 13, 2022
August 13, 2022
August 12, 2022
August 10, 2022

വീണ്ടും സംപൂജ്യ ആർഎസ്‌പി; മത്സരിച്ച അഞ്ചുസീറ്റിലും തോറ്റു; പാർട്ടിയിൽ അതൃപ്തി

Janayugom Webdesk
തിരുവനന്തപുരം
May 3, 2021 2:50 pm

തുടര്‍ച്ചയായ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പിലും ദയനീയ പരാജയമേറ്റുവാങ്ങിയിരിക്കുകയാണ് ആർഎസ്‌പി. മത്സരിച്ച അഞ്ചുസീറ്റിലും തോറ്റു. ചവറ, ഇരവിപുരം, കുന്നത്തൂർ, ആറ്റിങ്ങൽ, മട്ടന്നൂർ മണ്ഡലങ്ങളിലാണ്‌ ആർഎസ്‌പി മത്സരിച്ചത്‌. ഇതോടെ കേരള രാഷട്രീയത്തില്‍നിന്നും ആര്‍എസ് പി അപ്രത്യക്ഷമാകുകയാണ് . ദേശീയ തലത്തില്‍ ഇടതുപാര്‍ട്ടിയായി നില്‍ക്കുന്ന ആര്‍എസ് പിക്ക് കേരളത്തിലുണ്ടായ കനത്ത പരാജയം വരും ദിവസങ്ങളില്‍ വന്‍ പൊട്ടിത്തെറിക്ക് ഇടയാക്കും. യുഡിഎഫ് ബന്ധം വിടണമെന്ന് പാര്‍ട്ടി അണികള്‍ ആവശ്യപ്പെട്ടിട്ട് നാളുകളായി. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ആര്‍എസ് പിക്ക് നല്‍കിയ സീറ്റുകളിലെല്ലാം കോണ്‍ഗ്രസ് റിബല്‍ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ചിരുന്നു. അന്നേ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടാണ് യുഡിഎഫ് ബന്ധം ഉപേക്ഷിക്കാന്‍.

കൊല്ലം ലോക്‌സഭാ സീറ്റിന്‌ അവകാശവാദം ഉന്നയിച്ച്‌ 2014ൽ ആണ്‌ ആർഎസ്‌പി എൽഡിഎഫ്‌ വിട്ടത്‌. തുടർന്ന്‌ കൊല്ലത്ത്‌ ഒറ്റയ്‌ക്കു മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു. അന്ന്‌ യുഡിഎഫ്‌ പക്ഷത്തായിരുന്ന ഷിബു ബേബിജോൺ ആർഎസ്‌പിയെ യുഡിഎഫിൽ എത്തിക്കുന്നതിൽ വലിയ പങ്കുവഹിച്ചു‌. ഇതിനിടെ കോവൂർ കുഞ്ഞുമോൻ രാജിവച്ച്‌ ആർഎസ്‌പി (എൽ) രൂപീകരിച്ച്‌ എൽഡിഎഫിനൊപ്പം നിന്നു. പിന്നീട്‌ ആർഎസ്‌പിയും ആർഎസ്‌പി ബിയും ലയിച്ചതോടെ പാർടി ഷിബു ബേബിജോണിന്റെയും എൻ കെ പ്രേമചന്ദ്രന്റെയും കൈപ്പിടിയിലായി. എ എ അസീസിനെ മത്സരരംഗത്തുനിന്ന്‌ മാറ്റിനിർത്തുന്നതിൽവരെ കാര്യങ്ങളെത്തി. ഇരവിപുരം സീറ്റ് സംസ്ഥാന സെക്രട്ടറി കൂടിയായ എ എ അസീസിന്‍റെ സീറ്റാണ്. എന്നാല്‍ ഇത്തവണ അസീസിനെ ഒഴിവാക്കി ബാബുദിവാകരനെ മത്സരിപ്പിച്ചു.ഇതിനു പിന്നില്‍ ഷിബുവും, പ്രേമചന്ദ്രനുമാണ്. ഇവരോടുള്ള എതിര്‍പ്പ് വരും നാളുകളില്‍ കൂടി വരികയാണ് ‌. ആർഎസ്‌പിക്കു നൽകിയ ആറ്റിങ്ങലും കയ്‌പമംഗലവും വിജയസാധ്യതയില്ലാത്ത സീറ്റുകളാണെന്നും മാറ്റിനൽകണമെന്നുമുള്ള ആവശ്യത്തെ തുടർന്ന്‌ പകരം നൽകിയത്‌ മട്ടന്നൂരായിരുന്നു. ഷിബു ബേബിജോൺ ചവറയിൽ തുടർച്ചയായി രണ്ടാംവട്ടവും തോറ്റത്‌ കനത്ത തിരിച്ചടിയായി.പാർട്ടി മത്സരിച്ചമണ്ഡലങ്ങളിൽ കോൺഗ്രസിൽ നിന്ന്കാര്യമായ പിന്തുണ ഉണ്ടായില്ലെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്

പിളരുന്തോറും വളരുന്ന പാര്‍ട്ടിയെന്ന പ്രസിദ്ധി കേരള കോണ്‍ഗ്രസിന് സാക്ഷാല്‍ കെ എം മാണി നല്‍കിയ നിര്‍വചനമാണ്, എന്നാല്‍ തളരുന്ന പാര്‍ട്ടിയെന്ന ചോദ്യത്തിന് ഉത്തരം അത് വൈകാതെ തന്നെ ആര്‍എസ്പിക്ക് ലഭിക്കും. പ്രേമന്‍— ഷിബു കൂട്ടുകെട്ടിന്റെ സംഭാവനയാണ്. പാളയത്തില്‍ പട കാരണം ആണ് ആര്‍ എസ് പിക്ക് എല്‍ഡിഎഫില്‍ കൊല്ലം സീറ്റ് നഷ്ടമായത്. തുടര്‍ന്ന് രാജ്യസഭയില്‍ എംപിയായി പ്രവര്‍ത്തിക്കുവാന്‍ അദ്ദേഹത്തെ എല്‍ഡിഎഫ് സഹായിച്ചു. തുടര്‍ന്ന് വി എസ് അച്യുതാനന്ദന്‍റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാരില്‍ മന്ത്രിയായിരുന്ന പ്രേമചന്ദ്രന് വീണ്ടും എംഎല്‍എ ആകാന്‍ കഴിഞ്ഞില്ല.

അധികാര പദവികളില്‍ ഇല്ലാതെ അഞ്ചു കൊല്ലം നില്‍ക്കേണ്ടി വരുന്നതിന്റെ അസാസ്ഥ്യം താങ്ങാനാകാതെയാണ് എംപി സ്ഥാനത്തിനുവേണ്ടി യുഡിഎഫിലേക്ക് ചാടിയതെന്ന് ഇപ്പോള്‍ ആര്‍എസ്പി കേന്ദ്രങ്ങളില്‍ നിന്നും പുറത്തുവരുന്ന വാര്‍ത്തകള്‍. കേരളത്തില്‍ ആര്‍ എസ് പി യുടെ പ്രവര്‍ത്തനം ഇങ്ങനെയാണു പോകുന്നതെങ്കില്‍ പാര്‍ട്ടിയില്‍ നില്‍ക്കുവാന്‍ തങ്ങളില്ലെന്ന നിലപാടിലാണ് കൊല്ലം അടക്കമുള്ള ജില്ലയിലെ നേതാക്കളും അണികളും, എല്‍ഡിഎഫിനൊപ്പം നില്‍ക്കുമ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വിലയ അംഗീകാരമാണ് കിട്ടിയിരുന്നത്. എന്നാല്‍ ഇന്നും തികച്ചും വ്യത്യസ്തമാണ്.കേവലം ഒരു വ്യക്തിക്ക് മാത്രംഎംപി സ്ഥാനം മതിയോയെന്ന ചോദ്യം അണികള്‍ ചോദിച്ചു തുടങ്ങി.

ബേബി ജോണിന്‍റെ ചവറയില്‍ പാര്‍ട്ടിക്ക് ഉണ്ടാകുന്ന കനത്ത പാരാജയത്തിന്‍റെ വെളിച്ചത്ത് യുഡിഎഫ് മുന്നണിവിട്ട് പുറത്തുവരണമെന്ന ആവശ്യം ശക്തമായികൊണ്ടിരി്ക്കുന്നു. എല്‍ഡിഎഫിന്‍റെ ഭാഗമായുള്ള ആര്‍എസ്പി (എല്‍), ആര്‍എസ്പി (ലെഫ്ററ് ) എന്നീ കക്ഷികളിലേക്ക് പോകുന്നതിനെപ്പറ്റി പാര്‍ട്ടി അണികള്‍ ചിന്തിച്ചു തുടങ്ങി. എല്‍ഡിഎഫ് ആണ് ശരിയെന്നും വര്‍ഗീയതയെ എതിര്‍ക്കുവാനും മതനിരപേക്ഷ ഉയര്‍ത്തിപ്പിടിക്കുവാനും എല്‍ഡിഎഫിനേ കഴിയുയെന്നുള്ളതാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്നണിക്കുണ്ടായ ഉജ്വല വിജയത്തിനു പിന്നിലെന്നും അവര്‍ പറയുന്നു. കൂടെ നില്‍ക്കുന്നവരെ ചരിക്കുന്ന സ്വാഭാവം എല്‍ഡിഎഫിനില്ലെന്നും നേതൃത്വം ഇനിയെങ്കിലും തിരിച്ചറിയണമെന്നും അണികള്‍ അഭിപ്രായപ്പെട്ടു.

ദേശീയ തലത്തില്‍ കോണ്‍ഗ്രസ്-ബിജെപി വിരുദ്ധ ബദല്‍അനിവാര്യമാണ്. അതിനായി ഇടതുപക്ഷത്തിന് നിര്‍ണ്ണായക പങ്കാണുളളത്. ദേശീയ തലത്തിലെ മതേതര ചേരി ശക്തിപ്പെടുത്താന്‍ ഇടതുപക്ഷത്തിനേ കഴിയുയന്നു തെളിഞ്ഞിരിക്കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ കേരളത്തില്‍ ആര്‍എസ് പി മുന്നണി വിട്ടേ മതിയാകു. ഇല്ലെങ്കില്‍ തങ്ങള്‍ എല്‍ഡിഎഫിന്‍െ ഭാഗമാകുമെന്നും വിവിധ ജില്ലകളില്‍ നിന്നുമുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞു. വരും ദിവസങ്ങളില്‍ കൂടുന്ന ആര്‍എസ്പിയുടെ വിവിധ യോഗങ്ങളില്‍ ഈ ആവശ്യം ഉയരും. പാര്‍ട്ടി നേതൃത്വം ഉചിതമായ തീരുമാനം എടുത്ത് കോണ്‍ഗ്രസും., യുഡിഎഫുമായുള്ള ബന്ധം വിശ്ചേദിച്ച് പുറത്തു വന്നില്ലെങ്കില്‍ ആര്‍എസ്പി എന്ന പാര്‍ട്ടിയില്‍ ഏതാനും നേതാക്കള്‍മാത്രം അവശേഷിക്കും.

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.