20 June 2024, Thursday

Related news

June 14, 2024
June 12, 2024
June 11, 2024
June 10, 2024
June 10, 2024
June 9, 2024
June 8, 2024
June 7, 2024
June 6, 2024
June 6, 2024

ആര്‍എസ്പി നേതൃത്വത്തിന്റെ തീരുമാനത്തില്‍ അണികള്‍ അമര്‍ഷത്തില്‍; നിരവധി പ്രവര്‍ത്തകര്‍ പാര്‍ട്ടിവിടുന്നു

പുളിക്കല്‍ സനില്‍ രാഘവന്‍
തിരുവനന്തപുരം
September 6, 2021 10:23 am

ആര്‍ എസ് പി സംസ്ഥാന നേതൃത്വത്തിന്‍റെ തീരുമാനത്തില്‍ പാര്‍ട്ടി അണികള്‍ അമര്‍ഷത്തില്‍. പല പ്രവര്‍ത്തകരും കനത്ത പ്രതിഷേധത്തിലാണ്. സംസ്ഥാന കമ്മിറ്റി കൂടി യുഡിഎഫ് വിട്ട് പുറത്തു വരുന്നമെന്ന പ്രതീക്ഷയിലായിരുന്നു, കൊല്ലം അടക്കമുള്ള ജില്ലയിലെ പ്രവര്‍ത്തകര്‍, എന്നാല്‍ പാര്‍ട്ടി നേതൃത്വം അണികളെ നിരാശപ്പെടുത്തിയിരിക്കുന്നു. പലരും പാര്‍ട്ടി വിടുന്നത് ആലോചിച്ചിരിക്കുന്നു.
ആർ എസ് പിയെ പൂർണമായും കൈപ്പിടിയിലൊതുക്കി എൻ കെ പ്രേമചന്ദ്രൻ യുഡിഎഫില്‍ തന്നെ നില്‍ക്കാന്‍ മറ്റുള്ളവരെ നിര്‍ബന്ധിതരാക്കിയതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസിന്‍റെയും, യുഡിഎഫിന്‍റെയും പ്രവര്‍ത്തനത്തില്‍ അമര്‍ഷവും, മുന്നണിബന്ധം തന്നെ വിടണമെന്നു താല്‍പര്യമുള്ളവരാണ് ഷിബു ബേബിജോൺ സംസ്ഥാന സെക്രട്ടറി എ എ അസീസും. എന്നാല്‍ അവരും അവസാനം പ്രേമചന്ദ്രനൊപ്പം നില്‍ക്കേണ്ടി വന്നു.

, സംസ്ഥാന സമിതി കൂടുന്നതിന് രണ്ട് ദിവസം മുമ്പ് കോൺ​ഗ്രസ് നേതൃത്വത്തെ കൊണ്ട് ആർ എസ് പിയുടെ ആവശ്യങ്ങൾ അം​ഗീകരിപ്പിക്കാനും പ്രേമചന്ദ്രന് കഴിഞ്ഞതോടെ കൊല്ലം എം പി നിശ്ചയിക്കുന്നിടത്തേക്ക് ആർ എസ് പി എത്തുകയായിരുന്നു. ആർ എസ് പി, യുഡിഎഫ് വിടുമെന്ന പ്രഖ്യാപനം വരുമെന്ന് പ്രതീക്ഷിച്ചിരുന്ന അണികൾ പക്ഷേ കണ്ടത് യുഡിഎഫിൽ ഉറച്ചു നിൽക്കാനുള്ള നേതൃത്വത്തിന്റെ പ്രഖ്യാപനമായിരുന്നു.


ഇതുംകൂടി വായിക്കൂ: യുഡിഎഫിൽ തുടരണമോ എന്ന കാര്യത്തിൽ RSPയിൽ ഭിന്നത, ഷിബു ബേബി ജോൺ UDF യോഗത്തിൽ നിന്ന് വിട്ടു നിന്നു


 

ആർ എസ് പി യുഡിഎഫില്‍ തുടരുന്നത് പാര്‍ട്ടിയുടെ ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് താല്‍പര്യമില്ല. ഷിബു ബേബിജോണിനും ഇതേ നിലപാടാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ആർ എസ് പി ഉയർത്തിയ പരാതികൾ കോൺ​ഗ്രസ് നേതൃത്വം ​ഗൗരവത്തോടെ തന്നെയാണ് എടുത്തതെന്ന നിലപാടിലാണ് എൻ കെ പ്രേമചന്ദ്രൻ. കഴിഞ്ഞ ദിവസം ചവറയിലെ യുഡിഎഫ് ചെയർമാനെ മാറ്റിയത് പോലും ഇതിന്റെ ഭാ​ഗമായാണ് എന്നാണ് പ്രേമചന്ദ്രൻ വാദിക്കുന്നത്.
ആര്‍എസ്പി യുഡിഎഫ് വിടുന്നത് തടയാനാണ് എൻ കെ പ്രേമചന്ദ്രൻ കരുക്കൾ നീക്കിയത്. ഇതിനായി ആർഎസ്പിയുടെ പരാതികൾ എത്രയും വേ​ഗം പരിഹരിക്കണമെന്ന നിർദ്ദേശമാണ് പ്രേമചന്ദ്രൻ കോൺ​ഗ്രസ് നേതൃത്വത്തിന് നൽകിയിരിക്കുന്നത്.

shibu baby john

 

ഇതിന്റെ ഭാ​ഗമായാണ് യുഡിഎഫ് ചവറ നിയോജകമണ്ഡലം ചെയർമാനെ മാറ്റാൻ കോൺ​ഗ്രസ് തയ്യാറായാത് എന്നാണ് ലഭിക്കുന്ന വിവരം. ചവറ അരവിയെ യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ സ്ഥാനത്ത് നിന്നും മാറ്റുക വഴി ഷിബു ബേബിജോണിന്റെ അസംതൃപ്തി കുറയ്ക്കാനാകും എന്ന കണക്കുകൂട്ടലിലാണ് കോൺ​ഗ്രസും എൻ കെ പ്രേമചന്ദ്രനും.തെരഞ്ഞെടുപ്പിൽ വിട്ടുനിന്ന പ്രാദേശിക നേതാക്കൾക്കെതിരെ നടപടി സ്വീകരിക്കണം എന്നായിരുന്നു ആർഎസ്‍പിയുടെ ആവശ്യം.
എന്നാൽ ഏതെങ്കിലും പ്രത്യേക നേതാവിൻറെ പേരെടുത്ത് പരാതി നൽകിയിട്ടില്ലെന്ന കാരണത്താൽ ഏതെങ്കിലും നേതാവിനെതിരെ നടപടി എടുക്കാനാകില്ല എന്നായിരുന്നു കോൺ​ഗ്രസിന്റെ നിലപാട്. എന്നാൽ, യുഡിഎഫ് യോ​ഗത്തിൽ പങ്കെടുക്കേണ്ടതില്ലെന്ന് ആർഎസ്പി തീരുമാനിച്ചതോടെ എൻ കെ പ്രേമചന്ദ്രൻ അപകടം മണത്തു. ഇതിന് പിന്നാലെ കോൺ​ഗ്രസ് സംസ്ഥാന ജില്ലാ നേതൃത്വങ്ങളുമായി ബന്ധപ്പെട്ട് അടിയന്തിരമായി യുഡിഎഫ് ചെയർമാനെ മാറ്റി തീരുമാനിക്കുകയായിരുന്നു.


ഇതുംകൂടി വായിക്കൂ:ഒഴിഞ്ഞമർന്ന് ഉമ്മൻചാണ്ടിയും ‚രമേശും ലക്ഷ്യമിടുന്നത് പാർട്ടി പിടിക്കാനുള്ള സംഘടന തിരഞ്ഞെടുപ്പ്


 

ചവറ അരവിയെ ഒഴിവാക്കി കോലത്ത് വേണുഗോപാൽ ആണ് പുതിയ ചെയർമാൻ.നേരത്തെ തന്നെ പ്രേമചന്ദ്രൻ കരുക്കള്‍ നീക്കി കോൺ​ഗ്രസ് നേതാക്കളുമായി സംസാരിച്ചു എന്നാണ് ആർ എസ് പി നേതാക്കൾ തന്നെ വ്യക്തമാക്കുന്നത്. അതുകൊണ്ട് തന്നെ ആര്‍എസ്പി-കോണ്‍ഗ്രസ് യോഗം വെറും പ്രഹസനം മാത്രമാണെന്നും അവർ ആരോപിക്കുന്നു. കോൺ​ഗ്രസ് താത്പര്യം സംരക്ഷിക്കുക മാത്രമാണ് പ്രേമചന്ദ്രൻ ചെയ്യുന്നത് എന്നാണ് പ്രവർത്തകർ ആരോപിക്കുന്നത്.
യു.ഡി.എഫിന്റെ അവിഭാജ്യ ഘടകമാണ് ആർ.എസ്.പി എന്നും, തിരഞ്ഞെടുപ്പിൽ തോൽവി സ്വാഭാവികമാണ്. തോറ്റാലുടൻ മുന്നണി വിടുക എന്ന വഞ്ചനാപരമായ സമീപനം പാർട്ടിക്കില്ലെന്നും സംസ്ഥാന സെക്രട്ടറി എ എ അസീസ് പറ‍ഞ്ഞതിനെയും പ്രവര്‍ത്തകര്‍ ഇപ്പോള്‍ ചോദ്യം ചെയ്തു തുടങ്ങിയിരിക്കുന്നു.യു.ഡി.എഫിന്റെ പ്രവർത്തനങ്ങൾ സജീവമാക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തേ കോൺഗ്രസ് നേതൃത്വത്തിന് കത്ത് നൽകിയതാണെന്നും അസീസ് വെളിപ്പെടുത്തിയിരുന്നു. .കോൺഗ്രസിനെ ഇഷ്ടപ്പെടുന്നവരിൽ അവമതിപ്പുണ്ടാക്കുന്ന പ്രവർത്തനങ്ങൾ നടക്കുന്നതിനാലാണ് കപ്പലിനെ അവർ മുക്കുകയാണെന്ന് താൻ വിമർശിച്ചതെന്ന് ഷിബു ബേബിജോൺ വിശദീകരിക്കുന്നു. ഉച്ചി തൊട്ട കൈ കൊണ്ട് ഉദകക്രിയ നടത്താൻ ഇട വരുത്തരുതെന്നേ ഉദ്ദേശിച്ചുള്ളൂ. വിമർശനം സദുദ്ദേശ്യത്തോടെയായിരുന്നു. എന്നാല്‍ സംസ്ഥാനകമ്മിറ്റി യോഗത്തിൽ കോൺഗ്രസിന്റെ പോക്കിനെതിരെ രൂക്ഷവിമർശനം ഉയർന്നിരുന്നു.


ഇതുംകൂടി വായിക്കൂ: തമ്മില്‍തല്ലുന്നവരെ ഇന്നത്തെ തലമുറയ്ക്ക് ഇഷ്ടമല്ല; കോണ്‍ഗ്രസ് പാഠം പഠിക്കുന്നില്ല ;ഷിബു ബേബി ജോണ്‍


 

ആർഎസ്പി യുഡിഎഫ് വിട്ടാൽ അത് തന്നെ ബാധിക്കുമെന്നു മറ്റാരേക്കാളും മമതയില്ലെന്ന് മറ്റാരെക്കാളും നന്നായി പ്രേമചന്ദ്രനും തിരിച്ചറിയുന്നുണ്ട്. അതിനാലാണ് യുഡിഎഫ് ബന്ധം അവസാനിപ്പിക്കാനുള്ള പാർട്ടി തീരുമാനത്തെ തിരുത്താൻ പ്രേമചന്ദ്രൻ കളത്തിലിറങ്ങിയത്. ആർഎസ്‌പിയുടെ ശക്തമായ കേന്ദ്രമായിരുന്നു ഒരുകാലത്ത്‌ കൊല്ലം ജില്ല.ചവറയിലും കുന്നത്തൂരിലും ജനങ്ങൾക്ക്‌ ഇടതുമുന്നണിയെന്നാൽ ആർഎസ്‌പി ആയിരുന്നു. പ്രത്യയശാസ്‌ത്രപരമായി വലത്‌ പക്ഷത്ത്‌ തുടരാനാകില്ലെന്ന്‌ പാര്‍ട്ടി അണികള്‍ ചിന്തിച്ചു ‌ തുടങ്ങി. അവര്‍ തെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫിന് അനുകൂലമായി നിന്നു. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ഇത്‌ പ്രതിഫലിച്ചു. ഫലമോ പാർട്ടിയുടെ ഈറ്റില്ലത്തിൽ തന്നെ നേരിടേണ്ടി വന്ന പരാജയമായിരുന്നു.
പരാജയം നേരിടേണ്ടി വന്നതാകട്ടെ പാർട്ടിയിലെ അതികായൻമാരിൽ ഒരാൾക്ക്‌ തന്നെ എന്നതും പരാജയത്തിന്റെ ആഴം വർദ്ധിപ്പിച്ചു. ബേബി ജോൺ എന്ന മഹാമേരുവിന്റെ തണലിൽ വളർന്ന്‌ രാഷ്ട്രീയം എന്തെന്ന്‌ കണ്ടും അറിഞ്ഞും വളർന്ന ഷിബുബേബിജോൺ എന്ന രാഷ്ട്രീയക്കാരന്‌ ചിന്തിക്കാവുന്നതിലും അപ്പുറമായിരുന്നു ആ പരാജയംഈ പരാജയത്തിന്‌ യുഡിഎഫിലെ പടലപിണക്കവും, കോണ്‍ഗ്രസുകാരുടെ കാലുവാരലും പോരാട്ടങ്ങളും കാരണമായെന്ന്‌ പാർട്ടി വിലയിരുത്തി. കനത്ത ഈ തോൽവി കൂടി ആയപ്പോൾ മുന്നണി വിടുക എന്ന ആവശ്യം ആര്‍എസ്പിയില്‍ ശക്തമായി .കോണ്‍ഗ്രസിനെ വിശ്വസിക്കാന്‍ പറ്റില്ലെന്നും, അവര്‍ കാലുവാരികളാണെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ കുറേ നാളുകളായി നേതാക്കളോട് പറയുന്നു.


ഇതുംകൂടി വായിക്കൂ: ആര്‍എസ്‌പിയെ യുഡിഎഫില്‍ നിലനില്‍ത്താന്‍ പ്രേമചന്ദ്രനും, കോണ്‍ഗ്രസും; പ്രവര്‍ത്തകര്‍ മുന്നണി വിടണമെന്നാവശ്യത്തില്‍


 

യുഡിഎഫ് വിടണമെന്നു പലഭാഗത്ത്‌ നിന്നും അനുകൂല സ്വരങ്ങൾ ഉയർന്നതോടെ അത്‌ തന്നെ നല്ലത്‌ എന്ന തീരുമാനത്തിലേക്ക്‌ നേതാക്കളും എത്തി. ഇതിന്റെ
ഭാഗമായി യുഡിഎഫിനെതിരെ പല പരസ്യപ്രതികരണങ്ങളും നേതാക്കളുടെ ഭാഗത്ത്‌ നിന്നുണ്ടായി. നിയമസഭാ തെരഞ്ഞെടുപ്പിൽ അടപടലം തോറ്റ്‌ നിൽക്കുന്ന യുഡിഎഫിന്‌ മുന്നണിയിൽ നിന്നിട്ട് ഒരു കാര്യമില്ലെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ തിരച്ചറിഞ്ഞിരിക്കുന്നു.
ഇതിനിടെയാണ്‌ കോൺഗ്രസിന്റെ പുതിയ ജില്ലാ അധ്യക്ഷൻമാരെ നിയോഗിച്ചത്‌. അത്‌ പാർട്ടിക്കുള്ളിൽ ഉണ്ടാക്കിയിട്ടുള്ള പ്രശ്‌നങ്ങളും ചെറുതല്ല. ഇതോടെ ആർഎസ്‌പിക്ക്‌ മുന്നിൽ അടിയറവ്‌ പറയാൻ മുന്നണി തീരുമാനിച്ചു എന്ന്‌ വേണം കരുതാൻ. അതിന്റെ ഭാഗമായാകണം കഴിഞ്ഞ ദിവസം യുഡിഎഫ്‌ ചവറ മണ്ഡലം കമ്മിറ്റിയുടെ ചെയർമാനെ തത്സ്‌ഥാനത്ത്‌ നിന്ന്‌ നീക്കിയത്‌. ചവറ അരവിയെ മാറ്റി പകരം കോലത്ത്‌ വേണുഗോപാലിനെയാണ്‌ നിയോഗിച്ചിരിക്കുന്നത്‌.
ആർഎസ്‌പിയുടെ ഷിബുബേബിജോൺ 1096 വോട്ടിനാണ്‌ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി സുജിത്‌ വിജയൻപിള്ളയോട്‌ പരാജയപ്പെട്ടത്‌. തെരഞ്ഞെടുപ്പ്‌ പ്രവർത്തനങ്ങളിൽ നിന്ന്‌ വിട്ടുനിന്ന നേതാക്കൾക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളണമെന്ന്‌ ആർഎസ്‌പി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരുടെയും പേര്‌ എടുത്ത്‌ പറഞ്ഞ്‌ പരാതി നൽകിയിട്ടില്ലെന്നായിരുന്നു മുന്നണിനേതൃത്വത്തിന്റെ വിശദീകരണം.

എന്നിട്ടും ചെയർമാനെ തന്നെ നീക്കി അനുനയ ശ്രമങ്ങൾ നടത്തുകയാണ്‌ ഇവർ. പാർട്ടി യുഡിഎഫ് വിട്ട് പുറത്തുവരണമെന്ന നിലപാടിലാണ് ആർഎസ്പിയിലെ വലിയൊരു വിഭാ​ഗം നേതാക്കളും പ്രവർത്തകരും ആവശ്യപ്പെടുന്നത്. എന്നാൽ, അതിന് എൻ കെ പ്രേമചന്ദ്രനും സംഘത്തിനും താത്പര്യമില്ലാത്തതാണ് ആർഎസ്പിക്കുള്ളിൽ വിഭാ​ഗീയത രൂക്ഷമാക്കിയത്. ഇതിനിടെ, ആർഎസ്പി പ്ലീനം പൊളിച്ച പ്രേമചന്ദ്രന്‍ മേഖലാ യോ​ഗങ്ങളും പൊളിച്ചിരുന്നു.
സംസ്ഥാന കമ്മിറ്റി അം​ഗങ്ങളും ജില്ലാ കമ്മിറ്റി അം​ഗങ്ങളും മണ്ഡലം ഭാരവാ​ഹികളും പങ്കെടുക്കുന്ന സമ്പൂർണ യോ​ഗം ആ​ഗസ്റ്റ് ഒമ്പതിന് കൊല്ലത്ത് വെച്ച് ചേരാനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാൽ പ്ലീനം നടത്തുന്നത് വേണ്ടെന്ന് വെച്ച് മൂന്ന് മേഖലകളിലായി പ്രവർത്തക യോ​ഗം ചേരാനായിരുന്നു തീരുമാനം. എന്നാൽ, അതും നടത്താൻ ആർഎസ്പി നേതൃത്വം തയ്യാറായില്ല. അതിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നും പ്രവർത്തകർ കൂട്ടത്തോടെ കൊഴിഞ്ഞു പോകുന്നതും തുടരുകയാണ്.

 

Eng­lish Sum­ma­ry: RSP lead­er­ship deci­sion; Many activists are leav­ing the party

 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.