Web Desk

കൊല്ലം

June 02, 2021, 3:40 pm

ആര്‍എസ്പി യുഡിഎഫ് വിടണമെന്നാവശ്യം ഉയരുന്നു; നേതൃത്വത്തെ ചോദ്യം ചെയ്ത് അണികള്‍

Janayugom Online

അടിക്കടി ഉണ്ടാകുന്ന പരാജയത്തെതുടര്‍ന്ന് ആര്‍എസ് പി യുഡിഎഫില്‍ തുടരുന്നതില്‍ യാതൊരു ന്യായീകരണവുമില്ലെന്ന് പാര്‍ട്ടി സെക്രട്ടറിയേറ്റില്‍ അഭിപ്രായം ഉയരുന്നു. നിയമസഭ തിെഞ്ഞെടുപ്പ് തോൽവിയിൽ യുഡിഎഫിൽ അതൃപ്തി പുകയുകയാണ്. അതിന്റെ ഭാഗമാണ് ആര്‍എസ്പിയുടെ പ്രതികരണവും. പരാജയത്തിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ ഘടകക്ഷികൾ രംഗത്തെത്തി കഴിഞ്ഞു. മുന്നണി ഏകോപന സമിതി യോഗത്തിലും കടുത്ത വിമർശനമാണ് നേതാക്കൾക്കെതിരെ ഘടകക്ഷികൾ ഉയർത്തുന്നത്.

മുന്നണി വിടണമെന്നുതന്നെയാണ് ആര്‍എസ്‌പി അണികളുടെ ആഗ്രഹവും തെരഞ്ഞെടുപ്പിൽ രണ്ടാം തവണയും സമ്പൂർണ പരാജയമാണ് ആർഎസ്പിക്ക് നേരിടേണ്ടി വന്നതോടെയാണ് മുന്നണി മാറ്റം എന്ന ചർച്ചകൾക്ക് ചൂടുപിടിച്ചിരിക്കുന്നത്. 2011‑ൽ എൽഡിഎഫിന്റെ ഭാഗമായിരുന്നപ്പോൾ രണ്ട് അംഗങ്ങളെ ജയിപ്പിക്കാൻ ആർഎസ്പിക്ക് കഴിഞ്ഞിരുന്നു. എന്നാൽ എൽഡിഎഫ് ബന്ധം അവസാനിപ്പിച്ച് യുഡിഎഫിലെത്തിയപ്പോൾ ഒരു അംഗത്തെ പോലും ജയിപ്പിക്കാൻ ആർഎസ്പിക്ക് സാധിച്ചിട്ടില്ല. ത്രിതല പഞ്ചായത്തിലും സഹകരണ സ്ഥാപനങ്ങളിലും ഉണ്ടായിരുന്ന പ്രാതിനിധ്യം പോലും നാമമാത്രമായി ചുരുങ്ങി.

പാർട്ടിയുടെ ശക്തി കേന്ദ്രമായിരുന്ന ചവറയിൽ പോലും കനത്ത ആഘാതമാണ് പാര്‍ട്ടി നേരിട്ടത്. ഈ സാഹചര്യത്തിലാണ് യുഡിഎഫിൽ തുടരണമോയെന്ന കാര്യത്തിൽ പുനരാലോചനകൾ വേണമെന്ന് നേതാക്കൾ ആവശ്യപ്പെടുന്നത്. രണ്ട് നിയമസഭയിലും പ്രാതിനിധ്യം ലഭിക്കായതോടെ പാർട്ടിയുടെ പ്രവർത്തനം മന്ദീഭവിച്ചു എന്നാണ് നേതാക്കൾ കുറ്റപ്പെടുത്തിയത്. മുന്നണി മാറുന്നതാണ് ഉചിതമെന്നാണ് കൊല്ലത്ത് ഒരു വിഭാഗം നേതാക്കൾ നേതൃത്തോട് ആവശ്യപ്പെട്ടു കഴിഞ്ഞു. കഴിഞ്ഞ ദിവസം ചേർന്ന പാർട്ടി സെക്രട്ടറിയേറ്റ് യോഗത്തിലും ഇതേ ആവശ്യമാണ് നേതാക്കൾ ഉയർത്തിയത്. ചില നേതാക്കളുടെ താത്പര്യം കൊണ്ട് മാത്രമാണ് യുഡിഎഫിൽ തുടരുന്നതെന്നും നേതാക്കൾ കുറ്റപ്പെടുത്തി.

കോൺഗ്രസിനെതിരേയും രൂക്ഷ വിമർശനമാണ് യോഗത്തിൽ ഉയർന്നത്. കോൺഗ്രസിലെ ഗ്രൂപ്പ് തർക്കങ്ങളാണ് വിജയ സാധ്യത ഇല്ലാതാക്കിയത്. ഈ അവസ്ഥയിൽ തുടരുന്നത് ആർഎസ്പിക്ക് യാതൊരു തരത്തിലും ഗുണകരമാകില്ലെന്ന് യോഗത്തിൽ നേതാക്കൾ പറഞ്ഞു.തിരിച്ചടികൾ തുടർക്കഥ ആയതോടെ പാർട്ടിയിൽ കൊഴിഞ്ഞ് പോക്ക് ശക്തമായി. യുഡിഎഫിൽ കടിച്ച് തൂങ്ങിയാൽ നിലവിലുള്ളവർ പോലും അസംതൃപ്തിയിൽ പാർട്ടി വിടുമെന്നാണ് നേതാക്കൾ മുന്നണിയിപ്പ് നല്‍കിയത്. മുന്നണി വിടണമെന്ന ആവശ്യം പാർട്ടിയിൽ ഉയർന്നതായി യോഗത്തിന് ശേഷം ആർഎസ്പി സംസ്ഥാന സെക്രട്ടറി എഎ അസീസും വ്യക്തമാക്കിയിരുന്നു.

തെരഞ്ഞെടുപ്പിന് ശേഷമുള്ള രാഷ്ട്രീയസ്ഥിതി ചർച്ച ചെയ്യാൻ ഓഗസ്റ്റ് ഒൻപതിന് കൊല്ലത്ത് വിപുലമായ യോഗം ചേരാനാണ് ആർഎസ്പി തിരുമാനം. ജില്ല, മണ്ഡലം കമ്മിറ്റി ഭാരവാഹികൾ ഉൾപ്പെടെയുള്ളവർ പങ്കെടുക്കുന്ന യോഗത്തിന് ശേഷം മുന്നണി മാറ്റം സംബന്ധിച്ച ചർച്ചകൾ പരിഗണിക്കുമെന്ന സൂചനയും വാർത്താസമ്മേളനത്തിൽ അസീസ് നൽകി. ഉചിതമായ സമയത്ത് ഉചിതമായ തീരുമാനം എന്നാണ് അസീസ് വ്യക്തമാക്കിയത്. നിലലവിൽ അസീസ്, ഷിബു ബേബി ജോൺ ഉൾപ്പെടെയുള്ള പ്രബല വിഭാഗം മുന്നണി മാറ്റം എന്ന നിർദ്ദേശത്തോട് കടുത്ത എതിർപ്പ് ഉയർത്തിയിട്ടില്ല. എന്നാൽ യുഡിഎഫിൽ തന്നെ തുടരണമെന്നാണ് എൻകെ പ്രേമചന്ദ്രന്റേയും കൂട്ടരുടേയും നിലപാട്. എല്‍ഡിഎഫിനെതിരെ ശക്തമായ രാഷട്രീയ അടിത്തറ തകര്‍ക്കാര്‍ കോണ്‍ഗ്രസിനു കഴിയില്ലെന്നു ആര്‍എസ്പി അണികള്‍ നേതൃത്വത്തോട് പറ‍ഞു കഴിഞ്ഞു. കോണ്‍ഗ്രസ് കൂടെ നിന്നു കാലുവാരുന്ന നിലപാടാണ് സ്വീകരിക്കുന്നത്. യുഡിഎഫില്‍ തുടരാനാണ് വീണ്ടും നീക്കമെങ്കില്‍ അണികള്‍ മുഴുവന്‍ പാര്‍ട്ടി വിടുമെന്നും അണികള്‍ നേതൃത്വത്തിന് മുന്നറിയിപ്പ് കൊടുത്തു

Eng­lish sum­ma­ry: RSP to quit from UDF
You may also like this video: