സുരേന്ദ്രൻ കുത്തനൂർ

 തൃശൂർ

February 16, 2020, 10:22 pm

സുരേന്ദ്രനെതിരെ ആർഎസ്എസും രംഗത്തെത്തുന്നു; ബിജെപിയിൽ പൊട്ടിത്തെറി

Janayugom Online

ബിജെപി സംസ്ഥാന പ്രസിഡണ്ട് സ്ഥാനത്തെത്തിയ കെ സുരേന്ദ്രനെതിരെ പാർട്ടിയിലും ആർഎസ്എസിലും പൊട്ടിത്തെറി. കൃഷ്ണദാസ് പക്ഷക്കാരായ എ എൻ രാധാകൃഷ്ണനും എം ടി രമേശും ജനറൽ സെക്രട്ടറിമാരായി തുടരാനാകില്ലെന്ന് കേന്ദ്രനേതൃത്വത്തെ അറിയിച്ചതായാണ് സൂചന. ആർഎസ്എസ് ആകട്ടെ, കിഴ്ഘടകങ്ങളിലെ നേതാക്കളെ ഉപയോഗിച്ച് സുരേന്ദ്രനെതിരെ പ്രചരണം തുടങ്ങിക്കഴിഞ്ഞു. ആർഎസ്എസ് നേതാക്കളുടെയും ഗ്രൂപ്പുകളുടെയും സോഷ്യൽ മീഡിയ പേജുകൾ സുരേന്ദ്രനെതിരായ പോസ്റ്റുകൾകൊണ്ട് നിറയുകയാണ്.

വി മുരളീധരന്റെ വിശ്വസ്തനായ സുരേന്ദ്രൻ പ്രസിഡണ്ടാകുമ്പോൾ എം ടി രമേശിന് പകരം പദവി നൽകണമെന്ന കൃഷ്ണദാസ് ഗ്രൂപ്പിന്റെ ബദൽ നിർദ്ദേശം പോലും കേന്ദ്ര നേതൃത്വം അംഗീകരിച്ചില്ല. ഈ സാഹചര്യത്തിൽ സുരേന്ദ്രന് കീഴിൽ ജനറൽ സെക്രട്ടറിമാരായി തുടരാനാകില്ല എന്നാണ് എഎൻ രാധാകൃഷ്ണനും എംടി രമേശും ശോഭാ സുരേന്ദ്രനും തീരുമാനിച്ചിരിക്കുന്നത്. പുതിയ അധ്യക്ഷൻ ചുമതലയേൽക്കുന്നതോടെ പാർട്ടിയിൽ അഴിച്ചുപണിയുണ്ടാകാൻ സാധ്യതയുണ്ട്. കൃഷ്ണദാസ് പക്ഷത്തുനിന്ന് ബി ഗോപാലകൃഷ്ണൻ ജനറൽ സെക്രട്ടറിസ്ഥാനത്തേക്ക് എത്താൻ സാധ്യതയുണ്ടെന്നാണറിയുന്നത്. വൈസ് പ്രസിഡണ്ടായ സി കൃഷ്ണകുമാർ, പി സുധീർ, രഘുനാഥ് എന്നിവരെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കാനാണ് മുരളീധരപക്ഷം ആലോചിക്കുന്നത്.

തീരുമാനത്തിന് പക്ഷേ, ആർ എസ് എസിന്റെ സമ്മതം ആവശ്യമാണ്. ആർഎസ്എസിന് നേരത്തെ അനഭിമതനായിരുന്ന കെ സുരേന്ദ്രൻ ഇപ്പോൾ സംഘവുമായി അടുപ്പം കാണിക്കുന്നുണ്ടെങ്കിലും സംഘത്തിന് അദ്ദേഹത്തെ പൂർണ വിശ്വാസമായിട്ടില്ല. ആർഎസ്എസ് പ്രാദേശിക നേതാക്കളുടെയും പ്രവർത്തകരുടെയും സോഷ്യൽമീഡിയ പേജുകൾ നിറയെ സുരേന്ദ്രനെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പോസ്റ്റുകളാണ്. സംസ്ഥാന അധ്യക്ഷനെ പരിഹസിക്കുന്ന കമന്റുകളും പോസ്റ്റുകളും സ്വന്തം നേതാക്കളിൽ നിന്നുണ്ടായിട്ടും അവ നീക്കം ചെയ്യാൻ ആർഎസ്എസ് നിർദ്ദേശിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

അവസാന നിമിഷം അധ്യക്ഷസ്ഥാനത്തേക്ക് മത്സരിച്ചവർ ജയം നേടിയ ആളുടെ കീഴിൽ തുടരുന്നത് ചൂണ്ടിക്കാട്ടിയാണ് കൃഷ്ണദാസ് പക്ഷനേതാക്കളായ എ എൻ രാധാകൃഷ്ണനും എംടി രമേശും ജനറൽ സെക്രട്ടറി സ്ഥാനമൊഴിയുന്നത് എന്ന് പറയുന്നു. എന്നാൽ ഗ്രൂപ്പ് മാത്രമല്ല ഘടകമെന്നും ബിജെപിയിൽ നിലനിൽക്കുന്ന വർണവിവേചനമാണ് അതൃപ്തിക്ക് കാരണമെന്ന് ചൂണ്ടിക്കാട്ടുന്നവരുമുണ്ട്. ഈഴവ വിഭാഗത്തിൽപ്പെട്ട സുരേന്ദ്രനെ അംഗീകരിക്കാൻ നായർ വിഭാഗത്തിൽപ്പെട്ട മുതിർന്ന നേതാക്കൾക്കുള്ള വൈമനസ്യമാണ് നീക്കത്തിനു പിന്നിൽ. ഈഴവ വിഭാഗത്തിൽ നിന്ന് തന്നെയുള്ള ശോഭാ സുരേന്ദ്രന് കൃത്യമായ ഗ്രൂപ്പില്ലെങ്കിലും പുതിയ അധ്യക്ഷന് സഹഭാരവാഹികളെ സുഗമമായി തെരഞ്ഞെടുക്കാനെന്ന പേരിൽ രാജിവെക്കാനാണ് സാധ്യത.

Eng­lish Sum­ma­ry; RSS against K Surendran

YOU MAY ALSO LIKE THIS VIDEO