25 March 2025, Tuesday
KSFE Galaxy Chits Banner 2

ആർഎസ്എസും ജനാധിപത്യവും; ഉമാകാന്തൻ അറിയേണ്ടത്

എന്‍ അരുണ്‍
പ്രസിഡന്റ് എഐവൈഎഫ് സംസ്ഥാന കമ്മിറ്റി
February 15, 2025 4:06 am

ആർഎസ്എസിന്റെ ഔദ്യോഗിക വാരികയായ ‘കേസരി‘യുടെ ഈ ലക്കത്തിൽ (ഫെബ്രുവരി ‑7) കെ ആർ ഉമാകാന്തൻ എഴുതിയ ‘ആർഎസ്എസും ജനാധിപത്യവും’ എന്നൊരു ലേഖനമുണ്ട്. ആർഎസ്എസ് ജനാധിപത്യത്തിൽ വിശ്വസിക്കാത്ത സംഘടനയാണെന്ന് അതിന്റെ എതിരാളികൾ നിരന്തരം പ്രചരിപ്പിക്കുന്നു എന്ന് പരിഭവിച്ചുകൊണ്ട് തുടങ്ങുന്ന ലേഖനത്തിൽ ആർഎസ്എസ് അംഗങ്ങളെല്ലാം ഒരേ അഭിപ്രായമുള്ളവരാണെന്ന് പ്രസ്താവിച്ചുകൊണ്ടാണ് ഏകാധിപത്യ സംഘടനയാണെന്ന് വിമർശകർ വരുത്തിത്തീർക്കുന്നതെന്ന് പറയുകയാണ് അദ്ദേഹം. ലേഖനത്തിന്റെ തുടക്കം ഇങ്ങനെയാണ്; “ആർഎസ്എസ് ജനാധിപത്യത്തിൽ വിശ്വസിക്കാത്ത സംഘടനയാണെന്ന് അതിന്റെ എതിരാളികൾ നിരന്തരം പ്രചരിപ്പിക്കുന്നു. ആർ എസ്എസ് ഫാസിസ്റ്റ് ആണെന്നാണ് അവർ പ്രചരിപ്പിക്കുന്നത്. സംഘടനയില്‍ ജനാധിപത്യമില്ലെന്ന് അവർ ഉറപ്പിച്ചു പറയുന്നു. ഏകാധിപത്യ സംഘടന എന്നതിന് തെളിവായി ആർഎസ്എസിലെ അംഗങ്ങളെല്ലാം ഒരേ അഭിപ്രായമാണ് പറയുന്നത് എന്നവർ ചൂണ്ടിക്കാട്ടുന്നു”. തുടർന്നങ്ങോട്ട് ലേഖനത്തിന്റെ അവസാന ഭാഗം വരെ ആർഎസ്എസിന്റെ സംഘടനാ സംവിധാനത്തിലെ ‘ജനാധിപത്യ സ്വഭാവ’ത്തെ കുറിച്ച് വാചാലനാവുകയാണ് ഉമാകാന്തൻ. ആർഎസ്എസ് ജനാധിപത്യവിരുദ്ധവും ഏകാധിപത്യ സ്വഭാവമുള്ളതുമായ സംഘടനയാണെന്ന് ആ സംഘടനയെ വസ്തുനിഷ്ഠമായി പഠിച്ചവർ വിലയിരുത്തുന്നത് അതിലെ അംഗങ്ങൾ ഏകാഭിപ്രായക്കാർ ആയതുകൊണ്ടല്ല, മറിച്ച് വിഭാഗീയവും ഫാസിസ്റ്റ് സ്വഭാവത്തിലുള്ളതുമായ പ്രവർത്തനങ്ങളിലൂടെ പ്രാഥമികമായി ജനാധിപത്യ വ്യവസ്ഥിതിയെ നിരാകരിക്കുകയും തങ്ങളുടെ ലക്ഷ്യം നിറവേറ്റുന്നതിനുള്ള ഒരു മാർഗമായി മാത്രം അതിനെ സ്വീകരിക്കുകയും ചെയ്യുന്നതുകൊണ്ടാണ്. അസഹിഷ്ണുതയോടുകൂടിയതും ഫാസിസ്റ്റ് പ്രവണതയുള്ളതുമായ പ്ര­ത്യയ ശാസ്ത്രത്തിലൂടെ ഇന്ത്യൻ ബഹുസ്വരതയെ വെല്ലുവിളിച്ചുകൊണ്ട് ഹൈ­ന്ദവർ ഒരു രാഷ്ട്രമാണെന്നും തങ്ങളുടെ നൂറാം വാർഷികത്തിൽ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി പ്രഖ്യാപിക്കണമെന്നും ദിവാസ്വപ്നം കാണുകയാണ് ആർഎസ്എസ്. ഉമാകാന്തൻ മറച്ചുവയ്ക്കുന്ന യാഥാർത്ഥ്യം അവിടെയാണ്. 

ആർഎസ്എസിന്റെ സംഘടനാ സംവിധാനത്തിലെ ജനാധിപത്യ സ്വഭാവമോ അംഗങ്ങളുടെ ഏകാഭിപ്രായമോ അല്ല, ദേശീയത എന്നതിന്റെ നിർവചനം പോലും വർഗീയമായിക്കാണുന്ന അപകടകരമായ സിദ്ധാന്തത്തിലെ ജനാധിപത്യ വിരുദ്ധതയാണ് ഇവിടെ വിഷയം. രാജ്യത്തിന്റെ സോഷ്യലിസ്റ്റ്, മതേതര ഘടനയെ തകർത്ത് ഭരണഘടനയ്ക്കു ബദലായി മനുസ്മൃതി സ്ഥാപിക്കുക എന്ന ഏക അജണ്ടയുള്ള ആർഎസ്എസ് ജനാധിപത്യത്തോട് നിരന്തര കലഹം നടത്തുന്നുവെന്ന് കാണാൻ കഴിയും. വേദങ്ങൾ കഴിഞ്ഞാൽ ഏറ്റവുമേറെ ആദരിക്കപ്പെടേണ്ട വിശുദ്ധ ഗ്രന്ഥമെന്നും ഇന്ത്യയുടെ ആത്മീയവും ദൈവികവുമായ മുന്നോട്ടുപോക്കിന്റെ അടിസ്ഥാനമെന്നും മനുസ്മൃതിയെ വിശേഷിപ്പിച്ചത് വി ഡി സവർക്കറാണ്.
ഇന്ത്യയിൽ ജനാധിപത്യവ്യവസ്ഥയ്ക്ക് അടിത്തറ പാകുന്ന ഭരണഘടനയെ തുറന്നെതിർക്കുന്നവർ ജനാധിപത്യ വിരുദ്ധവും, മതേതര വിരുദ്ധവും അക്രമോത്സുകവുമായ ഹിന്ദുത്വത്തിന്റെ വക്താക്കളായിട്ടാണ് എക്കാലവും പ്രവർത്തിക്കുന്നത്. ഭരണഘടനയിലെ സെക്യുലർ, സോഷ്യലിസ്റ്റ് എന്നീ വാക്കുകൾ നീക്കം ചെയ്യാൻ 1999ൽ വാജ്പേയി സർക്കാർ ഒരു വിദഗ്ധ സമിതിയെ നിയമിച്ചത് ഓർക്കുന്നുണ്ടാകും. ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന ശിലയായി നിലകൊള്ളുന്ന ജനാധിപത്യത്തെയും മതനിരപേക്ഷതയെയും ഇല്ലായ്മ ചെയ്തുകൊണ്ട് മാത്രമേ ഹിന്ദുരാഷ്ട്ര സ്ഥാപനം സാധ്യമാകൂ എന്നിരിക്കെ തങ്ങളുടെ ലക്ഷ്യത്തിലേക്കുള്ള മാർഗത്തിൽ തടസം നിൽക്കുന്ന മേല്പറഞ്ഞ തത്വങ്ങളെ അവർക്ക് സ്വാഭാവികമായും നിരാകരിക്കേണ്ടിവരുന്നു. 

മോഡി ഭരണം ഇന്ത്യൻ രാഷ്ട്രീയ പ്രാതിനിധ്യത്തിന്റെ വൈവിധ്യങ്ങളെ തിരസ്കരിച്ച് ഫാസിസ്റ്റ് രീതിശാസ്ത്രത്തിന്റെ ഒളിയജണ്ടകളുമായി സമരസപ്പെട്ടു പോകുകയാണ്. ഏകാധിപത്യ സര്‍ക്കാരിന് വേണ്ടിയുള്ള ഇടപെടലുകളടക്കം നിരവധി ജനാധിപത്യവിരുദ്ധ പ്രവർത്തനങ്ങൾക്കാണ് നിലവിൽ ആർഎസ്എസ് നേതൃത്വം കൊടുക്കുന്ന ബിജെപി സര്‍ക്കാര്‍ ശ്രമം നടത്തുന്നതെന്നും നമുക്കറിയാം. ഏകശിലാ സമാനമായ രാഷ്ട്രീയ പാർട്ടിയിൽ അധികാരം കേന്ദ്രീകരിച്ചുകൊണ്ട് ഏകാത്മകമായ രാഷ്ട്രീയാന്തരീക്ഷം രാജ്യത്താകമാനം സൃഷ്ടിക്കുകയെന്ന അജണ്ട ജനാധിപത്യ സ്വഭാവമുള്ളതോ ജനാധിപത്യവിരുദ്ധമോ എന്ന് ഉമാകാന്തൻ തന്നെ വിലയിരുത്തുക.
തീവ്ര ഹിന്ദുത്വത്തിന്റെ വിദ്വേഷവും ഭീകരതയും നിറഞ്ഞ വിഷലിപ്തമായ പ്രചരണത്തിന്റെ രണ്ട് ഉദാഹരണങ്ങൾ മാത്രം നോക്കാം. “ഹിന്ദുസ്ഥാനിലെ വിദേശവംശങ്ങൾ ഒന്നുകിൽ ഹിന്ദുസംസ്കാരവും ഭാഷയും സ്വീകരിക്കണം. ഹിന്ദുമതത്തെ ബഹുമാനിക്കുകയും ആദരവോടെ കാണുകയും ചെയ്യണം. ഹിന്ദുവംശത്തെയും സംസ്കാരത്തെയും, അതായത് ഹിന്ദുരാഷ്ട്രത്തെ മഹത്വവൽക്കരിക്കുകയെന്നതല്ലാതെ മറ്റൊരാശയവും വച്ചുപൊറുപ്പിക്കരുത്. എന്നുമാത്രമല്ല അവർക്ക് പ്രത്യേക അസ്തിത്വം ഉപേക്ഷിക്കുകയും ഹിന്ദുവംശത്തിൽ ലയിക്കുകയും അല്ലെങ്കിൽ ഹിന്ദുരാഷ്ട്രത്തിന് പൂർണമായും കീഴടങ്ങി, ഒന്നും തന്നെ അവകാശപ്പെടാതെയും പ്രത്യേക പരിഗണന പോയിട്ട് ഒരു സവിശേഷ അവകാശത്തിനും അർഹതയില്ലാതെയും പൗരത്വാവകാശം പോലുമില്ലാതെയും ഇവിടെ കഴിയാം”. (നമ്മൾ അഥവാ നമ്മുടെ ദേശീയത നിർവചിക്കപ്പെടുന്നു, എം എസ് ഗോൾവാൾക്കർ). 

അതേ പുസ്തകത്തിലെ ത­ന്നെ മറ്റൊരു പരാമർശം ശ്രദ്ധിക്കൂ, “എണ്ണായിരത്തിലേറെയോ പതിനായിരത്തിലേറെയോ വർഷങ്ങൾക്കു മു­മ്പ് മുതൽ തർക്കങ്ങളും വഴക്കുകളുമൊന്നുമില്ലാതെ ഹിന്ദുക്കൾ ജീവിച്ചിരുന്ന ഈ രാജ്യത്തെ വിദേശവംശങ്ങൾ ആക്രമിക്കുകയാണുണ്ടായത്. അതിനാലാണ് ഹിന്ദുക്കളുടെ നാട് എന്ന നിലയിൽ ഈ പ്രദേശം ഹിന്ദുസ്ഥാൻ എന്നറിയപ്പെടാൻ തുടങ്ങിയത്”. ഹിന്ദുരാഷ്ട്ര സ്ഥാപനത്തിനായി ഇതര മതവിശ്വാസികളെയും കമ്മ്യൂണിസ്റ്റുകാരെയും അ­പരവല്‍ക്കരിക്കാൻ ആഹ്വാനം ചെയ്യുന്ന ചിന്താധാരയ്ക്ക് എങ്ങനെ ജനാധിപത്യ സ്വഭാവം അവകാശപ്പെടാൻ കഴിയും?
ഇന്ത്യൻ ജനാധിപത്യത്തെയും ഭരണഘടനാ സമത്വവിചാരങ്ങളെയും തുല്യനീതി സങ്കല്പങ്ങളെയും ആത്യന്തികമായി ഉന്മൂലനം ചെയ്യുന്നതിനായുള്ള പ്രയത്നം പ്രഖ്യാപിത നയമായിത്തന്നെ സ്വീകരിച്ചവർ എങ്ങനെ ജനാധിപത്യത്തിന്റെ വക്താക്കളാകും? മനുഷ്യത്വവിരുദ്ധ ആശയങ്ങളെയും തീവ്ര ചിന്താഗതികളെയും അതിനിശിതമായി എതിർക്കുന്നവരെ രാജ്യത്തിന്റെ തന്നെ ശത്രുക്കളായിക്കണ്ട് ഉന്മൂലനം ചെയ്യാൻ നടക്കുന്നവരും ജനാധിപത്യവും തമ്മിൽ എങ്ങനെ ചേരും? ആർഎസ്എസും ജനാധിപത്യവും തമ്മിൽ അജഗജാന്തരമാണുള്ളതെന്ന് ഉമാകാന്തന് അറിയില്ലെങ്കില്‍ പഠിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.