Janayugom Online
attack

വനിതാ മതിലിന് നേരെ ആര്‍എസ്‌എസിന്റെ ബോംബേറും കല്ലേറും

Web Desk
Posted on January 01, 2019, 5:00 pm

കാസര്‍കോട്: കാഞ്ഞങ്ങാട്-കാസര്‍കോട് സംസ്ഥാനപാതയിലെ ചേറ്റുകുണ്ടില്‍ വനിതാമതില്‍ തീര്‍ക്കാനെത്തിയവര്‍ക്ക് നേരെ ബോംബാക്രമണം. വനിതകളെ ബിജെപി ‑ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തടഞ്ഞതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷം നിയന്ത്രിക്കാന്‍ പൊലീസ് അഞ്ചുറൗണ്ട് ആകാശത്തേക്ക് വെടിവച്ചു. ഗ്രനേഡ് പ്രയോഗിച്ചിട്ടും അക്രമിസംഘം

പിരിഞ്ഞുപോകാതായപ്പോഴാണ് വെടിവയ്പ്പ് നടത്തിയത്. അക്രമത്തില്‍ നിരവധി പൊലീസുകാര്‍ക്കും സിപിഎം, ബിജെപി പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. ഇരുപതോളം സിപിഎം പ്രവര്‍ത്തകരെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നടത്തിയ കല്ലേറില്‍ ബേക്കല്‍ എസ്‌ഐ കെ പി വിനോദ്കുമാറിനും മൂന്ന് പൊലീസുകാര്‍ക്കും പരിക്കേറ്റു. ഇവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയും കൈയേറ്റമുണ്ടായി. മനോരമ ന്യൂസ് കാമറമാന്‍ ടി ആര്‍ ഷാനിനെ അക്രമികള്‍ മര്‍ദ്ദിക്കുകയും കാമറ തല്ലിതകര്‍ക്കുകയും ചെയ്തു. റിപ്പോര്‍ട്ടര്‍ എം ബി ശരത്ചന്ദ്രനു നേരെയും കൈയേറ്റശ്രമമുണ്ടായി. പൊലീസെത്തി മാധ്യമപ്രവര്‍ത്തകരെ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്കു മാറ്റുകയായിരുന്നു. ചുള്ളിക്കല്‍ റുഖിയ (50), കാഞ്ഞങ്ങാട് കോസ്റ്റല്‍ പൊലീസ് സ്‌റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ രഞ്ജിത്ത് (36), പൊലീസുകാരനായ രോഹിത്(29), ജില്ലാ പഞ്ചായത്ത് ജീവനക്കാരന്‍ ഷിനോജ്, ഷയന അയറോട്(15) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, കെ കെ ശൈലജ, പി കരുണാകരന്‍ എംപി എന്നിവര്‍ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.
ഇന്നലെ വൈകുന്നേരം 3.45ഓടെയാണ് സംഭവത്തിനു തുടക്കം. പനത്തടി, കള്ളാര്‍, പാണത്തൂര്‍ മേഖലകളിലെ സ്ത്രീകളെയാണ് ഇവിടെ മതില്‍ തീര്‍ക്കാന്‍ നിയോഗിക്കപ്പെട്ടത്. ഇവര്‍ ബസുകളില്‍ നിന്നും ഇറങ്ങുമ്പോള്‍ തന്നെ ചിത്താരി പാലത്തിനടുത്തും ചേറ്റുകുണ്ട് വളവില്‍ വച്ചും ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു. ഇതിനിടയില്‍ റോഡിനും റയില്‍വേ ലൈനിനും ഇടയിലുള്ള പുല്ലിന് തീയിടുകയും ചെയ്തു. ഇതോടെ പുക ഉയരുകയും സ്ത്രീകള്‍ക്ക് മതില്‍ തീര്‍ക്കാന്‍ റോഡില്‍ നില്‍ക്കാന്‍ പറ്റാതായി. പുകവ്യാപിച്ചപ്പോള്‍ മതില്‍ തീര്‍ക്കാനെത്തിയവര്‍ മുക്കാല്‍ കിലോമീറ്ററോളം ദൂരത്തേയ്ക്ക് മാറേണ്ടിവന്നു. മറ്റു സ്ഥലങ്ങളില്‍ മതില്‍ തീര്‍ത്തു തിരിച്ചെത്തിയ സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കാന്‍ കൂടെയുണ്ടായിരുന്ന ഇടതുമുന്നണി പ്രവര്‍ത്തകര്‍ എത്തിയതോടെ സംഘര്‍ഷം രൂക്ഷമായി. ഇതോടെയാണ് പൊലീസ് ആകാശത്തേക്ക് വെടിവച്ചത്.

ജില്ലാ പൊലീസ് മേധാവി ഡോ.എ ശ്രീനിവാസ്, ഡിവൈഎസ്പി പി കെ സുധാകരന്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലത്ത് കനത്ത പൊലീസ് കാവലുണ്ട്.