വാ തുറന്നാൽ നാവരിയുന്ന രാജ്യഭരണം

Web Desk
Posted on November 09, 2019, 10:57 pm

കെ ആർ ഹരി

സംഘപരിവാറിനെതിരെ നിലപാട് പറയുന്നവനെ തോക്കിനാലും വാളിനാലും തീർക്കുന്ന നാടാണ് ഇന്ന് ഇന്ത്യ. ആർഎസ്എസിന്റെയും വിശ്വഹിന്ദ് പരിഷത്തിന്റെയുമെല്ലാം ഉറഞ്ഞുതുള്ളൽ രാജ്യത്തിന്റെ മതേതരത്വത്തിനുമേൽ കരിനിഴൽ വീഴ്ത്തിക്കഴിഞ്ഞു. ഭരണകൂടത്തിന്റെ താക്കോൽ തെറ്റാവർത്തിച്ചുകൊണ്ടിരിക്കുന്ന അതേ വർഗീയവാദികളിൽ തന്നെ ഏൽപ്പിച്ചതാണ് ദ്രോഹം. ഭയന്നുജീവിക്കുന്ന വലിയൊരു വിഭാഗം ജീവനുവേണ്ടി വോട്ടുമുറികളിൽ പിന്നെന്തുചെയ്യുമെന്ന് ചോദിക്കുന്നതിൽ തെറ്റൊന്നിമില്ല.

ഗോവിന്ദ് പൻസാരെയും നരേന്ദ്ര ധബോൽക്കറും എം എം കൽബുർഗിയും ഗൗരി ലങ്കേഷും ധീരരക്തസാക്ഷികൾ തന്നെയാണ്. രോഹിത് വെമുല ജീവൻ വെടിഞ്ഞതും ഇതേ രക്തസാക്ഷിപരിവേഷത്തോടെ തന്നെ. ജെഎൻയുവിലെ വിദ്യാർഥി സമൂഹത്തെയാകെ രാജ്യദ്രോഹികളായി മുദ്രകുത്തിയതും കനയ്യകുമാറിനെയുൾപ്പടെ തുറുങ്കിലടച്ചതുമെല്ലാം ദേശസ്നേഹത്തിന്റെ പേരിലായിരുന്നില്ല.

അസഹിഷ്ണുതയുടെ രക്തസാക്ഷികളാകേണ്ടിവരുന്നവരുടെ എണ്ണം നാൾക്കുനാൾ പെരുകുകയാണ്. പശുവിന്റെ പേരിലുള്ള ആൾക്കൂട്ടക്കൊല നടത്താനും ഇതരവിഷയങ്ങളുടെ പേരിൽ ജീവിതങ്ങളെ കല്ലെറിഞ്ഞും തല്ലിചതച്ചും കൊന്നുതീർക്കാനുള്ള ധൈര്യം ചിലരിൽ കുത്തിവയ്ക്കുന്നതും സംഘപരിവാർ രാഷ്ട്രീയമാണ്. ഇതിന്റെയെല്ലാം തുടർച്ചയാണ് നരേന്ദ്രമോഡിയും ബിജെപി സർക്കാരും തുടരുന്ന കോർപ്പറേറ്റ് പ്രീണന നയങ്ങൾക്കെതുിരെ വാ തുറന്ന ഉദ്യോഗസ്ഥരെ വേട്ടയാടുന്ന സംഭവങ്ങൾ. അടുത്ത ഏതാനും ദിവസങ്ങളായി നിരവധി ഉന്നത സിവിൽ സർവീസ് ഉദ്യോഗസ്ഥരെയാണ് മോഡി സർക്കാർ പടിയടച്ച് പിണ്ഡംവയ്ക്കുന്നത്. മോഡി സർക്കാർ അധികാരത്തിൽ എത്തിയ 2014 മുതൽ തങ്ങളുടെ ചൊൽപ്പടിക്ക് വഴങ്ങാത്ത ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയും അല്ലാതെയും പീഡിപ്പിക്കുന്ന നിലപാടുകളാണ് സ്വീകരിക്കുന്നത്. ഇതിൽ ഏറ്റവും ഒടുവിലത്തെ ഇരയാണ് ധനകാര്യവകുപ്പ് സെക്രട്ടറിയായിരുന്ന സുഭാഷ് ചന്ദ്ര ഗാർഗ്.

ആർബിഐയുടെ കരുതൽ ധനശേഖരം, വിദേശ നിക്ഷേപങ്ങൾ, സോവറിൻ ബോണ്ടുകൾ തുടങ്ങിയ വിഷയങ്ങളിൽ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പല തെറ്റായ നടപടികളെയും തുറന്നെതിർത്ത ഉദ്യോഗസ്ഥനായിരുന്നു ഗാർഗ്. തങ്ങളുടെ ചെയ്തികൾക്ക് തടസമായതിനെ തുടർന്ന് ഗാർഗിനെ ഊർജ്ജ മന്ത്രാലയത്തിലേയ്ക്ക് സ്ഥലം മാറ്റി. രാഷ്ട്രീയ മേലാളൻമാരുടെ ഇംഗിതങ്ങൾക്ക് വഴങ്ങാൻ തയ്യാറാകാതെ വ്യക്തിത്വം തെളിയിച്ച ഗാർഗ് സ്വയം വിരമിക്കലിന് നിർബന്ധിതനാവുകയാണ് ചെയ്തത്. ഇതെല്ലാം അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. രാജസ്ഥാൻ കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു സുഭാഷ് ചന്ദ്ര ഗാർഗ്.

2014ൽ മോഡി സർക്കാർ അധികാരത്തിലെത്തിയ അടുത്ത മാസങ്ങളിൽ തന്നെ സാമ്പത്തികകാര്യ സെക്രട്ടറിയായിരുന്ന അരവിന്ദ് മായാറാമിനെ വിനോദ സഞ്ചാര വകുപ്പിലേയ്ക്ക് മാറ്റിയതിനു പിന്നിലും മോഡിയുടെ വിദ്വേഷമാണ്. യുപിഎ സർക്കാരിന്റെ കാലത്ത് നിയമതിനായ മായാറാം കോർപ്പറേറ്റ് വായ്പകളുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിർദ്ദേശം അനുസരിക്കാൻ തയ്യാറായില്ല. ഇതാണ് സ്ഥലം മാറ്റത്തിനുള്ള കാരണം.

വിനോദ സഞ്ചാരവകുപ്പിൽ നിന്ന് ന്യൂനപക്ഷ ക്ഷേമ വകുപ്പിലേയ്കകും മായാറാമിനെ സ്ഥലം മാറ്റിയിരുന്നു. 1978 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം.

1979 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനും സിബിഐ മുൻ ഡയറക്ടറുമായിരുന്ന അലോക് വർമ്മയെയും പുകച്ച് പുറത്ത് ചാടിക്കാൻ മോഡി സർക്കാർ തന്ത്രങ്ങൾ മിനഞ്ഞു. ഗുജറാത്ത് കലാപക്കേസിൽ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന നരേന്ദ്ര മോഡി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരെ രക്ഷിച്ച ഐപിഎസ് ഉദ്യോഗസ്ഥനായ രാകേഷ് അസ്താനക്കെതിരെ നടപടിയെടുത്തതാണ് മോഡി സർക്കാരിനെ ചൊടിപ്പിച്ചത്. കള്ളപ്പണം വെളുപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മാംസ കയറ്റുമതി വ്യാപാരിയായ മായിൻ ഖുറേഷിയിൽ നിന്നും കോടികൾ കോഴ വാങ്ങിയെന്നാണ് രാകേഷ് അസ്താനക്കെതിരായ കേസ്. അലോക് വർമ്മയെ അപ്രധാന തസ്തികയായ ഫയർ ആന്റ് സേഫ്റ്റി ഡയറക്ടർ ജനറലായി സ്ഥലം മാറ്റി. ആരോപണ വിധേയനായ രാകേഷ് അസ്താനയെ സിവിൽ ഏവിയേഷൻ സെക്യൂരിറ്റി വിഭാഗം ഡയറക്ടറാക്കി ഉന്നത പദവി നൽകുകയായിരുന്നു.

അലോക് വർമ്മ- രാകേഷ് അസ്താന പോര് തുടരുന്നതിനിടെ 1986 ബാച്ച് ഒഡീഷ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായ നാഗേശ്വര റാവുവിനെ സിബിഐ തലപ്പത്ത് നിയമിച്ചു. മോഡി- അമിത്ഷാ അച്ചുതണ്ടിന്റെ കണ്ണിലുണ്ണിയായ രാകേഷ് അസ്താനയുടെ കേസ് അന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥരെ മാറ്റൊരു പാതിരാ നാടകത്തിലൂടെ നാഗേശ്വർ റാവു സ്ഥലം മാറ്റി. ആവശ്യം കഴിഞ്ഞപ്പോൾ നാഗേശ്വർ റാവുവിനെ സിബിഐയിൽ നിന്നും പുറത്താക്കി ഫയർ ആന്റ് സേഫ്റ്റി ഡയറക്ടർ ജനറലാക്കി നിയമിച്ചു. ഗുരുതരമായ അഴിമതി ആരോപണങ്ങൾ നേരിടുന്ന ഉദ്യോഗസ്ഥനാണ് നാഗേശ്വർ റാവു.

ഒന്നാം മോഡി സർക്കാർ അധികാരത്തിലെത്തി ഒരു വർഷത്തിനിടെയാ യുപിഎ സർക്കാർ നിയമിച്ച സുജാതാ സിങിനെ വിദേശകാര്യ സെക്രട്ടറി സ്ഥാനത്തുനിന്നും സ്ഥലംമാറ്റിയത്. നയന്ത്രപരമായ വിവിധ വിഷയങ്ങളിൽ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിർദ്ദേശങ്ങൾ അനുസരിച്ച് പ്രവർത്തിക്കാൻ സുജാതാ സിങ് തയ്യാറായിരുന്നില്ല. വിദേശകാര്യ മന്ത്രാലയത്തിൽ നിന്നും ഒഴിവാക്കി യുപിഎസ് സിയിൽ നിയമനം നൽകാൻ സർക്കാർ തയ്യാറായിരുന്നെങ്കിലും സുജാതാ സിങ് വഴങ്ങാൻ തയ്യാറായിരുന്നില്ല. ഔദ്യോഗിക കാലാവധി അവസാനിക്കാൻ ഒരുവർഷത്തോളം ബാക്കിനിൽക്കെയാണ് സുജാതാ സിങിനെ മാറ്റി എസ് ജയശങ്കറിനെ വിദേശകാര്യ സെക്രട്ടറിയായി നിയമിച്ചത്. എസ് ജയശങ്കർ ഇപ്പോൾ വിദേശകാര്യ മന്ത്രിയാണ്.

സുജാത സിങിനെ മാറ്റി ആഴ്ച്ചകൾക്കുള്ളിൽ ആഭ്യന്തര സെക്രട്ടറിയായിരുന്ന 1978 ബാച്ച് ജമ്മു കശ്മീർ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായ അനിൽ ഗോസ്വാമിയെ സ്ഥലംമാറ്റി. 2015 ഫെബ്രുവരി 15നാണ് അനിൽ ഗോസ്വാമിയെ പുറത്താക്കിയത്. ശാരദാ ചിട്ടിഫണ്ട് കേസുമായി ബന്ധപ്പെട്ട് മുൻ കേന്ദ്രമന്ത്രി മതാങ് സിങിനുവേണ്ടി സിബിഐ അന്വേഷണത്തിൽ ഇടപെട്ടുവെന്നാണ് അനിൽ ഗോസ്വമിക്കെതിരായ ആരോപണം. എന്നാൽ താൻ ഇക്കാര്യങ്ങളിൽ ഇടപെടിട്ടില്ലെന്ന അനിൽ ഗോസ്വാമിയുടെ വിശദീകരണം അംഗീകരിക്കാൻ പ്രധാനമന്ത്രിയുടെ ഓഫീസ് തയ്യാറായില്ലെന്നതാണ് വസ്തുത.

നാഗാ ഉടമ്പടിയുമായി ബന്ധപ്പെട്ട് മോഡി സർക്കാരിന്റെ നിർദ്ദേശങ്ങൾ അംഗീകരിക്കാൻ തയ്യാറാവാതിരുന്ന അനിൽ ഗോസ്വാമിയുടെ സ്ഥാനത്ത് ആഭ്യന്തര സെക്രട്ടറിയായി 1979 കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ എൽ സി ഗോയലിനെ നിയമിച്ചു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ദേശീയ സുരക്ഷാ ഉപദേഷ്ടാവ് തലത്തിലുള്ള ചർച്ചകളിൽ അഭിപ്രായ ഭിന്നത പ്രകടിപ്പിച്ചുവെന്നാണ് ഗോയലിനെതിരായ ആരോപണം. പുറത്താക്കുന്നതിന് മുമ്പ് ഗോയൽ സ്വയം വിരമിക്കലിനുള്ള അപേക്ഷ നൽകി.

വിരമിക്കാൻ രണ്ട് വർഷം ശേഷിക്കെയാണ് ഗോയൽ സ്വയം വിരമിച്ചത്.

പ്രധാനമന്ത്രിയുടെ ഭാര്യ എന്ന നിലയിൽ യശോധ ബെന്നിന് സുരക്ഷ ഒരുക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ പരസ്യ നിലപാട് എടുത്തുവെന്ന വൈരാഗ്യത്തിലാണ് സെപ്ഷ്യൽ പ്രൊട്ടക്ഷൻ ഗ്രുപ്പ് മേധാവിയായിരുന്ന ദുർഗാ പ്രസാദിനെ പുറത്താക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കൊപ്പം സാർക്ക് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനിടെയാണ് ദുർഗ പ്രസാദിനെ തൽസ്ഥാനത്തുനിന്നും മാറ്റിക്കൊണ്ടുള്ള ഉത്തരവ് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ചത്.

പ്രധാനമന്ത്രിയുടെ ഫിറ്റ് ഇന്ത്യ പദ്ധതിയുമായി വിയോജിപ്പ് പ്രകടിപ്പിച്ചതിനാണ് സ്കൂൾ വിദ്യാഭ്യാസ സെക്രട്ടറിയായ റിനാ റെയെ പുറത്താക്കിയത്. വടക്ക് കിഴക്കൻ സംസ്ഥാനത്തേയ്ക്കാണ് റീനാ റെയെ സ്ഥലം മാറ്റിയത്.

കൽക്കരിപ്പാടം ലേലവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിർദ്ദേശങ്ങൾ അംഗീകരിക്കാത്തതിന് കൽക്കരി വകുപ്പ് സെക്രട്ടറി സുമന്ദ ചൗധരിയെ മോഡി സർക്കാർ പുറത്താക്കിയതാണ് ഒടുവിലത്തെ സംഭവം. റിലയൻസ് ഗ്രൂപ്പിന് എതിരായ കേസിൽ അനുകൂല നിലപാട് സ്വീകരിക്കാൻ തയ്യറാകാത്ത വനിതാ ഐആർഎസ് ഉദ്യോഗസ്ഥയെ സ്ഥലം മാറ്റിയതും ഏറെ വിവാദമായിരുന്നു.