20 April 2024, Saturday

Related news

March 12, 2024
October 1, 2023
September 5, 2023
September 4, 2023
July 8, 2023
June 7, 2023
May 27, 2023
April 23, 2023
April 17, 2023
April 5, 2023

ആര്‍എസ്എസ് കണ്ണുരുട്ടി, ബിജെപി പത്തി താഴ്ത്തി

കെ രംഗനാഥ്
തിരുവനന്തപുരം
April 23, 2023 10:26 pm

മുസ്ലിം, ക്രിസ്ത്യന്‍ മതനേതാക്കളുടെയും വിശ്വാസികളുടെയും ഭവനസന്ദര്‍ശനത്തിലൂടെ വോട്ട് തട്ടാനുള്ള ബിജെപിയുടെ തന്ത്രം അമ്പേ പാളി. മുസ്ലിം ഭവനങ്ങള്‍ റംസാന്‍ നാളുകളില്‍ സന്ദര്‍ശി‌ക്കുമെന്നും സക്കാത്ത് നല്കുമെന്നുമുള്ള സംസ്ഥാന ബിജെപിയുടെ പ്രഖ്യാപനം എങ്ങും നടപ്പായില്ല. ക്രെെസ്തവമത മേലധ്യക്ഷന്മാരെ നിരന്തരം സന്ദര്‍ശിക്കുമെന്ന പ്രഖ്യാപനത്തില്‍ നിന്നും പിന്നോട്ടുപോകാനാണ് തീരുമാനം. ക്രെെസ്തവ, മുസ്ലിം മതമേലധ്യക്ഷന്മാരുടെ ആസ്ഥാനങ്ങള്‍ സന്ദര്‍ശിക്കാനുള്ള പദ്ധതിക്കെതിരെ ആര്‍എസ്എസ് നേതൃത്വം കണ്ണുരുട്ടിയതോടെയാണ് ബിജെപിയുടെ ഈ പത്തി താഴ്ത്തല്‍.

ഏതാനും ദിവസം മുമ്പു നടന്ന സംസ്ഥാന കോര്‍കമ്മിറ്റി യോഗത്തില്‍ ഇത്തരം സന്ദര്‍ശനങ്ങള്‍ ബിജെപിയുടെ സെെദ്ധാന്തികമായ അടിത്തറ തകര്‍ക്കുമെന്ന് ചില മുതിര്‍ന്ന നേതാക്കള്‍ മുന്നറിയിപ്പ് നല്കിയിരുന്നു. ഇതേത്തുടര്‍ന്ന് ക്രെെസ്തവ‑മുസ്ലിം സന്ദര്‍ശനതന്ത്രത്തില്‍ നിന്നും ബിജെപി പിന്‍വാങ്ങുമെന്നും ‘ജനയുഗം’ കഴിഞ്ഞയാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു. സാധാരണഗതിയില്‍ ബിജെപി നേതൃയോഗങ്ങളില്‍ നേതാക്കളുടെ പാലംവലിയും പാരവയ്പും കുത്തിത്തിരിപ്പുകളുമടങ്ങുന്ന സംഘടനാപരമായ കലാപരിപാടികള്‍ മാത്രമാണ് ചര്‍ച്ച ചെയ്യുക.

എന്നാല്‍ പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രപരമായ നിലപാടുകള്‍ ഇതാദ്യമായാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്. കുറേക്കാലം മുമ്പ് ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്ന കെ രാമന്‍പിള്ള പാര്‍ട്ടി വിട്ടപ്പോഴും പി പി മുകുന്ദനെ ആര്‍എസ്എസിന്റെ ദക്ഷിണമേഖലാ നേതൃപദവിയില്‍ നിന്ന് പുറത്താക്കിയപ്പോഴും മാത്രമാണ് വാദപ്രതിവാദങ്ങള്‍ സെെദ്ധാന്തികമായ മാനത്തില്‍ അല്പമെങ്കിലും എത്തിയത്. എന്നാല്‍ ഇത്തവണ പ്രത്യയശാസ്ത്രപരമായ ഭിന്നതകള്‍ ഉഗ്രരൂപംകൊണ്ടിരിക്കുന്നു. ക്രെെസ്തവമത മേലധ്യക്ഷന്മാരെ ബിജെപി സംസ്ഥാന നേതാക്കള്‍ നിരന്തരം സന്ദര്‍ശിച്ചതോടെ ആര്‍എസ്എസ് അഖിലേന്ത്യാ നേതൃത്വം അപകടം മണത്തറിയുകയായിരുന്നു. ഇത്തരം സന്ദര്‍ശനങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് ആര്‍എസ്എസ് സര്‍സംഘ്ചാലക് മോഹന്‍ ഭഗവത് തന്നെ സംസ്ഥാന ആര്‍എസ്എസ് പ്രാന്തകാര്യ വാഹക് പി ഗോപാലന്‍കുട്ടിയെ അറിയിക്കുകയായിരുന്നുവെന്നാണ് സൂചന.

ആര്‍എസ്എസ് ദേശീയ നേതൃത്വത്തിന്റെ ഈ നിലപാടാണ് മുതിര്‍ന്ന ചില നേതാക്കള്‍ കോര്‍കമ്മിറ്റി യോഗത്തെ അറിയിച്ചത്. മുസ്ലിം-ക്രിസ്ത്യന്‍ വിരുദ്ധതയില്‍ കെട്ടിപ്പൊക്കിയ ബിജെപി ഹിന്ദുമതത്തിന്റെ ശത്രുക്കളെ ഒപ്പം കൂട്ടുന്നത് പാര്‍ട്ടിയിലെ ഹിന്ദുക്കളായ മഹാഭൂരിപക്ഷത്തിന്റെയും രോഷം വിളിച്ചുവരുത്തുമെന്ന സെെദ്ധാന്തികമായ നിലപാടാണ് ആര്‍എസ്എസ് നേതൃത്വം ഉയര്‍ത്തിക്കാട്ടിയത്. ഈ സന്ദര്‍ശനതന്ത്രം ബിജെപിയുടെ മൗലികനയത്തിന്റെ ലംഘനമാകുമെന്നും പാര്‍ട്ടിയിലെ ഹിന്ദുക്കള്‍ ഇതില്‍ പ്രതിഷേധിച്ചു പാര്‍ട്ടിവിടുന്ന ആപല്‍ക്കരമായ അവസ്ഥയുണ്ടാകുമെന്നും ആര്‍എസ്എസ് മുന്നറിയിപ്പ് നല്കി. മാത്രമല്ല, ഈ സന്ദര്‍ശനതന്ത്രത്തിലൂടെ ഒരു ശതമാനം ക്രിസ്ത്യാനികളെപ്പോലും പാര്‍ട്ടിയിലേക്ക് കൊണ്ടുവരാന്‍ കഴിയില്ല.

മുസ്ലിം വിശ്വാസികളില്‍ നിന്നാണെങ്കില്‍ ഒരാളെപ്പോലും കിട്ടിയില്ലെന്നും ആര്‍എസ്എസ് വിലയിരുത്തുന്നു. ക്രെെസ്തവമത മേലധ്യക്ഷന്മാരകട്ടെ ആകെ ആശയക്കുഴപ്പത്തിലും ആകുലതയിലുമാണ്. ബിജെപി നേതാക്കള്‍ അരമനകള്‍ കയറിയിറങ്ങിയതോടെ എല്ലാ ക്രെെസ്തവസഭകളിലും ഇതുവരെ ദര്‍ശിക്കാത്ത ഭിന്നിപ്പുകളായുണ്ടായിരിക്കുന്നത്. സഭകളുടെ പ്രസിദ്ധീകരണങ്ങള്‍ എല്ലാംതന്നെ ഈ സന്ദര്‍ശനങ്ങളെ ഭയപ്പെടുന്നു. എല്ലാ സഭകളിലും നേതൃത്വത്തിലും വിശ്വാസി സമൂഹങ്ങളിലും ഭിന്നിപ്പുണ്ടാക്കി ക്രെെസ്തവ ഐക്യം തകര്‍ക്കാനുള്ള തന്ത്രമാണോ സന്ദര്‍ശനങ്ങളിലൂടെ ബിജെപി നടപ്പാക്കുന്നതെന്ന ആശങ്കയും മിക്ക മതമേലധ്യക്ഷന്മാരും വിശ്വാസികളും പ്രകടിപ്പിച്ചു തുടങ്ങിയിട്ടുണ്ട്.

Eng­lish Sum­ma­ry: RSS, BJP car­ry­ing hatred politics
You may also like this video

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.