ദളിത് വിദ്യാർത്ഥിക്ക് നേരെ എബിവിപി — ആര്‍എസ്എസ് ഗുണ്ടായിസം

Web Desk
Posted on October 08, 2017, 12:34 pm

ദളിത് വിദ്യാര്‍ഥിയെ ക്യാമ്പസില്‍ വിവസ്ത്രനാക്കി മര്‍ദ്ദിച്ചു

നെയ്യാറ്റിന്‍കര: ശാഖാ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരാന്‍ വിസമ്മതിച്ച വിദ്യാര്‍ഥിക്ക് എബിവിപി-ആര്‍എസ്എസ് പ്രവര്‍ത്തകരുടെ മര്‍ദ്ദനം. ധനുവച്ചപുരം വിടിഎം എന്‍എസ്എസ് കോളജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായ അഭിജിത്തിനെയാണ് എബിവിപി- ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ക്യാമ്പസില്‍ വച്ച് വിവസ്ത്രനാക്കി മര്‍ദ്ദിച്ചത്. ഇക്കഴിഞ്ഞ ഒക്ടോബര്‍ മൂന്നിനാണ് സംഭവം.

എബിവിപിയുടെ മെമ്പര്‍ഷിപ്പ് എടുക്കാന്‍ തയ്യാറാകാതിരുന്നതിനാല്‍ അഭിജിത്തും കോളജിലെ എബിവിപി പ്രവര്‍ത്തകരും തമ്മില്‍ ദിവസങ്ങള്‍ക്ക് മുന്‍പ് വാക്കുതര്‍ക്കമുണ്ടായിരുന്നു. ഇതോടെ എബിവിപി പ്രവര്‍ത്തകര്‍ തന്നെ നോട്ടമിട്ടിരുന്നുവെന്ന് അഭിജിത്ത് പറഞ്ഞു.

എബിവിപിയുടെ ശക്തി കേന്ദ്രമാണ് വിടിഎം എന്‍എസ്എസ് കോളജ്. നിലവില്‍ കോളജില്‍ എബിവിപിക്ക് മാത്രമാണ് യൂണിറ്റുള്ളത്. എസ്എഫ്‌ഐക്കാരനാണ് അഭിജിത്തെന്നും കോളജില്‍ എസ്എഫ്‌ഐയുടെ യൂണിറ്റ് രൂപീകരിക്കുമെന്നും ആരോപിച്ചായിരുന്നു മര്‍ദ്ദനം. കാന്റീനിലേക്ക് ഭക്ഷണം കഴിക്കാന്‍ പോകുന്നതിനിടെ ഫോണില്‍ ചെഗുവേരയുടെ ഫോട്ടോ കണ്ട ആക്രമികള്‍ എസ്എഫ്‌ഐക്ക്  വേണ്ടി കോളജിലേയ്ക്ക് വന്നതാണോയെന്ന് ചോദിച്ചായിരുന്നു മര്‍ദ്ദനം.

ഫോണിലെ മറ്റു ദൃശ്യങ്ങളും ബലം പ്രയോഗിച്ച് പരിശോധിച്ചു. ആര്‍എസ്എസുകാര്‍ ബോംബെറിഞ്ഞ് കൊലപ്പെടുത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ സജിന്‍ ഷാഹുലിന്റെ ഫോട്ടോ കണ്ടതിനെത്തുടര്‍ന്ന് മര്‍ദ്ദനം ശക്തമാക്കിയതെന്നും അഭിജിത്ത് പറഞ്ഞു. ഇനി മുതല്‍ ക്യാമ്പസിലും നാട്ടിലും എബിവിപി പ്രവര്‍ത്തകനാവണമെന്നാവശ്യപ്പെട്ടായി പിന്നെ മര്‍ദ്ദനം. ഷര്‍ട്ടും പാന്റും ഊരിപ്പിച്ച് നഗ്നനാക്കിയാണ് ഗ്രൗണ്ടിലിട്ട് മര്‍ദ്ദിച്ചതെന്നും അഭിജിത്ത് പറഞ്ഞു.  എബിവിപിയുടെ പരിപാടിയില്‍ പങ്കെടുത്തില്ലെങ്കില്‍ വീട്ടില്‍ കയറി മര്‍ദ്ദിക്കുമെന്നും ആഴ്ചയിലൊരിക്കല്‍ കോളജില്‍ നടക്കുന്ന ആര്‍എസ്എസ് ശാഖയില്‍ പങ്കെടുക്കണമെന്നും മൂന്നാം വര്‍ഷ വിദ്യാര്‍ഥികളായ എബിവിപിക്കാര്‍ മര്‍ദ്ദനത്തിനിടയില്‍ ഭീഷണിപ്പെടുത്തി.

വെള്ളിയാഴ്ച നടന്ന എബിവിപി റാലിയില്‍ പങ്കെടുക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടിരുന്നു. അതിന് താല്‍പര്യമില്ലാത്തതിനെ തുടര്‍ന്ന് പരിപാടിയില്‍ പങ്കെടുക്കാതെ കോളജില്‍ നിന്ന് പോകുവാന്‍ ശ്രമിച്ചു. ഇതറിഞ്ഞ എബിവിപി പ്രവര്‍ത്തകര്‍ തന്നെ ബലമായി പിടിച്ചുകൊണ്ടുവന്ന് റാലിയുടെ മുന്‍ നിരയില്‍ നിര്‍ത്തി. എബിവിപിയുടെ കൊടിപിടിപ്പിച്ച് റാലിയില്‍ നടത്തിച്ചുവെന്നും അഭിജിത്ത് പറഞ്ഞു. ഇതിന് ശേഷം ബലമായി കൈയ്യില്‍ രാഖി കെട്ടാന്‍ ശ്രമിച്ചപ്പോള്‍ അതിനെ തടയാന്‍ ശ്രമിച്ചതിനും തല്ലി. ദളിതന്മാര്‍ ഇനി ഈ ക്യാമ്പസില്‍ പഠിക്കണ്ട എന്ന് പറഞ്ഞാണ് മര്‍ദ്ദിച്ചത്. കൊടിപിടിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞപ്പോള്‍ വീണ്ടും മര്‍ദ്ദിച്ചു. കോളജ് മാറ്റം ആവശ്യപ്പെട്ട് കേരള സര്‍വകലാശാലയിലെത്തിയപ്പോഴായിരുന്നു സംഭവം പുറത്തറിഞ്ഞത്.

സംഭവത്തിന് ശേഷം ഭയംമൂലം രണ്ട് ദിവസം ക്ലാസില്‍ പോകാതിരുന്ന വിദ്യാര്‍ഥി ഇന്നലെയാണ് കോളജില്‍ എത്തിയത്. സംഭവത്തെക്കുറിച്ച് നേമം പൊലീസില്‍ പരാതി നല്‍കിയതായി അഭിജിത്ത് വ്യക്തമാക്കി. എന്നാല്‍ ഇതു സംബന്ധിച്ച് തങ്ങള്‍ക്ക് വിദ്യാര്‍ഥിയില്‍ നിന്ന് പരാതിയൊന്നും കിട്ടിയിട്ടില്ലെന്ന് കോളജ് അധികൃതര്‍ അറിയിച്ചു.