19 April 2024, Friday

Related news

April 18, 2024
April 18, 2024
April 18, 2024
April 18, 2024
April 18, 2024
April 18, 2024
April 18, 2024
April 18, 2024
April 18, 2024
April 17, 2024

ആർഎസ്എസ്-ബിജെപി ആക്രമണം തുടരുന്നു

Janayugom Webdesk
തിരുവനന്തപുരം
August 29, 2022 12:36 pm

തലസ്ഥാനത്ത് ബിജെപി-ആർഎസ്എസ് ആക്രമണം തുടരുന്നു. സിപിഐ(എം) ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമിച്ചതിനു പിന്നാലെയാണ് ശനിയാഴ്ച പുലർച്ചെ ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ വീടിനുനേരെയും ആക്രമണമുണ്ടായത്. കല്ലേറിൽ വീടിന്റെ ജനൽച്ചില്ലുകൾ തകർന്നു. പോർച്ചിലുണ്ടായിരുന്ന കാറിനും കേടുപാടുകളുണ്ടായി. സാധാരണ ഗതിയിൽ ശനിയാഴ്ച രാത്രികളിൽ ആനാവൂർ നാഗപ്പന്‍ വീട്ടിലെത്തുക പതിവാണ്. ഇതറിഞ്ഞു കൊണ്ടുതന്നെയാണ് ആക്രമണം നടത്തിയതെന്നാണ് ആരോപണം. അദ്ദേഹത്തിന്റെ മകൻ ദീപുവും ഭാര്യയും കുട്ടികളും കല്ലേറ് നടന്ന വീട്ടിലുണ്ടായിരുന്നു.

മന്ത്രി വി ശിവൻകുട്ടി, സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ പള്ളിച്ചല്‍ വിജയന്‍, വി പി ഉണ്ണികൃഷ്ണന്‍, ജില്ലാ കൗണ്‍സില്‍ അംഗങ്ങളായ സുന്ദരേശന്‍ നായര്‍, ആനാവൂര്‍ മണികണ്ഠന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ, മേയർ ആര്യാ രാജേന്ദ്രൻ തുടങ്ങിയവർ സംഭവസ്ഥലം സന്ദർശിച്ചു. ഡിവൈഎസ്‌പി ശ്രീകാന്ത്, എസ് എച്ച്ഒ പ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. മണികണ്ഠേശ്വരത്ത് ഡിവൈ എഫ്ഐ ജില്ലാ പ്രസിഡന്റ് വി അനൂപ് ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെയും ആർഎസ്എസ് ആക്രമണമുണ്ടായി. പേരൂർക്കട ബ്ലോക്ക് സെക്രട്ടറി അഡ്വ. അമൽ ആർ, പ്രസിഡന്റ് എ നിഖിൽ, വൈസ് പ്രസിഡന്റ് അർജ്ജുൻ രാജ്, ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ കാർത്തിക്, നിതിൻ, മേഖലാ കമ്മിറ്റി അംഗങ്ങളായ ഗോകുൽ, ഹരി എന്നിവർക്കും ആക്രമണത്തില്‍ പരിക്കേറ്റു. അതേസമയം സിപിഐ(എം) ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമണത്തില്‍ അറസ്റ്റിലായ എബിവിപി പ്രവര്‍ത്തകരുടെ ബൈക്കുകളും ഫോണും പൊലീസ് കസ്റ്റഡിയിലെടുത്തു.

ലാൽ, സതീർത്ഥ്യൻ, ഹരിശങ്കർ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് വഞ്ചിയൂരിൽ എൽഡിഎഫ് നടത്തിയ വികസന ജാഥയ്ക്കുനേരെ എബിവിപി പ്രവർത്തകർ ആക്രമണം നടത്തിയത്. തുടര്‍ന്ന് ആറ്റുകാൽ ദേവി ഹോസ്പിറ്റലിൽ പ്രതികൾ ചികിത്സ തേടിയിരുന്നു. വഞ്ചിയൂർ വാർഡ് കൗൺസിലർ ഗായത്രി ബാബുവിനെ ആക്രമിച്ച അതേ പ്രതികൾ തന്നെയാണ് സിപിഐ(എം) ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമിച്ചത് എന്നാണ് പൊലീസ് പറയുന്നത്. ആശുപത്രിയിൽ നിന്നാണ് ഇവർ ഓഫീസിനു നേർക്ക് കല്ലെറിയാൻ എത്തിയത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ആക്രമണത്തിനു പിന്നിൽ എബിവിപി പ്രവർത്തകരാണെന്ന് പൊലീസിനു സൂചന ലഭിച്ചത്. ഇവരുടെ മൊബൈൽ രേഖകളും പൊലീസ് പരിശോധിച്ചു. മൂന്ന് ബൈക്കുകളിലായി എ ത്തിയ സംഘം പുലർച്ചെയായിരുന്നു ആക്രമണം നടത്തിയത്.

പ്രതിഷേധ പ്രകടനങ്ങളും ബഹുജന കൂട്ടായ്മകളും സംഘടിപ്പിച്ചു

കല്ലമ്പലം: സിപിഐ(എം) തിരുവനന്തപുരം ജില്ലാ കമ്മറ്റി ഓഫീസിനും നേതാക്കളുടെ വീടുകള്‍ക്കും നേരെയുള്ള ആര്‍എസ്എസ് ആക്രമണത്തിനെതിരെ എല്‍ഡിഎഫ് പ്രതിഷേധ പ്രകടനങ്ങളും ബഹുജന കൂട്ടായ്മകളും സംഘടിപ്പിച്ചു. കരവാരം, വെളളല്ലൂര്‍, നഗരൂര്‍ എന്നിവിടങ്ങളില്‍ നടന്ന പ്രതിഷേധ പ്രകടനം സിപിഐ(എം) ജില്ലാ കമ്മിറ്റി അംഗം അഡ്വ. ബി സത്യന്‍ ഉദ്ഘാടനം ചെയ്തു. കരവാരത്ത് എസ് എം റഫീക്ക് അധ്യക്ഷത വഹിച്ചു. വെള്ളല്ലൂരില്‍ സജ്ജനന്‍ അധ്യക്ഷത വഹിച്ചു. നഗരൂരില്‍ അനില്‍ അധ്യക്ഷത വഹിച്ചു. രജിത്ത്, എസ് നോവല്‍ രാജ്, ഡി സ്മിത, എസ് ഷിബു എന്നിവര്‍ സംസാരിച്ചു.

തലസ്ഥാനത്തെ കലാപഭൂമിയാക്കാനുള്ള ആര്‍എസ്എസ് നീക്കം ചെറുക്കണം: സിപിഐ

തിരുവനന്തപുരം: തലസ്ഥാന ജില്ലയെ കലാപഭൂമിയാക്കാനുള്ള ആര്‍എസ്‌എസ് നീക്കം ചെറുക്കണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ പ്രസ്താവനയിൽ പറഞ്ഞു. സിപിഐ(എം) ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ വീട് ആക്രമിച്ച ആര്‍എസ്എസ് നടപടി നാട്ടിൽ കലാപം ഉണ്ടാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ്. ജില്ലയിൽ നിലനിൽക്കുന്ന സമാധാന അന്തരീക്ഷം തകർക്കുന്നതിന് വേണ്ടിയുള്ള ബോധപൂർവമായ ശ്രമമാണ് ബിജെപി — ആർഎസ്എസ് സംഘം നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് എൽഡിഎഫ് പ്രചരണ ജാഥയ്ക്ക് നേരെ ആക്രമണം നടത്തിയത്. പ്രകോപനമില്ലാതെയാണ് ബിജെപി നേതൃത്വത്തിൽ വഞ്ചിയൂരിൽ വച്ച് ജാഥയെ ആക്രമിക്കുകയും കൗൺസിലറെ കയ്യേറ്റം ചെയ്യുകയും ചെയ്തത്.

ഇതിന്റെ തുടർച്ചയായാണ് സിപിഐ(എം) ഓഫീസിന് നേരെയും ജില്ലാ സെക്രട്ടറിയുടെ വീടിന് നേരെയും നടന്ന ആക്രമണങ്ങൾ. തിരുവനന്തപുരം നഗരസഭയുടെ ഭരണം സ്തംഭിപ്പിക്കാൻ ബിജെപി തുടർച്ചയായി ശ്രമം നടത്തുകയാണ്. നഗരസഭയ്ക്കെതിരായ ബിജെപിയുടെ അപവാദ പ്രചരണം തുറന്നു കാട്ടാനാണ് എൽഡിഎഫ് ജാഥകൾ സംഘടിപ്പിക്കുന്നത്. കള്ളക്കഥകൾ പൊളിയുന്നതിന്റെ ജാള്യത മറയ്ക്കാനാണ് അക്രമം അഴിച്ചുവിടാൻ ബിജെപി ശ്രമിക്കുന്നത്. നാടിന്റെ സമാധാനം തകർക്കാനുള്ള ആസൂത്രിതമായ നീക്കമാണ് അവര്‍ നടത്തുന്നത്. ഈ നീക്കത്തിനെതിരെ ബഹുജനങ്ങളെ അണിനിരത്തി ശക്തമായ പ്രതിരോധം തീർക്കുമെന്നും മാങ്കോട് രാധാകൃഷ്ണൻ പ്രസ്താവനയിൽ പറഞ്ഞു.

Eng­lish Sum­ma­ry: RSS-BJP attack continue
You may also like this video

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.