ഫേസ്ബുക്കിൽ പോസ്റ്റ്‌ ഇട്ടതിന് ആർഎസ‌്എസുകാരനെതിരെ കേസ്

Web Desk
Posted on April 17, 2019, 7:10 pm

മംഗലാപുരത്തു നിന്നും നവജാത ശിശുവിനെ ചികിത്സയ്ക്കായി എറണാകുളത്തെത്തിച്ച സംഭവത്തിൽ മത സ്പർദ്ധ വളർത്തുന്ന തരത്തിൽ ഫേസ്ബുക്കിൽ പോസ്റ്റ്‌ ഇട്ടതിന് ആർഎസ‌്എസുകാരനെതിരെ കേസെടുത്തു. കോതമംഗലം പൈങ്ങോട്ടൂർ കടവൂർ കോനാസറമ്പത്ത‌്(ബ്ലാവിൽ) സോമസുന്ദരത്തിന്റെ മകൻ ബിനിൽ സോമസുന്ദരത്തിനെതിരെയാണ‌് എറണാകുളം സെൻട്രൽ പൊലീസ‌് കേസെടുത്തത‌്.

ഹൃദയത്തിന‌് ഗുരുതര തകരാർ സംഭവിച്ച രണ്ടാഴ‌്ച പ്രായമുള്ള കുഞ്ഞിനെ മംഗലാപുരത്ത‌് നിന്നും ചൊവ്വാഴ‌്ചയാണ‌് ആംബുലൻസിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത‌്.

തിരുവനന്തപുരത്തേക്ക‌് കൊണ്ടുപോയ കുഞ്ഞിനെ മന്ത്രി കെ കെ ശൈലജ ഇടപെട്ടാണ‌് എറണാകുളത്ത‌് അമൃത ആശുപത്രിയിൽ ചികിത്സ സൗകര്യമൊരുക്കിയത‌്. കുഞ്ഞിനെ ജിഹാദിയെന്ന‌് വിശേഷിപ്പിച്ചാണ‌് കടുത്ത മത വർഗീയത പുലർത്തുന്ന ബിനിൽ ഫേസ‌്ബുക്കിൽ പോസ‌്റ്റിട്ടത‌്. പോസ‌്റ്റിനെതിരെ വ്യാപക പ്രതിഷേധമുയർന്നതോടെ ഇയാൾ മാപ്പ‌് അപേക്ഷയും നടത്തി.

മദ്യ ലഹരിയിലാണ‌് പോസ‌്റ്റിട്ടതെന്നും ശബരിമല കർമ സമിതിയുടെ സജീവ പ്രവർത്തകൻകൂടിയായ ബിനിൽ പോസ‌്റ്റിൽ പറഞ്ഞു. ഐപിസി 153എ(മത വിദ്വേഷം ജനിപ്പിക്കൽ) പ്രകാരമാണ‌് പൊലീസ‌് കേസെടുത്തത‌്