Janayugom Online
bjp janayugom

ഹിന്ദുവര്‍ഗീയാന്ധകാര കൂപത്തിലെ ജളമണ്ഡൂകങ്ങള്‍

Web Desk
Posted on August 03, 2018, 10:45 pm

ഹിന്ദുവര്‍ഗീയാന്ധകാരകൂപത്തിലെ ജളമണ്ഡൂകങ്ങള്‍ക്ക് നാറുന്നതും മണക്കുന്നതും തിരിച്ചറിയാനുള്ള വകതിരിവ് ശുദ്ധശൂന്യമാണല്ലോ. ഇതു തെളിയിക്കാന്‍ പരീക്ഷണനിരീക്ഷണങ്ങളൊന്നും ആവശ്യമില്ല. ഭാരതത്തിലെ ഇന്നത്തെ ഭരണാധികാരികളും ഭരണപക്ഷ നേതാക്കളും പേര്‍ത്തും പേര്‍ത്തും നടത്തുന്ന പ്രഖ്യാപനങ്ങള്‍ മാത്രം വിലയിരുത്തിയാല്‍ മതി. ഇങ്ങനെ വികലഭാഷണം നടത്തുന്ന വിടുവായന്മാരാണല്ലൊ ഭാരതത്തിലെ ജനകോടികളുടെ ഭാഗധേയം നിര്‍ണയിക്കുന്നതെന്നറിയുമ്പോള്‍ ഏതൊരാളും ലജ്ജിച്ചുതലതാഴ്ത്തിപ്പോകും. ശാസ്ത്രബോധം ഇവരിലേറെപ്പേര്‍ക്കും തൊട്ടുതീണ്ടിയിട്ടില്ലെന്ന് മാലോകര്‍ നേരത്തെതന്നെ മനസിലാക്കിക്കഴിഞ്ഞിരുന്നു. ഇപ്പോഴിതാ ചരിത്രബോധവും നാസ്തി എന്നുറപ്പായിരിക്കുന്നു. രാജസ്ഥാന്‍ ബിജെപി അധ്യക്ഷന്‍ മദന്‍ലാല്‍ സൈനി മൊഴിഞ്ഞതിങ്ങനെ. ”മരണശയ്യയില്‍ കിടന്ന ഹുമയൂണ്‍ മകന്‍ ബാബറിനോടു പറഞ്ഞു, ഇന്ത്യ ഭരിക്കണമെങ്കില്‍ പശുക്കളെയും ബ്രാഹ്മണരേയും സ്ത്രീകളെയും ബഹുമാനിക്കണം.” (എന്നാല്‍ സംഘികള്‍ക്കു സ്ത്രീകളോടുള്ള ബഹുമാനത്തിന്റെ തനിനിറം പുറത്തായിക്കഴിഞ്ഞു). ഇവിടെ സൈനിക്കു പറ്റിയ പ്രമാദം ബാബര്‍ എന്ന അച്ഛനെ മകനും മകനായ ഹുമയൂണിനെ അച്ഛനുമാക്കി എന്നതാണ്. അപ്പര്‍ പ്രൈമറി വിദ്യാര്‍ഥികള്‍ക്കുപോലും അറിയാം മുഗള്‍ ചക്രവര്‍ത്തി ബാബറിന്റെ മകനാണ് ഹുമയൂണ്‍ എന്ന്.
പശുവിനെച്ചൊല്ലി ആള്‍ക്കൂട്ടമര്‍ദ്ദനവും കൊലയും തടയുന്നതിന് ബിജെപി നേതാക്കളുടെ നിര്‍ദേശം അതിലേറ വിചിത്രമാണ്. പശുവിനെ രാഷ്ട്രമാതാവായി പ്രഖ്യാപിക്കണംപോലും. ഈ നിര്‍ദേശം മുന്‍ മുഖ്യമന്ത്രി നായനാര്‍ തട്ടിവിട്ട ഒരു നര്‍മ്മം ഓര്‍മ്മയിലെത്തിക്കുന്നു. ഗോമാതാവിനോടൊപ്പം ഒരു കാളയച്ഛനും അനിവാര്യമാണല്ലോ.
ഇതുകൊണ്ടൊന്നും തീരുന്നില്ല. ബിജെപി നേതാക്കളുടെ അനുചിതവായ്ത്താരികള്‍ യുപി എംഎല്‍എ സുരേന്ദ്രസിങ്ങിന്റെ ആഹ്വാനം ഓരോ ഹിന്ദുസ്ത്രീയും അഞ്ചുകുട്ടികള്‍ക്കുവീതം ജന്മം നല്‍കണം, ഹിന്ദുത്വം ഭദ്രമാക്കാന്‍. ഹിന്ദുത്വത്തെ പെരുപ്പിക്കാന്‍ സ്വന്തം കുടുംബഭദ്രത തകര്‍ക്കണമെന്നു സാരം. (ഇതോടൊപ്പം മറ്റൊരു വാര്‍ത്തയും പുറത്തുവന്നു. ഡല്‍ഹിയില്‍ എട്ടുദിവസം പട്ടിണി കിടക്കേണ്ടിവന്ന സഹോദരങ്ങളായ മൂന്നു പെണ്‍കുട്ടികള്‍ മരിച്ചു. അമ്മ മൃതപ്രായയായി ശേഷിക്കുന്നു).
പട്ടിണിയും പരിവട്ടവുമായി ജീവിതം തള്ളിനീക്കുന്ന ഒരു ജനതയോടു കുറഞ്ഞത് അഞ്ചുകുട്ടികള്‍ക്കെങ്കിലും ജന്മം നല്‍കണമെന്നു ഉപദേശിക്കാന്‍ മതിഭ്രമം ബാധിച്ചവര്‍ക്കേ സാധിക്കൂ. മനുഷ്യത്വം അസ്തമിച്ചാലും ഹിന്ദുത്വം പുലരട്ടെ എന്നതാണ് സംഘപരിവാറിന്റെയും ആര്‍എസ്എസിന്റെയും ബിജെപിയുടെയും പരമമായ ലക്ഷ്യം, അതിന് തടയിടുന്നത് യഥാര്‍ത്ഥ മനുഷ്യന്റെ കടമയും.
എ കെ ശിവരാജന്‍
സെക്യുലര്‍നഗര്‍ — 31, മൂന്നാംകുട്ടി
കിളികൊല്ലൂര്‍, കൊല്ലം-4