Friday
19 Apr 2019

ആര്‍എസ്എസ് സുപ്രീംകോടതിയെ പരസ്യമായി വെല്ലുവിളിക്കുന്നു: പിണറായി

By: Web Desk | Tuesday 6 November 2018 9:19 PM IST


കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ നടന്ന എല്‍ഡിഎഫ് റാലി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: ആര്‍എസ്എസ് സുപ്രീംകോടതിയെ പരസ്യമായി വെല്ലുവിളിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ എല്‍ഡിഎഫ് റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ നവോത്ഥാന കാലഘട്ടത്തില്‍ വന്ന മാറ്റത്തില്‍ ആര്‍എസ്എസിന് ഒരു പങ്കുമുണ്ടായിരുന്നില്ല. സാമൂഹ്യ മാറ്റത്തിന് മാത്രമല്ല സ്വാതന്ത്ര്യ സമരത്തിലും യാതൊരു പങ്കുമില്ല. കേരളത്തിന്റെ സാമൂഹ്യ മാറ്റം ആര്‍എസ്എസ് ഒരിക്കലും അംഗീകരിച്ചുമില്ല. രാജ്യം തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോള്‍ വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാനാണ് ആര്‍എസ്എസ് ശ്രമം.

91 ന് മുമ്പ് മാസ പൂജയ്ക്കാണ് നട തുറക്കാറുണ്ടായിരുന്നത്. അന്ന് സ്ത്രീകള്‍ അവിടെ പോകാറുണ്ടായിരുന്നു. ഇത് കുമ്മനം രാജശേഖരന്‍ തന്ത്രിക്ക് അയച്ച കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ചരിത്രത്തിലും ഇത് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ 1991 ഏപ്രില്‍ 5 ന് വന്ന ഹൈക്കോടതി വിധിക്ക് അനുസരിച്ചാണ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചിരുന്നത്. സുപ്രീം കോടതി വിധി വന്നപ്പോഴും ഇത് തന്നെയാണ് സര്‍ക്കാര്‍ ചെയ്തത്. കോടതി വിധി സര്‍ക്കാര്‍ എക്കാലവും നടപ്പാക്കി. ശബരിമല വിഷയത്തില്‍ ഒട്ടേറെ തെറ്റായ പ്രചാരണം ആര്‍എസ്എസ് നടത്തുന്നു. ഇപ്പം നടക്കുന്ന സംഭവത്തിലും വലിയ തോതില്‍ നുണ പ്രചരിപ്പിക്കുകയാണ്. ആര്‍എസ്എസിന് സുപ്രീം കോടതിയില്‍ വിശ്വാസമില്ല. അവര്‍ പരസ്യമായി സുപ്രീം കോടതിയെ വെല്ലുവിളിക്കുകയാണ്.

ജനാധിപത്യത്തെ അംഗീകരിക്കാന്‍ ആര്‍എസ്എസ് തയ്യാറല്ല. കേരളത്തിന്റെ മതനിരപേക്ഷ മനസ് തകര്‍ക്കാന്‍ ഇക്കൂട്ടര്‍ മുമ്പും ശ്രമിച്ചിട്ടുണ്ട്. സംഘപരിവാര്‍ ശബരിമല വിഷയം മുന്‍നിര്‍ത്തി തങ്ങളുടെ അടിത്തറ വികസിപ്പിക്കാനാണ് ശ്രമിച്ചത്. ഇക്കാര്യം സിപിഎം ആദ്യം പറഞ്ഞപ്പോള്‍ സംശയമുള്ള ചിലരെങ്കിലും ഉണ്ടായിരുനു. ശ്രീധരന്‍ പിള്ളയുടെ പ്രസംഗത്തോടെ അത്തരം സംശയവും തീര്‍ന്നു.

ശ്രീധരന്‍ പിള്ള പറഞ്ഞത് ശബരിമല സമരം കഴിയുമ്പോള്‍ ബിജെപിയും ഭരണകൂടവും മാത്രമേ ഉണ്ടാവൂ എന്നാണ്. കോണ്‍ഗ്രസ് ഉണ്ടാവില്ലെന്നാണ് സാരം. അത് കേട്ട കോണ്‍ഗ്രസ് നേതാക്കള്‍ ഒരക്ഷരം മിണ്ടിയില്ല. രാഹുല്‍ ഗാന്ധിയുടെ അഭിപ്രായം വ്യക്തിപരമാണെന്ന് പറഞ്ഞവരുടെ തൊലിക്കട്ടി അപാരം.

ആചാരത്തെ ബഹുമാനിക്കുന്നവര്‍ ഇരുമുടി കെട്ടില്ലാതെ 18-ാം പടി കയറില്ല. ഇന്ന് ഈ ആചാരം എവിടെ പോയി? ആചാരം എന്തിന് ലംഘിച്ചു? ശബരിമല കലാപ ഭൂമിയാക്കാനാണ് ഇക്കൂട്ടര്‍ ഉദ്ദേശിച്ചത്. വിശ്വാസിയായ ആ സത്രീയെ എന്തിന് ആക്രമിച്ചു. വലിയ സംഘര്‍ഷമായിരുന്നു ലക്ഷ്യം. പോലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.
ശബരിമല അടച്ചിടുക ഇക്കൂട്ടരുടെ ആവശ്യമാണ്. അതിനാലാണ് തന്ത്രിക്ക് ശ്രീധരന്‍ പിള്ള അത്തരം ഉപദേശം നല്‍കിയത്. ആരാധനാലയത്തിന്റെ താത്പര്യമായിരിക്കണം തന്ത്രിക്ക്. എന്നാല്‍ ഇവിടെ അതല്ല സംഭവിച്ചത്. തന്ത്രി കുടുംബത്തോട് സര്‍ക്കാരിന് എതിര്‍പ്പില്ല. ആരാധനാലയത്തിന്റെ നല്ല നടത്തിപ്പിനാണ് തന്ത്രി കുടുംബവുമായി ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചപ്പോള്‍ തന്ത്രി കുടുംബം വരാതിരുന്നതിന്റെ കാരണം ഇപ്പോള്‍ മനസ്സിലായി. പ്രളയം വന്നപ്പോള്‍ നല്ല മാതൃകയാണ് നമ്മള്‍ കാണിച്ചത്. നല്ല മതനിരപേക്ഷ നിലപാടായിരുന്നു കേരളത്തിന്. ജനങ്ങള്‍ക്കായി ആരാധനാലയങ്ങള്‍ തുറന്നു കൊടുത്താണ് കേരളീയര്‍ മതനിരപേക്ഷ മനസ് ലോകത്തിന് കാണിച്ചു കൊടുത്തത്. ഈ മനസ് തകര്‍ക്കാനാണ് ശ്രമം നടക്കുന്നതെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനന്‍ അധ്യക്ഷത വഹിച്ചു. സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എം പി, എം പി വീരേന്ദ്രകുമാര്‍ എം പി, മന്ത്രിമാരായ മാത്യു ടി തോമസ്, എ കെ ശശീന്ദ്രന്‍, വിവിധ ഘടകകക്ഷി നേതാക്കളായ പി ടി എ റഹീം എം എല്‍ എ, പി കെ ബാബു, കെ പി അബ്ദുള്‍ അസീസ് തുടങ്ങിയവര്‍ സംസാരിച്ചു. സി പി ഐ ജില്ലാ സെക്രട്ടറി ടി വി ബാലന്‍ സ്വാഗതം പറഞ്ഞു. സി പി ഐ സംസ്ഥാന അസി. സെക്രട്ടറി സത്യന്‍ മൊകേരി, ദേശീയ കൗണ്‍സില്‍ അംഗം അഡ്വ. പി വസന്തം, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ ഇ കെ വിജയന്‍ എം എല്‍ എ, എം നാരായണന്‍, ജില്ലയില്‍ നിന്നുള്ള എല്‍ ഡി എഫ് എം എല്‍ എ മാരായ സി കെ നാണു, പുരുഷന്‍ കടലുണ്ടി, എ പ്രദീപ്കുമാര്‍, കെ ദാസന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Related News