സൈന്യത്തെ അപമാനിച്ച് ആര്‍എസ്എസ്

Web Desk
Posted on February 12, 2018, 11:07 pm

പ്രത്യേക ലേഖകന്‍
ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തിന്റെ യുദ്ധസന്നദ്ധത ചോദ്യംചെയ്ത ആര്‍എസ്എസ് സര്‍ സംഘചാലക് മോഹന്‍ ഭാഗവതിന്റെ പ്രസ്താവനക്കെതിരെ വ്യാപക പ്രതിഷേധം. സേനയെ യുദ്ധസജ്ജമാക്കാന്‍ സൈന്യത്തിന് ആറ്, ഏഴ് മാസം വേണ്ടിടത്ത് മൂന്നുദിവസംകൊണ്ട് ആര്‍എസ്എസിന് അതിന് കഴിയുമെന്നായിരുന്നു മോഹന്‍ ഭാഗവതിന്റെ പ്രസ്താവന.
ബിഹാറിലെ മുസഫര്‍പൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു മോഹന്‍ ഭാഗവത് ഇന്ത്യന്‍ സൈന്യത്തെ അപമാനിക്കുന്ന പ്രസ്താവന നടത്തിയത്. ജമ്മുവിലെ സുഞ്ച് വാനില്‍ സൈനിക ക്യാമ്പിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ ഇന്ത്യന്‍ ജവാന്മാര്‍ വീരമൃത്യുവരിച്ച പശ്ചാത്തലത്തില്‍ മോഹന്‍ ഭാഗവതിന്റെ വീമ്പിളക്കല്‍ രൂക്ഷമായ പ്രതികരണമാണ് കക്ഷി രാഷ്ട്രീയത്തിന് അതീതമായി ഉയര്‍ത്തിയത്.
ഇന്ത്യന്‍ സൈന്യത്തിന്റെ ആത്മവീര്യം കെടുത്തുന്ന പ്രസ്താവന ആര്‍എസ്എസ് ഒരു സാംസ്‌കാരിക സംഘടനയാണെന്നും കുടുംബ സംഘടനയാണെന്നും മറ്റുമുള്ള അവകാശവാദത്തിന് വിരുദ്ധമാണ്. ആര്‍എസ്എസ് അതിന്റെ ശാഖകളില്‍ നടത്തിവരുന്ന അര്‍ധസൈനിക സായുധ പരിശീലനം സംബന്ധിച്ച വസ്തുതകളാണ് സര്‍സംഘചാലകിന്റെ വാക്കുകളിലൂടെ തുറന്നുകാട്ടുന്നത്. രാജ്യം അഭിമുഖീകരിക്കുന്ന സാഹചര്യങ്ങളില്‍ ഭരണഘടന അനുവദിക്കുകയാണെങ്കില്‍ മൂന്ന് ദിവസങ്ങള്‍ക്കൊണ്ട് സ്വയംസേവകരെ യുദ്ധ സജ്ജരായി മുന്നണിയില്‍ എത്തിക്കാനുള്ള ശേഷി ആര്‍എസ്എസിനുണ്ട്. ഇന്ത്യന്‍ സേനയ്ക്ക് ആറ്-ഏഴ് മാസം വേണ്ടിവരും അതിനെന്നായിരുന്നു മോഹന്‍ ഭാഗവതിന്റെ പ്രസ്താവന.
മുഖ്യപ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസും ഇടതുപക്ഷ പാര്‍ട്ടികളുമടക്കം പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം സൈന്യത്തെ അപമാനിക്കുന്ന പ്രസ്താവനക്കെതിരെ രംഗത്തെത്തി. ഭാഗവതിന്റെ പ്രസ്താവന രാജ്യത്തിനു വേണ്ടി വീരമൃത്യു വരിച്ച സൈനികരെ അപമാനിക്കുന്നതാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.
ഇന്ത്യന്‍ സൈന്യത്തെ താഴ്ത്തിക്കെട്ടുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്ത ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവത്തിന്റെ പ്രസ്താവനയില്‍ കേന്ദ്ര നിലപാടെന്തന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.
ഭാഗവതിന്റെ വീമ്പുപറച്ചില്‍ ദുരുപദിഷ്ടവും ഭരണഘടനയുടെ സത്തയെത്തന്നെ വെല്ലുവിളിക്കുന്നതുമാണ്. സമാന്തര സൈന്യം രൂപീകരിച്ച് രാജ്യത്തിന്റെ ഐക്യം തകര്‍ത്തുതരിപ്പമണമാക്കി അരാജകത്വം സൃഷ്ടിക്കാനുള്ള ആര്‍എസ്എസിന്റെ നിഗൂഢ ലക്ഷ്യമാണ് ഇതിലൂടെ പുറത്തുചാടുന്നതെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
അതേസമയം മോഹന്‍ ഭാഗവതിന്റെ വാക്കുകളെ മാധ്യമങ്ങളും സമൂഹമാധ്യമങ്ങളും വളച്ചൊടിച്ചതാണെന്ന് ആര്‍എസ്എസ് പ്രതികരിച്ചു. രാജ്യത്തെ സാധാരണജനങ്ങളെയും സ്വയംസേവകരെയും തമ്മില്‍ താരതമ്യപ്പെടുത്തുക മാത്രമാണ് മോഹന്‍ ഭഗവത് ചെയ്തതെന്നും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ജീവിതത്തില്‍ പാലിക്കുന്ന അച്ചടക്കം ഓര്‍മിപ്പിക്കുക എന്നത് മാത്രമായിരുന്നു ആ വാക്കുകളുടെ ഉദ്ദേശമെന്നും ആര്‍എസ്എസ് വക്താവ് മന്‍മോഹന്‍ വൈദ്യ കൂട്ടിച്ചേര്‍ത്തു.മോഹന്‍ ഭാഗവതിന്റെ പ്രസ്താവനയെ ന്യായീകരിച്ച് കേന്ദ്രമന്ത്രിമാരായ കിരണ്‍ റിജിജു, ജയന്ത് സിന്‍ഹ എന്നിവരും കേരളത്തില്‍ ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരനും രംഗത്തെത്തി.