ആര്‍എസ്എസ് ഇടപെടല്‍ അതിരുവിടുന്നു; സംഘപരിവാറില്‍ കലഹം

Web Desk
Posted on April 25, 2018, 10:14 pm

ബേബി ആലുവ

കൊച്ചി: കേന്ദ്ര ഭരണത്തിലും ബിജെപി രാഷട്രീയത്തിലുമുള്ള ആര്‍എസ്എസിന്‍റെ അതിരുവിട്ട ഇടപെടലുകള്‍ സംഘപരിവാറിനുള്ളില്‍ പുതിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. എയര്‍ ഇന്ത്യ വില്പന തുടങ്ങിയ നയപരമായ കാര്യങ്ങളിലും കോണ്‍ഗ്രസിനോടുള്ള ബിജെപിയുടെ സമീപനത്തിലും ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് സ്വീകരിക്കുന്ന പരസ്യ നിലപാടുകളാണ് സംഘപരിവാറിനകത്തെ ഇപ്പോഴത്തെ പോരിനു പിന്നില്‍.

മാറി മാറി വന്ന കേന്ദ്ര ഭരണക്കാര്‍ ഭരിച്ചു മുടിപ്പിച്ച എയര്‍ ഇന്ത്യയെ തലയില്‍ നിന്നൊഴിവാക്കാന്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ പഠിച്ച പണി പതിനെട്ടും പയറ്റുന്നതിനിടയിലാണ്, സ്ഥാപനം ഇന്ത്യക്കാര്‍ക്കു മാത്രമേ വില്‍ക്കാവൂ എന്ന മോഹന്‍ ഭാഗവതിന്‍റെ പരസ്യ നിര്‍ദ്ദേശം.എയര്‍ ഇന്ത്യ കച്ചവടത്തിനു വച്ചിട്ട്, വന്‍ സാമ്പത്തിക ബാധ്യത മൂലം രാജ്യത്തെ കോര്‍പ്പറേറ്റുകളൊന്നും വാങ്ങാന്‍ തയ്യാറാകാത്ത സാഹചര്യമാണ് നിലവിലുള്ളത്. 1932ല്‍ ടാറ്റ തുടക്കമിട്ട ടാറ്റ എയര്‍ലൈന്‍സാണ് പിന്നീട് എയര്‍ ഇന്ത്യ എന്ന പൊതുമേഖലാ സ്ഥാപനമായി മാറിയത്.സ്ഥാപനത്തിന്റെ 51 ശതമാനം ഓഹരി ടാറ്റയ്ക്കു തന്നെ തിരിച്ചു നല്‍കാന്‍ ശ്രമം നടത്തിയെങ്കിലും ടാറ്റ അടുത്തില്ല. ഈ വര്‍ഷം പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരിവില്പനയിലൂടെ സമാഹരിക്കാന്‍ നിശ്ചയിച്ചിരിക്കുന്ന ഫണ്ടിലേക്ക്, അതുവരെ പട്ടികയിലില്ലാതിരുന്ന എയര്‍ ഇന്ത്യയും വിറ്റുകിട്ടുന്ന തുകയും മുതല്‍ക്കൂട്ടാകും എന്ന കച്ചവടക്കണ്ണോടെ കരുക്കള്‍ നീക്കിയത് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും നിതി ആയോഗുമാണ്. വിചാരിച്ച പോലെ കച്ചവടം നടക്കാതെ വന്നപ്പോള്‍, എയര്‍ ഇന്ത്യ വാങ്ങുന്നവര്‍ക്ക് ഇനാം എന്ന നിലയില്‍ ചില അനുബന്ധ സ്ഥാപനങ്ങളും വാഗ്ദാനം ചെയ്തു നോക്കി. എന്നിട്ടും ‚ഇന്ത്യന്‍ കോര്‍പ്പറേറ്റുകള്‍ മെരുങ്ങാതെ വന്നപ്പോഴാണ് ഇരുകൂട്ടരും വിദേശത്തേക്കു കണ്ണ് പായിച്ചത്.തുടര്‍ന്ന് എയര്‍ ഇന്ത്യയില്‍ 76 ശതമാനം വരെ വിദേശ നിക്ഷേപമാകാം എന്നു തീരുമാനിക്കുകയും ചെയ്തു.

ബ്രിട്ടീഷ് എയര്‍വെയ്‌സ്, ജപ്പാന്‍ എയര്‍ലൈന്‍സ്, ഓസ്‌ട്രേലിയന്‍ എയര്‍ലൈന്‍സ് എന്നീ വിദേശ വിമാനക്കമ്പനികള്‍ തങ്ങളുടെ മുഴുവന്‍ ഓഹരികളും വിറ്റിരുന്നു എന്ന ന്യായവും കണ്ടെത്തി.അപ്പോഴാണ്, എയര്‍ ഇന്ത്യ വില്‍ക്കുന്നതില്‍ വിരോധമില്ല, രാജ്യത്തിനു പുറത്തു പറ്റില്ല എന്ന കര്‍ശന വിലക്കുമായി ആര്‍എസ്എസ് അധ്യക്ഷന്‍റെ രംഗപ്രവേശം. മുംബൈയില്‍ ഒരു സെമിനാറില്‍ പങ്കെടുക്കുമ്പോഴായിരുന്നു ഭാഗവതിന്‍റെ വെടി പൊട്ടിക്കല്‍. തന്റെ വാദത്തിനു പിന്‍ബലമായി, ലോകത്ത് ഒരു രാജ്യവും അവരുടെ ദേശീയ വിമാനക്കമ്പനികളില്‍ 49 ശതമാനത്തിലധികം വിദേശ പങ്കാളിത്തം നല്‍കാറില്ലെന്നും വ്യക്തമാക്കി.ഇതോടെ, ചൂടുപിടിച്ച വില്പന നീക്കം അനിശ്ചിതത്വത്തിലായി. സര്‍ക്കാര്‍ വെട്ടിലുമായി.

നരേന്ദ്ര മോഡിയുടെയും ബി ജെ പിയുടെയും പ്രിയപ്പെട്ട മുദ്രാവാക്യമായ കോണ്‍ഗ്രസ് മുക്ത ഭാരതത്തിനു നേരെയായിരുന്നു മോഹന്‍ ഭാഗവതിന്‍റെ അടുത്ത ആക്രമണം. അത് വെറും രാഷട്രീയ മുദ്രാവാക്യമാണെന്നും അത്തരം പൊള്ളത്തരങ്ങളെ ആര്‍എസ്എസ് അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം പൂനെയില്‍ പറഞ്ഞു. ഭരണപ്രതിപക്ഷ കക്ഷികളുടേതടക്കം എല്ലാവരുടെയും സംഭാവന രാഷ്ട്ര നിര്‍മ്മാണത്തിനാവശ്യമാണ്. മുക്തം എന്ന പദം ആര്‍എസ്എസ് നിഘണ്ടുവിലില്ല. രാജ്യത്തിന്‍റെ ക്ഷേമത്തിനു വേണ്ടി കൂട്ടായ പ്രവര്‍ത്തനം നടത്തേണ്ടതിനു പകരം പരസ്പര വിദ്വേഷവും ശത്രുതയും പരത്തുന്നത് നശീകരണ പ്രവണതയുള്ളവരാണ്.രാഷ്ട്ര നിര്‍മ്മാണത്തില്‍ ഇത്തരക്കാര്‍ തടസ്സമാണ് സൃഷ്ടിക്കുന്നത് ഇങ്ങനെ പോയി ബിജെപി മുദ്രാവാക്യത്തിനെതിരായ മോഹന്‍ ഭാഗവതിന്‍റെ കടുത്ത വാക്കുകള്‍.
അതിനും പിന്നാലെ കര്‍ണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി യെഡിയൂരപ്പ മത്സരിക്കുന്ന മണ്ഡലമടക്കം പതിനഞ്ചിടത്ത് ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ മത്സരിക്കുമെന്ന ഒരു വിഭാഗം ആര്‍എസ്എസുകാരുടെ പ്രഖ്യാപനം സംഘപരിവാറിനകത്തെ കലഹങ്ങള്‍ക്ക് ആക്കം കൂട്ടുന്നതായി.

സ്വദേശി ജാഗരണ്‍ മഞ്ചും ഭാരതീയ കിസാന്‍ മഞ്ചും ഭാരതീയ മസ്ദുര്‍ സംഘും ( ബി എം എസ് ) കുറച്ചു നാളുകളായി ബിജെപിക്കും നരേന്ദ്ര മോഡിക്കുമെതിരെ കടുത്ത നിലപാടുകളിലാണ്. 52 വര്‍ഷത്തിനുള്ളില്‍ ആദ്യമായി വിശ്വഹിന്ദു പരിഷത്തില്‍ തെരഞ്ഞെടുപ്പ് നടത്തി പുകച്ചു പുറത്തുചാടിച്ച, സംഘപരിവാറിനകത്തെ രഹസ്യങ്ങളെല്ലാമറിയുന്നയാളും നരേന്ദ്ര മോഡിയുടെ മുഖ്യശത്രുവുമായ പ്രവീണ്‍ തൊഗാഡിയ പുറത്തുള്ളപ്പോള്‍ വരും നാളുകളില്‍ സംഘപരിവാറിനുള്ളില്‍ പൊട്ടിത്തെറി അനിവാര്യമാണെന്നാണ് രാഷട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.