ആര്‍എസ്എസിനെതിരെ രോഷവുമായി പിള്ള

Web Desk
Posted on March 20, 2019, 10:37 pm

പ്രത്യേക ലേഖകന്‍
തിരുവനന്തപുരം: ശബരിമല വിഷയത്തെ തങ്ങള്‍ ആഗ്രഹിച്ച രീതിയില്‍ കൈകാര്യം ചെയ്ത ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ ഒപ്പം നിര്‍ത്തി കേരളത്തില്‍ വര്‍ഗീയത ആളിപ്പടര്‍ത്താന്‍ ആര്‍എസ്എസ് നീക്കം. നേരത്തെ സംരക്ഷണം നല്‍കിയിരുന്ന പി എസ് ശ്രീധരന്‍പിള്ളയെയും എം ടി രമേശിനെയും കൈവിട്ടാണ് ആര്‍എസ്എസ് ബിജെപിയില്‍ പുതിയ ഗ്രൂപ്പുണ്ടാക്കുന്നത്.
മിസോറാം ഗവര്‍ണര്‍ പദവിയില്‍നിന്ന് തിരിച്ചുവിളിച്ച് കുമ്മനം രാജശേഖരനെ സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാക്കിയതും ആര്‍എസ്എസ് അജണ്ടയാണ്. ശശികല, വത്സന്‍ തില്ലങ്കേരി തുടങ്ങിയവരെ ചുമതലക്കാരാക്കിയായിരിക്കും പ്രചരണം. ശബരിമല വിഷയം ആവര്‍ത്തിച്ച് സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാനാണ് ആര്‍എസ്എസ് ലക്ഷ്യം.
അതേസമയം, പത്തനംതിട്ട പാര്‍ലമെന്റ് സീറ്റ് മോഹിച്ച പി എസ് ശ്രീധരന്‍പിള്ളയ്ക്കുണ്ടായ തിരിച്ചടി ബിജെപിയിലെ ഗ്രൂപ്പ് സമവാക്യങ്ങളെയാകെ മാറ്റിമറിച്ചിരിക്കുകയാണ്. തനിക്കെതിരെയുള്ള ആര്‍എസ്എസ് വിരോധത്തെ കുറിച്ച് ചോദിച്ച മാധ്യമങ്ങളോട് ശ്രീധരന്‍പിള്ള പൊട്ടിത്തെറിച്ചു. ആര്‍എസ്എസിന്റെ കാര്യം അവരോട് പോയി ചോദിക്കണമെന്ന് പറഞ്ഞ പിള്ള വിരോധം മാധ്യമപ്രവര്‍ത്തകരോട് തീര്‍ക്കുകയായിരുന്നു.
കുമ്മനം രാജശേഖരന്‍ മിസോറാം ഗവര്‍ണറായ സമയത്ത് ബിജെപി അധ്യക്ഷസ്ഥാനത്തേക്ക് കെ സുരേന്ദ്രന്റെ പേര് ഒരു വിഭാഗം ഉന്നയിച്ചിരുന്നു. അന്ന് അതിനെ എതിര്‍ത്തതും ശ്രീധരന്‍പിള്ളയെ അവരോധിച്ചതും ആര്‍എസ്എസ് നേതൃത്വമായിരുന്നു. അതേ ആര്‍എസ്എസ് തന്നെയാണ് വര്‍ഗീയ അജണ്ട നടപ്പിലാക്കാന്‍ ശ്രീധരന്‍പിള്ളയെ തഴഞ്ഞ് പുതിയ മാര്‍ഗം കണ്ടെത്തിയിരിക്കുന്നത്. എം ടി രമേശിനെയും പി കെ കൃഷ്ണദാസിനെയും ആര്‍എസ്എസ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ സുരേന്ദ്രന്റെ വളര്‍ച്ചയെ തടയാന്‍ അടവുകള്‍ ആലോചിക്കുകയാണ് തഴയപ്പെട്ടവരും അനുയായികളും.
ആര്‍എസ്എസിന്റെ കേരളത്തിലെ കരുനീക്കങ്ങള്‍ ബിജെപി ദേശീയ പ്രസിഡന്റ് അമിത്ഷായുടെ അറിവോടെയാണ്. സ്ഥാനാര്‍ഥിത്വത്തിനായി അവകാശ വാദങ്ങള്‍ ഉയര്‍ത്തി നേതാക്കള്‍ പിടിവലി തുടര്‍ന്നതോടെയാണ് അന്തിമ തീരുമാനം എടുക്കാന്‍ ദേശീയ അധ്യക്ഷന് വിട്ടത്. ഇഷ്ടപ്പെട്ട മണ്ഡലങ്ങള്‍ ലഭിച്ചില്ലെങ്കില്‍ മത്സരിക്കാനില്ലെന്ന് പലരും നിലപാടെടുത്തു. പത്തനംതിട്ടയില്‍ യോജിച്ച സ്ഥാനാര്‍ഥി താനാണെന്ന നിലപാട് സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള ആവര്‍ത്തിച്ചു. എം ടി രമേശും സമാന നിലപാട് സ്വീകരിച്ചു. കൃഷ്ണദാസിനും പത്തനംതിട്ട മോഹം ഉണ്ടായിരുന്നു. മത്സരിക്കാനില്ലെന്ന് കൃഷ്ണദാസ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വ്യക്തമാക്കിയെങ്കിലും പത്തനംതിട്ടയോടുള്ള താല്‍പര്യം കേന്ദ്രത്തെ അറിയിച്ചിരുന്നു.