Web Desk

December 26, 2019, 7:03 pm

ഹിന്ദുക്കളുടെ വക്താവാകാന്‍ ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവത് ശ്രമിക്കേണ്ട

Janayugom Online

മലപ്പുറം: രാജ്യത്തെ മുഴുവന്‍ ഹിന്ദുക്കളുടെയും വക്താവാകാന്‍ ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവത് ശ്രമിക്കേണ്ടെ
ണ്ട ന്ന് സിപിഐ അഖിലേന്ത്യാ സെക്രട്ടറി ഡി രാജ. ഭാഗവത് ആര്‍എസ്എസ് ചീഫ് മാത്രമാണ് ഹിന്ദു സമൂഹത്തെ പ്രതിനിധാനം ചെയ്തു സംസാരിക്കാന്‍ അദ്ദേഹത്തെ ആരും ചുമതലപ്പെടുത്തിയിട്ടില്ല. മലപ്പുറത്ത് വാര്‍ത്ത സമ്മേനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ആഭ്യന്തരയുദ്ധ സമാനമായ സാഹചര്യമാണുള്ളത്. ഏതിര്‍ക്കുന്നവരെ ഭയപ്പെടുത്തി നിശബ്ദരാക്കാനാണ് ശ്രമിക്കുന്നത്.

കര്‍ണ്ണാടക സിപിഐ ആസ്ഥാനം അഗ്നിക്കിരയാക്കിയ സംഭവം സംഘപരിവാറിന്റെ അസഹിഷ്ണുതയാണ് വെളിവാക്കുന്നത്. നിങ്ങളുടെ ഭീഷിണിക്കും അക്രമത്തിലും ഭയന്ന് വിറച്ച് കമ്മ്യൂണിസ്റ്റ്കാര്‍ വായ്മൂടികെട്ടുമെന്ന് ആര്‍എസ്എസ് ധരിക്കേണ്ട. ഫാസിസത്തിനും ഏകാധിപത്യത്തിനുമെതിരെ സന്ധിയില്ലാത്ത പോരാട്ടം തുടരുകതന്നെ ചെയ്യും. ജനങ്ങളെ ഭീതിയിലാഴ്ത്തി മുന്നോട്ടു പോകാനുള്ള അജണ്ടയാണ് കര്‍ണ്ണാടകയില്‍ കണ്ടെതെന്നും രാജ പറഞ്ഞു. സാമൂഹികമായും സാമ്പത്തികമായും ഇന്നോളം കണ്ടിട്ടില്ലാത്ത പ്രതിസന്ധിയിലാണ് രാജ്യം. വര്‍ഗീയത പറയാന്‍ വേണ്ടിമാത്രം വാ തുറക്കുന്ന ഭരണക്കാര്‍ നിലംപരിശായ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെകുറിച്ച് മിണ്ടുന്നില്ല. തൊഴിലാളികളും കര്‍ഷകരും വേദനയുടെ ആഴങ്ങളിലാണ്. ജനുവരി എട്ടിലെ പൊതുപണിമുടക്കും ഗ്രാമീണ ബന്ദും ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെയുള്ള കോടാനുകോടി ജനതയുടെ പോരാട്ട പ്രഖ്യാപനമാണ്. ജനുവരി ഒന്നുമുതല്‍ ഏഴ് വരെ ദേശീയ സമരത്തെ സംബന്ധിച്ച് രാജ്യവ്യാപകമായ പ്രചാരണങ്ങള്‍ നടത്തും. ഇതിന്റെ ഭാഗമായി നിരവധി റാലികളും പൊതുയോഗങ്ങളും സംഘടിപ്പിക്കും.

ജനുവരി മൂന്നിന് സ്ത്രീ സുരക്ഷയും ശാക്തീകരണവും മുദ്രാവാക്യമാക്കി ദിനാചരണം നടത്തും. പൗരത്വത്തിന്റെ പേര് പറഞ്ഞ് രാജ്യത്ത് തടങ്കല്‍ പാളയങ്ങള്‍ നിര്‍മിക്കാന്‍ അനുവദിക്കാനാവില്ല. ആസാമില്‍ ദേശീയ പൗരത്വം രജിസ്റ്ററിന്റെ പേരില്‍ നിരവധി പേരെയാണ് പൗരത്വത്തില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. ഇവര്‍ക്ക് പൗരത്വം തെളിയിക്കുന്നതിന് അനുവദിച്ചിട്ടുള്ള വിദേശ ട്രൈബ്യുണലിന് ആവശ്യമായ അധികാരം നല്‍കിയിട്ടില്ല. ആസാമിലെ പൗരന്‍മാര്‍ക്ക് നിയമപരമായ പരിരക്ഷ പോലും സര്‍ക്കാര്‍ ലഭ്യമാക്കുന്നില്ല. മതത്തിന്റെ പേരില്‍ പൗരത്വം തീരുമാനിക്കുന്നത് തെറ്റായ രീതിയാണെന്നും രാജ പറഞ്ഞു. പൗരത്വ പ്രശ്്‌നത്തില്‍ ജനങ്ങള്‍ക്കിടയില്‍ വ്യാജ പ്രചരണം നടത്തുന്നതിന് പിന്നില്‍ ബിജെപിയുടെ സോഷ്യല്‍ മീഡിയ വിഭാഗമാണ്. ഡല്‍ഹിയില്‍ ബിജെപിയുടെ സോഷ്യല്‍മീഡിയ വിഭാഗം പ്രത്യേക യോഗം ചേര്‍ന്നിരുന്നെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ ഈ യോഗത്തില്‍ പങ്കെടുത്തിരുന്നെന്നും രാജ പറഞ്ഞു. വ്യാജപ്രചരണങ്ങള്‍ അഴിച്ചുവിടുന്ന ബിജെപി അതിന്റെ ഉത്തരവാദിത്വം മറ്റ് സംഘടനകളില്‍ ആരോപിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷത്തെയും പ്രക്ഷോഭം നടത്തുന്നവരെയും അപമാനിക്കാന്‍ ശ്രമിക്കുന്നു.സുപ്രധാനമായ പല നിയങ്ങളെ കുറിച്ചും പാര്‍ലമെന്റില്‍ സംസാരിക്കാത്ത പ്രധാനമന്ത്രി ബി.ജെ.പിയുടെ പൊതുയോഗത്തിലാണ് വിശദീകരണം നടത്തുന്നത്.രാജ്യത്തെ ജനങ്ങളില്‍ വളര്‍ന്നു വരുന്ന പ്രതിഷേധവും അതൃപ്തിയുമാണ് മഹാരാഷ്ട്രയിലെയും ഝാര്‍ഖണ്ഡിലെയും നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പ്രതിഫലിച്ചത്.ഭരണഘടനയെ സംരക്ഷിക്കാന്‍ എല്ലാ ജനവിഭാഗങ്ങളും രംഗത്തിറങ്ങേണ്ട സമയമാണിതെന്നും ഡി.രാജ പറഞ്ഞു. പൗരത്വനിയമത്തിനെതിരെ ദേശീയതലത്തില്‍ കോണ്‍ഗ്രസും ഇടതുപക്ഷവും ഒന്നിച്ചാണ് നീങ്ങുന്നതെന്നും കേരളത്തില്‍ ഒരേ വേദിയില്‍ പ്രതിഷേധിച്ചതില്‍ തെറ്റില്ലെന്നും അദ്ദേഹം ചോദ്യത്തിന് മറുപടിയായി പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം വി ചാമുണി, ജില്ലാ സെക്രട്ടറി പി കെ കൃഷ്ണ ദാസ് എന്നിവര്‍ പങ്കെടുത്തു.