മോഹന്‍ലാലിനെ മുക്കിക്കൊല്ലാനും ആര്‍എസ്എസിന്റെ നറുക്കെടുപ്പ്

Web Desk
Posted on February 10, 2019, 10:32 pm
devika

വിധികള്‍ പലവിധം ഉലകില്‍ സുലഭം എന്നാണല്ലോ പ്രമാണം. തൂക്കിക്കൊല വരെയെത്തുന്ന ന്യായാസനവിധികള്‍. തെരഞ്ഞെടുപ്പ് ഗോദയില്‍ ഭാഗ്യപരീക്ഷണത്തിനെത്തുന്നവരെ തോല്‍പിച്ച് നാടുകടത്തുന്ന ജനവിധികള്‍. എന്നാല്‍ തെരഞ്ഞെടുപ്പില്‍ മുക്കിക്കൊല്ലാന്‍ ജനഹിതം ആരായുന്ന സര്‍വേയെക്കുറിച്ച് മാലോകര്‍ ഇതാദ്യമാണ് കേള്‍ക്കുന്നത്. തിരുവനന്തപുരം ലോക്‌സഭാ സീറ്റില്‍ അഭിനയ പ്രതിഭ മോഹന്‍ലാലിനെ ബിജെപി സ്ഥാനാര്‍ഥിയാക്കിയാല്‍ എങ്ങനെയിരിക്കും എന്നറിയാന്‍ ആര്‍എസ്എസ് കുറേ നാളായി സര്‍വേ നടത്തിവരികയാണത്രേ. മത്സരിച്ചാല്‍ അത് ആത്മഹത്യയാകുമെന്ന് മറ്റാരെക്കാളും നന്നായറിയാവുന്നയാള്‍ ലാല്‍ തന്നെയാണ്. തന്നെ സ്ഥാനാര്‍ഥിയാക്കാനുള്ള ആര്‍എസ്എസ് സര്‍വേയില്‍ ലാല്‍ തന്നെ തനിക്കെതിരെ വോട്ടു ചെയ്തുവെന്ന കിംവദന്തിയുമുണ്ട്. മുങ്ങിച്ചാകാന്‍ സ്വബോധമുള്ളവരാരെങ്കിലും നിന്നുകൊടുക്കുമോ. താന്‍ മത്സരത്തിനേയില്ലെന്ന് മോഹന്‍ലാലും അദ്ദേഹത്തിന്റെ ആടുതല്ലികളും മൂടുതാങ്ങികളുമെല്ലാം ആണയിടുന്നുവെങ്കിലും ആര്‍എസ്എസും ബിജെപിയും ആ മഹാനടനെ അനന്തപുരിയില്‍ രക്തസാക്ഷിയാക്കിയേ അടങ്ങൂ എന്ന ഒരേ വാശിയിലാണ്.
ഇതൊന്നും നടക്കാത്ത കാര്യമെന്ന് ജനത്തിനറിയാമെങ്കിലും രാഷ്ട്രീയ പോരാട്ടങ്ങളായ തെരഞ്ഞെടുപ്പുകളിലെ പ്രത്യയശാസ്ത്ര യുദ്ധത്തില്‍ സിനിമക്കാരെയും കായികതാരങ്ങളെയും കെട്ടിയെഴുന്നള്ളിക്കുന്നത് അനുചിതമല്ലേ എന്ന കാര്യത്തില്‍ ഒരു ദേശീയ സംവാദം തന്നെ വേണ്ടിവരുന്നുവെന്നാണ് ദേവികയ്ക്ക് തോന്നുന്നത്. താന്‍ വിശ്വസിക്കുന്ന രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിനുവേണ്ടി ചോരയും നീരുമൊഴുക്കിയവരെ കൈക്കട കൂടാതെ ദൂരെയെറിഞ്ഞ ശേഷം ഈ താരാഗണങ്ങളെ നൂലില്‍ കെട്ടിയിറക്കുന്നതിന്റെ സാംഗത്യമാണ് മനസിലാകാത്തത്. കോണ്‍ഗ്രസാണ് ഈ പ്രവണത തുടങ്ങിവച്ചത്. ‘മുമ്പേഗമിച്ചീടിന ഗോവു തന്റെ പിന്‍പേ ഗമിക്കും ബഹുഗോക്കളെല്ലാം’ എന്ന വിധത്തില്‍ ഈ തെരഞ്ഞെടുപ്പായപ്പോള്‍ മോഹന്‍ലാല്‍ മുതല്‍ കാലഹരണപ്പെട്ട ഫുട്‌ബോള്‍ താരം ഐ എം വിജയന്‍ വരെ പട്ടികയില്‍ കയറിക്കൂടിയിരിക്കുന്നുവെന്നേയുള്ളൂ. അമിതാബ് ബച്ചനെയും സുനില്‍ദത്തിനെയും ക്രിക്കറ്റ് കോഴയില്‍ ആജീവനാന്ത വിലക്കിലായ അസ്ഹറുദീനെയും മ്യൂണിക് ഒളിമ്പിക്‌സില്‍ ഹോക്കി കിരീടം നേടിയ ഇന്ത്യന്‍ ടീം നായകന്‍ അസ്ലാം ഷെര്‍വാനെയും ലോക്‌സഭയിലെത്തിച്ച് തുടക്കം കുറിച്ചത് കോണ്‍ഗ്രസാണ്. ഇതോടെ മറ്റുപാര്‍ട്ടികളും ഈ മാര്‍ഗത്തിലേക്കായി ചുവടുമാറ്റം. അമിതാഭിന്റെ ഭാര്യ ജയാബച്ചന്‍ എന്ന താരറാണിയെ മുലായംസിങ്ങിന്റെ സമാജ്‌വാദി പാര്‍ട്ടി എംപിയാക്കി. ആന്ധ്രയിലെ മറ്റൊരു നടി കര്‍മണി ജയപ്രദയും ആ പാര്‍ട്ടിയുടെ എംപിയായി.
കേന്ദ്രമന്ത്രിയും കോണ്‍ഗ്രസുകാരനുമായ ഭഗവദ് ഝാ ആസാദിന്റെ മകന്‍ കീര്‍ത്തി ആസാദിനെ ബിജെപി എംപിയാക്കി. ഇന്ത്യന്‍ ക്രിക്കറ്റ് ടീമംഗമായിരുന്ന കീര്‍ത്തിക്കു പിന്നാലെ ഇന്ത്യന്‍ ജഴ്‌സി അഴിച്ചുകളയിച്ച് നവജ്യോത് സിദ്ധു എന്ന വായാടി ക്രിക്കറ്ററും ബിജെപി എംപിയായി. സിനിമാതാരങ്ങളെയാകട്ടെ അടക്കം കൊല്ലി വലകളിട്ടാണ് ബിജെപി തൂത്തുവാരിയത്. ഹേമമാലിനി, ശത്രുഘ്‌നന്‍സിന്‍ഹ, വിനോദ് ഖന്ന തുടങ്ങി സീരിയല്‍ നടി സ്മൃതി ഇറാനി വരെ ബിജെപിയുടെ ചൂണ്ടയില്‍ കൊത്തി പാര്‍ലമെന്റിലെത്തി. പക്ഷേ ഇത്തരം ഗണത്തില്‍പ്പെട്ടവര്‍ പാര്‍ലമെന്റ് നടപടികളില്‍ അദൃശ്യരായിരുന്നു. കുടിച്ച വെള്ളത്തില്‍ വിശ്വസിക്കാന്‍ കൊള്ളാത്തവരാണ് തങ്ങളെന്ന് സ്വയം പ്രഖ്യാപനം നടത്തി ഇവരില്‍ പലരും മറുകണ്ടം ചാടുകയും ചെയ്തു. കീര്‍ത്തി ആസാദും ശത്രുഘ്‌നന്‍സിന്‍ഹയും അസ്ലാം ഷെര്‍ഖാനും കളം മാറിയ പ്രതിഭകള്‍.

കേരളത്തിലാണെങ്കില്‍ സിനിമക്കാരെ നിയമസഭകളിലേക്കോ പാര്‍ലമെന്റിലോ സ്ഥാനാര്‍ഥികളാക്കുമ്പോള്‍ അവരുടെ രാഷ്ട്രീയ പശ്ചാത്തലം കൂടി കണക്കിലെടുത്തിട്ടുണ്ടെന്ന കാര്യം പരിഗണിക്കാതെ വയ്യ. ഇക്കാര്യത്തില്‍ കന്നിക്കാരന്‍ രാമുകാര്യാട്ടായിരുന്നു. ചെമ്മീന്‍ എന്ന അഭ്രകാവ്യത്തിന്റെ നിര്‍മാതാവായ തനി കമ്യൂണിസ്റ്റ്. ലോക്‌സഭാംഗമായ നടന്‍ ഇന്നസെന്റിനുമുണ്ട് രാഷ്ട്രീയപാരമ്പര്യം. ശ്രീമൂലം പ്രജാസഭാംഗമായിരുന്ന കീഴൂട്ട് രാമന്‍പിള്ളയുടെ കൊച്ചുമകനും കേരള രാഷ്ട്രീയത്തിലെ അതികായരിലൊരാളുമായ ആര്‍ ബാലകൃഷ്ണപിള്ളയുടെ മകനുമായ ഗണേഷ്‌കുമാര്‍ ജനിച്ചുവീണു കൈകാലിട്ടടിച്ചത് രാഷ്ട്രീയത്തില്‍. കഴിഞ്ഞ തവണ അദ്ദേഹത്തിന്റെ എതിരാളിയായിരുന്ന ജഗദീഷും മുന്‍ കെഎസ്‌യു നേതാവ്. കൊല്ലത്തു ജയിച്ച മുകേഷാകട്ടെ ഒ മാധവന്‍-വിജയലക്ഷ്മി ദമ്പതിമാരുടെ പുത്രന്‍. മാതാപിതാക്കള്‍ മലയാള നാടകവേദിയിലെ കുലപതികള്‍ മാത്രമല്ല ഒ മാധവന്‍ സിപിഐ നേതാവെന്ന നിലയില്‍ കൊല്ലം വടക്കേവിള പഞ്ചായത്തു പ്രസിഡന്റുമായിരുന്നു. അവിടെയും മുകേഷിന്റെ സ്ഥാനാര്‍ഥിത്വത്തിന് രാഷ്ട്രീയ പാരമ്പര്യത്തിന്റെ പിന്തുണയുണ്ടായിരുന്നു.

മോഹന്‍ലാലിന്റെ കാര്യത്തില്‍ അതുല്യനടനെന്നതിനപ്പുറം അദ്ദേഹത്തിന്റെ രാഷ്ട്രീയപാരമ്പര്യം ചികയുമ്പോഴാണ് ബിജെപിയും ആര്‍എസ്എസും നടത്തുന്ന ഹിതപരിശോധനയുടെ അര്‍ഥശൂന്യത അനാവരണം ചെയ്യപ്പെടുന്നത്. ഹിതപരിശോധനാ ഫലം തട്ടിക്കൂട്ടി ജനം പറയുന്നത് മോഹന്‍ലാല്‍ മത്സരിക്കണമെന്നാണെന്ന കള്ളക്കണക്കാണെങ്കില്‍ ലാലിനെ കയറുകെട്ടി വലിച്ചുകൊണ്ടുവന്ന് സ്ഥാനാര്‍ഥിയാക്കാനാവുമോ. എത്ര വിഡ്ഢികള്‍ അനന്തപുരിയിലുണ്ടെന്നറിയാനുള്ള ഒരു തട്ടിക്കൂട്ടു ഹിതപരിശോധനയല്ലാതെ മറ്റെന്താണ്. ഐ എം വിജയനും രാഷ്ട്രീയ കളത്തിലിറങ്ങി കളിച്ചാല്‍ കേരളാ ബ്ലാസ്റ്റേഴ്‌സിനെപോലെ പതിനെട്ടു നിലയില്‍ പൊട്ടുമെന്നു ബോധ്യമായി. അതുകൊണ്ടാണല്ലോ കെ കരുണാകരന്‍ പൊലീസില്‍ നല്‍കിയ ജോലിയും സ്വല്‍പം കാല്‍പ്പന്തുകളിയും അല്ലറചില്ലറ സിനിമാഭിനയവുംകൊണ്ട് താനങ്ങു കാലം കഴിച്ചോളാമേ എന്ന് ഇന്ത്യന്‍ ഫുട്‌ബോളിലെ ആ കറുത്തമുത്ത് ആര്‍ജവത്തോടെ പറയുന്നത്.

ചാനലുകളില്‍ ഇടയ്ക്കിടെ മിന്നിമറയുന്ന ഒരു പാരമ്പര്യമുണ്ട്. അമ്മയുമൊത്ത് ഒരു ഭവനസന്ദര്‍ശനത്തിനെത്തുന്ന കുട്ടി. അവന്‍ നേരെ കയറിപ്പോയത് വീട്ടിലെ കക്കൂസില്‍. എന്നിട്ട് നെറ്റിചുളിച്ച് കൈവിരല്‍കൊണ്ട് മൂക്കുപൊത്തി ഒരു പ്രഖ്യാപനവും; ‘അമ്മേ ഈ ആന്റിയുടെ ടോയ്‌ലറ്റ് ഛീ’! അതാണ് വളര്‍ത്തുദോഷം. അന്യവീട്ടില്‍ അതിഥിയായി ചെന്ന് കക്കൂസിലെ നാറ്റം കണ്ടുപിടിക്കുന്ന കുട്ടിക്കു വളര്‍ത്തുദേഷമല്ലാതെ മറ്റെന്താണ്. മകരവിളക്കു-മണ്ഡലകാലത്ത് ശബരിമലയിലെത്തിയ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിനും ബിജെപിയുടെ വളര്‍ത്തുദോഷം ശരിക്കുമുണ്ടെന്നു തെളിയിച്ചു. ശബരിഗിരീശനെ ദര്‍ശിക്കുന്നതിനുപകരം കേന്ദ്രമന്ത്രി കണ്ണന്താനം നേരെ പോയത് കക്കൂസുകളില്‍. എന്നിട്ട് ചാനല്‍ പരസ്യത്തിലെ കുട്ടിയെപോലെ ഒരു ഛീ പ്രയോഗവും. ആ മഹാക്ഷേത്രത്തിന്റെ പതിനെട്ടാം പടിക്കു താഴെ നിന്നിട്ട് കണ്ണന്താനത്തിന്റെ കണ്ണിലും മൂക്കിലുമെത്തിയത് ദുര്‍ഗന്ധം മാത്രം.

ഇന്നലെ ശിവഗിരി തീര്‍ഥാടന സര്‍ക്യൂട്ടിന്റെ ഉദ്ഘാടനം നടത്തിയപ്പോഴും തന്റെ താരംതാണ വളര്‍ത്തുദോഷം കണ്ണന്താനം പുറത്തെടുത്തിട്ടു. കേരളം ആവിഷ്‌കരിച്ച ഈ പദ്ധതി അടിച്ചുമാറ്റി കേന്ദ്രത്തിന്റേതാക്കി ഉദ്ഘാടനം ചെയ്ത അദ്ദേഹം ഏഴുതിരിയിട്ട നിലവിളക്കിലെ എല്ലാ തിരികളും സ്വയം കത്തിക്കുകയായിരുന്നു. സാധാരണ ഇത്തരം ചടങ്ങുകളില്‍ ഒരുതിരി കത്തിച്ച ശേഷം മറ്റു തിരികള്‍ കത്തിക്കാനുള്ള ദീപം അടുത്തുള്ള വിശിഷ്ട വ്യക്തികള്‍ക്കു കൈമാറുകയാണ് കീഴ്‌വഴക്കവും മര്യാദയും. അടുത്തുനിന്ന ദേവസ്വം മന്ത്രി കടകംപള്ളിയേയും സ്ഥലം എംപി എ സമ്പത്തിനേയും ശിവഗിരി മഠാധിപതിയെപോലും ഞെട്ടിച്ചുകൊണ്ടു എല്ലാതിരിനാളങ്ങളും കണ്ണന്താനം തന്നെ കത്തിച്ചപ്പോള്‍ സദസ് മനസില്‍ പറഞ്ഞിട്ടുണ്ടാവണം. ‘ഗുരുവേ, ഛീ’ എന്ന്.