Janayugom Online
bjp janayugom

വൃത്തികെട്ട, അപകടകരമായ കളി

Web Desk
Posted on July 01, 2018, 12:20 am

ഓരോ ദിവസം കഴിയുന്തോറും ആര്‍എസ്എസിനാല്‍ നിയന്ത്രിക്കപ്പെടുന്ന നിലവിലുള്ള കേന്ദ്രഭരണത്തിന് അധികാരത്തില്‍ മടങ്ങി വരാന്‍ കഴിയില്ലെന്ന് ബോധ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. 2014‑ല്‍ ബിജെപി അധികാരത്തിലെത്തുന്നതിന് വഴിയൊരുക്കിയ ശക്തികളില്‍ തന്നെ ഈ ചിന്ത ഇന്ന് ശക്തമാണ്. കേന്ദ്രഭരണത്തെ പിന്തുണയ്ക്കുന്ന കോര്‍പ്പറേറ്റുകള്‍ വരെ ഇന്ന് ഭരണകക്ഷിക്ക് എതിരായിരിക്കുന്നു. മോഡി ഗവണ്‍മെന്റിന്റെ പരാജയത്തെക്കുറിച്ച് കോര്‍പ്പറേറ്റുകളാല്‍ നിയന്ത്രിക്കപ്പെടുന്ന മാധ്യമങ്ങള്‍ക്കും ബോധ്യം വന്നിരിക്കുന്നു. മോഡി ഗവണ്‍മെന്റിന്റെ അഴിമതിയെക്കുറിച്ചും സംഘ്പരിവാര്‍ ശക്തികളുടെ നെറികെട്ട പ്രവൃത്തികളെപ്പറ്റിയും അവര്‍ക്ക് ബോധ്യമുണ്ട്. ഭരണത്തെ നിയന്ത്രിക്കുന്ന നരേന്ദ്രമോഡിയും അമിത്ഷായും അടക്കമുള്ള ബിജെപി നേതൃത്വം നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കൊപ്പം ലോക്‌സഭാ തെരഞ്ഞെടുപ്പ് നേരത്തെ നടത്തിയാലും തങ്ങള്‍ക്ക് രക്ഷയില്ലെന്ന യാഥാര്‍ഥ്യം തിരിച്ചറിയുന്നു. നിയമസഭയിലേക്കും ലോക്‌സഭയിലേക്കും ഒരേ സമയം തെരഞ്ഞെടുപ്പ് എന്ന മുദ്രാവാക്യം ഉയര്‍ത്തുന്നത് ലോക്‌സഭ തെരഞ്ഞെടുപ്പ് നേരത്തെയാക്കാന്‍ വേണ്ടിയാണ്. മധ്യപ്രദേശം, രാജസ്ഥാന്‍, ഛത്തിസ്ഗഡ് എന്നീ മൂന്ന് സംസ്ഥാനങ്ങളില്‍ രണ്ടിടത്തെങ്കിലും വിജയിച്ചില്ലെങ്കില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ ബിജെപിക്ക് പ്രയാസപ്പെടേണ്ടിവരും.
നോട്ടുനിരോധനത്തിന്റെ മറവില്‍ ബിജെപി നേതാക്കള്‍ വാരിക്കൂട്ടിയ കള്ളപ്പണവും പാര്‍ട്ടി ദേശീയ പ്രസിഡന്റ് അമിത് ഷാ അടക്കമുള്ള ബിജെപി നേതാക്കള്‍ നേതൃത്വം നല്‍കുന്ന സഹകരണബാങ്കുകള്‍ നടത്തിയ വന്‍ അഴിമതിയും ബിജെപി നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കിയിരിക്കുന്നു. തങ്ങളുടെ ‘ഹിന്ദുത്വ അജന്‍ഡ’ വോട്ടര്‍മാര്‍ക്കിടയില്‍ സ്വാധീനം ചെലുത്തില്ലെന്ന് അവര്‍ക്ക് ബോധ്യമുണ്ട്. ദേശീയതയെ തകര്‍ക്കുന്ന ബിജെപി നിലപാടുകളും തുറന്നുകാട്ടപ്പെടുന്നു. ഏറ്റവും ഒടുവില്‍ കശ്മീരില്‍ ഉണ്ടായ സംഭവവികാസങ്ങളും അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന പ്രചാരണവും ഈ തിരിച്ചറിവില്‍ നിന്നാണ്.
രാജ്യത്തിന്റെ ഐക്യത്തിന് ഏറ്റ ഏറ്റവും അപകടകരമായ നീക്കമാണ് കശ്മീരില്‍ ഉണ്ടായത്. പിഡിപിയുമായി ചേര്‍ന്ന് ഗവണ്‍മെന്റുണ്ടാക്കാന്‍ ബിജെപി മൂന്ന് വര്‍ഷം മുമ്പെടുത്ത തീരുമാനത്തിന് ഒരു ന്യായീകരണവുമുണ്ടായിരുന്നില്ല. എല്ലാ വിഷയങ്ങളിലും ഇരുപാര്‍ട്ടികളും എതിര്‍ദിശയിലായിരുന്നു. ദേശവിരുദ്ധവും വിഘടനവാദപരവുമായ ബിജെപി നിലപാടുകളുമായി പിഡിപിക്ക് യോജിക്കാന്‍ കഴിയുമായിരുന്നില്ല. കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള സൈന്യവും സുരക്ഷിതസേനയും എന്‍എസ്എ ചീഫ് അജിത്‌ഡോവലിന്റെ ജനങ്ങളെ അടിച്ചൊതുക്കുക എന്ന നയം നടപ്പിലാക്കുകയായിരുന്നു. ജനങ്ങള്‍ക്ക് അവരുടെ അഭിപ്രായം പറയാനുള്ള അവസരമുണ്ടായില്ല. ഈ നയം കശ്മീരില്‍ അനിശ്ചിതത്വം വളര്‍ത്തി. പുതിയ സ്ഥിതിവിശേഷം കശ്മീരിലെ സ്ഥിതി കൂടുതല്‍ വഷളാക്കും. തങ്ങളുടെ വര്‍ഗീയ‑ഫാസിസ്റ്റ് നിലപാടുകളെ ദേശീയതയുമായി ബന്ധപ്പെടുത്തുന്നത് ഇരുതലമൂര്‍ച്ചയുള്ള ആയുധമാണ്.
ഗവണ്‍മെന്റിനുള്ള പിന്തുണ പിന്‍വലിക്കാന്‍ ബിജെപി കണ്ടെത്തിയത് രണ്ട് കാരണങ്ങളാണ്. ക്രമസമാധാന നില തകര്‍ക്കുന്ന നിലപാടുകളാണ് പിഡിപി സ്വീകരിക്കുന്നത്; മുസ്‌ലിങ്ങളല്ലാത്തവര്‍ ഭൂരിപക്ഷമായുള്ള ജമ്മുവിനോടും ലഡാക്കിനോടും കാട്ടുന്ന വിവേചനനയം. ജമ്മുകശ്മീര്‍ വിഷയത്തെ ദേശീയമായും പ്രാദേശികമായും വര്‍ഗീയവല്‍ക്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഇത്. വരാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ കശ്മീര്‍ വിഷയം ബിജെപിയുടെ പ്രധാന പ്രചാരണ വിഷയമായിരിക്കും.
പിന്തുണ പിന്‍വലിക്കാനുള്ള ആര്‍എസ്എസ് ബുദ്ധിജീവികളുടെ ന്യായവാദങ്ങള്‍ അപകടകരമാണ്. തങ്ങളുടേത് ദേശീയത സംരക്ഷിക്കുന്ന നയമാണെന്ന സംഘപരിവാറിന്റെ അവകാശവാദങ്ങള്‍ പൊളിയുകയാണ്; സംഘപരിവാറിന്റേത് ദേശവിരുദ്ധനയങ്ങളാണെന്ന് അനുദിനം ബോധ്യപ്പെട്ടുകൊണ്ടിരിക്കുന്നു. തങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്‍ തന്നിഷ്ടം പോലെ നടപ്പിലാക്കാന്‍ പട്ടാളത്തിനും സുരക്ഷാ ഉദേ്യാഗസ്ഥര്‍ക്കും ലൈസന്‍സ് നല്‍കിയിരിക്കുകയാണ്. അപകടകരമായ ഒരു സ്ഥിതിയാണ് കശ്മീരില്‍ വളര്‍ന്നുവരുന്നത്. കശ്മീര്‍ പ്രശ്‌നത്തിന് ശാശ്വതപരിഹാരം കാണാന്‍ ബിജെപിക്ക് ആഗ്രഹമില്ല. കശ്മീര്‍ പ്രശ്‌നത്തെ വെറും ക്രമസമാധാനപ്രശ്‌നമായിട്ടാണ് അധികാരം പങ്കിട്ട മൂന്ന് വര്‍ഷങ്ങളിലും ബിജെപി കണ്ടത്. കശ്മീരില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കാനേ ഗവര്‍ണര്‍ ഭരണം ഉപകരിക്കൂ.
കശ്മീര്‍ പ്രശ്‌നത്തെ ഒരു രാഷ്ട്രീയ വിഷയമായി കണ്ട് പ്രശ്‌നപരിഹാരത്തിനുള്ള ശ്രമമാണ് ഇന്ന് വേണ്ടത്. കശ്മീര്‍ താഴ്‌വരയില്‍ ജനങ്ങളുടെ മൗലികാവകാശം നിഷേധിക്കാന്‍ അനുവദിച്ചുകൂടാ.
കശ്മീരിലെ ഇന്നത്തെ അപകടകരമായ സ്ഥിതിവിശേഷം ജനങ്ങളോട് വിശദീകരിക്കാന്‍ ഒട്ടും വൈകിച്ചുകൂടാ. ആര്‍എസ്എസിന്റെ നീക്കങ്ങള്‍ തുറന്നുകാട്ടപ്പെടണം; അതിനെതിരായി പ്രതിരോധനിര വളര്‍ത്തണം.